Article

ഭാഷകളും സാമൂഹ്യ സമരസതയും

Published by

ലോക മാതൃഭാഷാ ദിനമായിരുന്നു ഇന്നലെ. ഫെബ്രു. 24 ലോകവിദ്യാഭ്യാസ ദിനവും. ഭാഷാ സമന്വയത്തിലൂടെയാണ് സാമൂഹ്യസമരസത കൈവരിക്കാന്‍ കഴിയൂ. തലമുറകളെ അറിയുന്നതിനുള്ള സ്തംഭമാണ് ബഹുഭാഷാ വിദ്യാഭാസം. ഇത്തരം ആശയങ്ങള്‍ മുന്‍നിര്‍ത്തി ഭാഷകളേയും സംസ്‌കാരത്തേയും ചേര്‍ത്തുവയ്‌ക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. മാതൃഭാഷ മുഖ്യമായും, സംസ്‌കൃതം ഉപഭാഷയുമായുള്ള സാംസ്‌കാരിക വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്കുകയാണ് വേണ്ടത്. അമൃതഭാരതി വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലാണ്.

ഭാരത ഭരണഘടനയിലെ എട്ടാം പട്ടികയിലെ 22 ദേശീയ ഭാഷകളില്‍ ഒന്നാണ് സംസ്‌കൃതം. ഭാരതത്തിലെ ഔദ്യോഗിക ഭാഷയാവേണ്ടത് സംസ്‌കൃതമാണെന്ന് വാദിച്ചത് സ്വതന്ത്ര ഭാരതത്തിലെ നിയമമന്ത്രിയും ഭരണഘടനാ ശില്‍പിയുമായിരുന്ന ഡോ. ബി.ആര്‍.അംബേദ്കറായിരുന്നു. നസുറുദ്ദീന്‍ അഹമ്മദ്, പണ്ഡിറ്റ് ലക്ഷ്മി കാന്ത് മിശ്ര, മദ്രാസില്‍ നിന്നുള്ള കല്ലൂര്‍ സുബ്ബറാവു, കേശവ റാവു, ഡി.ഗോവിന്ദ ദാസ്, പി.സുബ്ബരായന്‍, വി. സുബ്രഹ്മണ്യന്‍, ദാക്ഷായണി വേലായുധന്‍ തുടങ്ങിയ പ്രമുഖര്‍ ഈ നിര്‍ദേശത്തെ പിന്‍താങ്ങുകയും ചെയ്തു. എന്നാല്‍ ദളിത് നേതാവായ ബി.പി. മൗര്യയുടെ വിയോജിപ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം താന്‍ ഇതിലൂടെ രാജ്യത്തോട് ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് മൗര്യ തന്നെ ഏറ്റുപറഞ്ഞിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദ് നിയോഗിച്ച 1957 ലെ സംസ്‌കൃത വിദ്യാഭ്യാസ കമ്മീഷനാണ് ഈ ഭാഷ ജനജീവിതവുമായി ഇഴപിരിയാനാവാത്ത വിധം ബന്ധപ്പെട്ടതാണെന്ന് വിശദീകരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഔദ്യോഗിക രേഖയാണത്. ഭാരതീയ വിജ്ഞാനം, കലാ, സാഹിത്യം, മാനവശേഷി വിഭവവികസനം, ദേശീയോദ്ഗ്രഥനം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ കാര്യങ്ങളില്‍ വിലപ്പെട്ട സംഭാവനകളാണ് സംസ്‌കൃത ഭാഷയിലെ വിവിധ വിജ്ഞാന ശാഖകള്‍ നല്‍കുന്നതെന്ന് അതില്‍ വിശദീകരിക്കുന്നുണ്ട്. ഈ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ബജറ്റില്‍ തുക വകകൊള്ളിച്ചത്. തുടര്‍ന്ന് സംസ്‌കൃത സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, പഠന വകുപ്പകള്‍ എന്നിവ നിലവില്‍ വന്നു. സംസ്‌കൃത പഠനം ഓരോ പൗരന്റേയും മൗലികാവകാശമാണെന്ന് പല വിധിന്യായങ്ങളില്‍ സുപ്രീം കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്‌കൃത ഭാഷയില്‍ പ്രതിപാദിക്കുന്ന 18 വിദ്യകളും 64 കലകളും സ്വാധീനം ചെലുത്താത്ത ഒരു ഭാഷയും ഭാരതത്തിലില്ല. ലോകോത്തര ചിന്തകന്മാരെ പോലും സ്വാധീനിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന വിജ്ഞാന ശാഖയാണ് സംസ്‌കൃതം. പ്രത്യേകിച്ച് ആയൂര്‍വേദം, യോഗ, വാസ്തുവിദ്യ, ഗണിതം തുടങ്ങിയവ. ഉപനിഷത്തുക്കള്‍ നല്‍കുന്ന ഏകതയുടെ സന്ദേശം ലോകത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കാന്‍ പര്യാപ്തമാണെന്ന തിരിച്ചറിവ് ലോകത്തെ ബോധ്യപ്പെടുത്തിയത് സ്വാമി വിവേകാനന്ദനാണ്. ലോകത്തിലെ ധിഷണാശാലികളെ സ്വാധീനിച്ച വിശ്വമഹാകവി കാളിദാസന്‍, നാട്യകലാ കുലപതി ഭരതമുനി, സുശ്രുതന്‍,. മഹര്‍ഷി പാണിനി, മഹര്‍ഷി പതഞ്ജലി തുടങ്ങിയ ആചാര്യന്മാരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഭാരതത്തില്‍ ഉദയം ചെയ്ത ഭാഷകളുടെ വളര്‍ച്ചയിലും വികസനത്തിലും സംസ്‌കൃതത്തിന്റെ പങ്ക് വ്യക്തമാണ്. ഭാരതത്തിലെ ആയിരത്തിലേറെ വരുന്ന ഭാഷകളിലെ കല, ദര്‍ശനം, ശാസ്ത്രം എന്നിവ വളരുന്നതിനും വികസിക്കുന്നതിനും സഹായമായി നില്‍ക്കുന്നത് മറ്റൊന്നല്ല. അതുകൊണ്ടാണ് നമ്മുടെ മൂര്‍ത്തവും അമൂര്‍ത്തവുമായ പൈതൃകത്തിന്റെ രക്ഷയ്‌ക്ക് മാതൃഭാഷയോടൊപ്പം സംസ്‌കൃതത്തിലുള്ള അറിവ് കൂടി ആവശ്യമാണെന്ന കാര്യം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രാദേശിക ഭാഷകളില്‍ സംസ്‌കൃത വിജ്ഞാനത്തിന്റെ സ്വാധീനം കൂടുതലുള്ളത് തമിഴിലാണ്. അതുകൊണ്ടാണ് ഏറ്റവും സമ്പന്നമായ പാരമ്പര്യം തമിഴിലാണെന്ന് പറയുന്നത്. തമിഴിലെ പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന തിരുക്കുറല്‍, തിരുവാചകം, തിരുമന്ത്രം എന്നീ കൃതികള്‍ മാത്രം നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകും. ശിവയോഗിമാരായ നായന്മാരുടേയും വൈഷ്ണവ സമ്പ്രദായത്തില്‍ വരുന്ന ആഴ്‌വാര്‍മാരുടേയും ഭക്തിപാടലുകളില്‍ നിറഞ്ഞിരിക്കുന്നതും ആഗമ തത്ത്വങ്ങളാണ്. ഇവ ഉപനിഷത്തുകളിലും, യോഗശാസ്ത്രത്തിലും തന്ത്രശാസ്ത്രത്തിലും പ്രതിപാദിക്കുന്ന വിഷയങ്ങള്‍ തന്നെയാണ്. അവയെല്ലാം സനാതനമായ നിത്യസത്യങ്ങളാണ്.

അതുകൊണ്ടാണ് മനോമണിയം സുന്ദരന്‍ പിള്ള രചിച്ച തമിഴ് തായ് വാഴ്‌ത്തില്‍ ഭാരതഖണ്ഡത്തിന്റെ ഭാഗമായ സമ്പന്നമായ തമിഴ്‌നാടിനെ വാഴ്‌ത്തുന്നത്. ഇതുപോലെ തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ ഭാരതത്തിന്റെ സനാതന സംസ്‌കൃതിയുടെ പ്രതീകമായ ക്ഷേത്ര ഗോപുരവുമുണ്ട്. ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിന്റേതാണത്. മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന സംസ്‌കൃത വാക്യത്തിന്റെ മൊഴിമാറ്റമായ വായ്മയേ വെല്ലും എന്നും ചേര്‍ത്തിട്ടുണ്ട്. തമിഴ്‌നാടും ഭാരതവുമായുള്ള ജൈവികവും ആത്മീയവുമായ ബന്ധത്തെ വെളിവാക്കുന്നതാണിതെല്ലാം.

(അമൃതഭാരതി വിദ്യാപീഠം അധ്യക്ഷനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by