Cricket

രഞ്ജി ട്രോഫി: കാത്തിരിപ്പിന്റെ 74 വര്‍ഷങ്ങള്‍

Published by

കേരളം എല്ലാക്കാര്യത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍, കായികത്തില്‍ ഭാരതത്തിന്റെ ആത്മാവായി കരുതപ്പെടുന്ന ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കേരളത്തിനായിട്ടില്ല എന്നതാണ് വാസ്തവം. എസ്. ശ്രീശാന്തും ടിനു യോഹന്നാനും ഒടുവില്‍ സഞ്ജു സാംസണുമൊക്കെ ഇന്ത്യന്‍ ടീമിലെത്തിയെന്നതുമാത്രമാണ് നമ്മുടെ തിളക്കമാര്‍ന്ന സംഭാവനകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പും ഭാരത ക്രിക്കറ്റിന്റെ ബഡിങ് താരങ്ങളെ സംഭാവനചെയ്യുന്നതുമായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞ 74 വര്‍ഷത്തെ കേരളചരിത്രത്തിന് അത്ര കീര്‍ത്തിയുണ്ടായിരുന്നില്ല. എന്നാല്‍, 2024-25 സീസണ്‍ പൂര്‍ത്തിയാകുന്നതോടെ കേരള ക്രിക്കറ്റ്, ഭാരതക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ മാറ്റേറുന്ന ഇടം കണ്ടെത്തുമെന്നുറപ്പ്. കേരളം രഞ്ജി ട്രോഫിയില്‍ നടാടെ ഫൈനലിലെത്തിയിരിക്കുന്നു. ഇത് പുതു ചരിത്രം. കേരളത്തിനും ക്രിക്കറ്റില്‍ വലിയ സ്വപ്നങ്ങള്‍ കാണാനാകുമെന്ന് ഉറപ്പിക്കുന്ന മുന്നേറ്റം.

തുടക്കം തോല്‍വികളുടെ പരമ്പര

കേരളം കഴിഞ്ഞ 74 വര്‍ഷമായി കാത്തിരുന്ന മുഹൂര്‍ത്തമാണിത്. ഇക്കാലയളവില്‍ 352 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചു. പ്രതിഭയുടെ മി്ന്നലാട്ടങ്ങളുമായി അനന്തപദ്മനാഭനും സുനില്‍ ഒയാസിസും ശ്രീശാന്തും ടിനു യോഹന്നാനും ശ്രീകുമാര്‍ നായരും ഫിറോസ് വി. റഷീദും റൈഫി വിന്‍സന്റ് ഗോമസും പ്രശാന്ത് പരമേശ്വരനുമടക്കം കുറെപ്പേര്‍ വന്നുപോയി. എന്നാല്‍, ഒരു ടീമെന്ന നിലയില്‍ ഇത്രത്തോളം കെട്ടുറപ്പും ഒത്തണക്കവും പ്രകടിപ്പിച്ച ടീമിനെ ഒരുപക്ഷേ നാം കണ്ടിട്ടുണ്ടാവില്ല. വ്യക്തിഗത പ്രകടനങ്ങള്‍ക്കപ്പുറം ഒരു ടീമെന്ന നിലയില്‍ കേരളം നിറഞ്ഞുനിന്നു.

കേരളമാകുന്നതിനുമുമ്പ് തിരുവിതാംകൂര്‍-കൊച്ചി ടീം എന്ന നിലയിലായിരുന്നു നാം ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നത്. കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ല്‍ ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങി. എന്നാല്‍, ദയനീയമായിരുന്നു പ്രകടനം. സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രയ്‌ക്കും ഹൈദരാബാദിനുമെതിരേയായിരുന്നു കേരളത്തിന്റെ അരങ്ങേറ്റ മത്സരങ്ങള്‍. എല്ലാത്തിലും തോല്‍വിയായിരുന്നു ഫലം.

പിന്നീട് നിരന്തര തോല്‍വികള്‍. ഒടുവില്‍ 1959-60 സീസണില്‍ ആന്ധ്രപ്രദേശിനെതിരേ നാലാം വിക്കറ്റില്‍ ബാലന്‍ പണ്ഡിറ്റ് എന്ന കൂനമ്മാവുകാരനും ജോര്‍ജ് ഏബ്രഹാമും ചേര്‍ന്ന് 410 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി കേരളത്തിന്റെ പേര് അടയാളപ്പെടുത്തി. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. അതുപോലെ ബാലന്‍ പണ്ഡിറ്റ് ആന്ധ്രപ്രദേശിനെതിരേ പുറത്താകാതെ നേടിയ 262 റണ്‍സ് 2007-2008 സീസണ്‍ വരെ രഞ്ജിയിലെ കേരളത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. എന്നാല്‍, പിന്നീടുള്ള നാല് പതിറ്റാണ്ടുകളില്‍ കേരളം ഭാരതക്രിക്കറ്റിന്റെ പിന്നാമ്പുറത്തായിരുന്നു. അതിനൊരു മാറ്റവുമായി വന്നത് അനന്തപദ്മനാഭന്‍ എന്ന സ്പിന്നര്‍ നായകനായിരുന്നു. 1994-95ല്‍ കെ. എന്‍. അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തി. പിന്നീട് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലിറങ്ങിയ കേരളം 1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 2002-2003ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.

എന്നാല്‍, അതുവരെയുള്ള നേട്ടങ്ങളെയൊക്കെ പിന്നിലാക്കി 2017-18 സീസണില്‍ കേരളം ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിക്കൊണ്ടായിരുന്നു കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. തൊട്ടടുത്ത സീസണില്‍ അതായത് 2018-2019ല്‍ രഞ്ജിയില്‍ നടാടെ സെമിയിലെത്താനും കേരളത്തിനായി. ഇതോടെ ദേശീയ തലത്തില്‍ കേരള ക്രിക്കറ്റിന്റെ പ്രസക്തി വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് അത്രമികച്ചതായിരുന്നില്ല. എന്നാല്‍, അതിന്റെ എല്ലാ കേടും തീര്‍ത്ത് ഇപ്പോഴിതാ ഫൈനലില്‍.

ഭാരതത്തിനായി ടെസ്റ്റ് കളിച്ച കേരള താരങ്ങള്‍
ടിനു യോഹന്നാന്‍ (2001)
ശാന്തകുമാരന്‍ ശ്രീശാന്ത് (2006)

ഏകദിനം കളിച്ച താരങ്ങള്‍
ശ്രീശാന്ത് (2006)
സഞ്ജു സാംസണ്‍ (2021)

ടി20 കളിച്ചവര്‍
ശ്രീശാന്ത്
സഞ്ജു സാംസണ്‍
സന്ദീപ് വാര്യര്‍ (2021)

രഞ്ജിയില്‍ കളിച്ച മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖര്‍
സുജിത് സോമസുന്ദര്‍ (1996)
സദഗോപ്പന്‍ രമേശ് (1999)
റോബിന്‍ ഉത്തപ്പ (2006)
ജലജ്് സക്സേന (2029)
ആദിത്യ സര്‍വാതെ(2024)

ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖര്‍:
അജയ് വര്‍മ്മ
അജയ് കുഡുവ
ആന്റണി സെബാസ്റ്റ്യന്‍
ബി. രാംപ്രകാശ്
ബാലന്‍ പണ്ഡിറ്റ്
ബേസില്‍ തമ്പി
ഫിറോസ് വി റഷീദ്
കേളപ്പന്‍ തമ്പുരാന്‍
കെ.എന്‍. അനന്തപത്മനാഭന്‍
കെ ജയരാമന്‍
പദ്മനാഭന്‍ പ്രശാന്ത്
പ്രശാന്ത് പരമേശ്വരന്‍
റൈഫി വിന്‍സന്റ് ഗോമസ്
രോഹന്‍ പ്രേം
സച്ചിന്‍ ബേബി
സോണി ചെറുവത്തൂര്‍
ശ്രീകുമാര്‍ നായര്‍
സുനില്‍ ഒയാസിസ്
തോമസ് മാത്യു
വി.എ. ജഗദീഷ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by