കേരള ക്രിക്കറ്റ് ടീം ഇന്ന് ആഘോഷിക്കുന്ന വിജയഗാഥ വിരുന്നുകാരായെത്തി വീട്ടുകാരായി മാറിയവരുടെ കൂടിയാണ്. കേരള ക്രിക്കറ്റ് ടീമില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന മധ്യപ്രദേശ് താരം ജലജ് സക്സേന, സെമിയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ആദിത്യ സര്‍വാതെ, എല്ലാത്തിനുമുപരി മുന്‍ ഇന്ത്യന്‍ താരവും കേരളത്തിന്റെ പരിശീലകനുമായ അമയ് ഖുറെയ്സിയ. ഇവര്‍ മൂവരും കൂടി തുന്നിച്ചേര്‍ത്ത ചരിത്രമാണ് കേരളത്തിന്റേത്. മുമ്പും കേരളനിരയില്‍ ഇടംപിടിച്ച അന്യസംസ്ഥാന താരങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളായ സദഗോപന്‍ രമേശ്, റോബിന്‍ ഉത്തപ്പ, ബി. രാംപ്രകാശ്, സുജിത്ത് സോമസുന്ദരം എന്നിവരൊക്കെ അതില്‍ ചിലരാണ്. അവര്‍ക്ക് സാധിക്കാത്തതാണ് ഈ മൂവരും ചേര്‍ന്ന് കേരളത്തിനു വേണ്ടി സാധിച്ചത്.
കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തിന്റെ സ്വന്തം ‘വിദേശി’യാണ് ജലജ് സക്സേന. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഏറെ യോഗ്യതയുണ്ടായിട്ടും ആ ഭാഗ്യം ലഭിക്കാതെ പലരില്‍ പ്രമുഖന്‍. ജലജിന്റെ കൂടെയും എതിരാളിയുമൊക്കെയായി കളിച്ച രോഹിത് ശര്‍മ, ശിഖര്‍ ധവന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, മനോജ് തിവാരി, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ശര്‍മ, അശോക് ദിന്‍ഡ എന്നിവരൊക്കെ ഇന്ത്യന്‍ ചീമിന്റെ ഭാഗമായി.
മലയാളികള്‍ക്ക് ഒരിക്കല്‍പ്പോലും ജലജ് അന്യസംസ്ഥാനക്കാരനല്ല. മറിച്ച് മലയാളി തന്നെയാണ്. കാരണം കേരളത്തിന്റെ മുന്നേറ്റങ്ങളിലൊക്കെ ജലജിന്റെ കൈയൊപ്പുകൂടിയുണ്ട്. രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും 400 വിക്കറ്റും തികച്ച ആദ്യ ക്രിക്കറ്ററാണ് ജലജ് സക്സേന. ഇപ്പോള്‍ 7000 റണ്‍സും 478 വിക്കറ്റുമായിക്കഴിഞ്ഞു. ഓപ്പണിങ് മുതല്‍ ഏത് റോളിലും കളിക്കാനാവുന്ന ബാറ്റരാണ് ജലജ്. ഫസ്റ്റ് ക്ലാസ് കരിയറില്‍ പത്ത് വട്ടം പത്തു വിക്കറ്റ് നേട്ടവും, 34 വട്ടം അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ജലജ്, ഫൈനലില്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ട് തനനെയാണ്. കഠിനാധ്വാനിയും തന്‍ഖെ കഴിവില്‍ ഏറെ വിശ്വാസവുമുള്ള ജലജ് ഗുജറാത്തിനെതിരേയ മത്സരത്തിലെ ഒരൊറ്റ ഇന്നിങ്സില്‍ എറിഞ്ഞത് 71 ഓവറാണ്. 149 റണ്‍സ് വഴങ്ങി. നേടിയതോ നാല് വിക്കറ്റുകള്‍. ഈ പ്രകടനം കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായി.കേരളം ലീഡ് നേടുന്നതില്‍ നിര്‍ണായകമായ 37 റണ്‍സും ജലജ് സ്വന്തമാക്കി.
സര്‍വതും ആദിത്യ
ആദിത്യ സര്‍വാതെ ഒറ്റ ദിവസം കൊണ്ടാണ് മലയാളികളുടെ ഹീറോ ആയത്. സെമി ഫൈനലിന്റെ അവസാന ദിവസം കേരളത്തിനു പ്രതിരോധിക്കാന്‍ വെറും 28 റണ്‍സിയിരുന്നു ഉണ്ടായിരുന്നത്. പോയതാകട്ടെ, ഏഴ് വിക്കറ്റും. ഗുജറാത്തിനെപ്പോലെ ഒരു ടീം അത് അനായാസം മറികടക്കുമെന്ന് കേരള ക്രിക്കറ്റിന്റെ ആരാധകര്‍ പോലും വിശ്വസിച്ചു. എന്നാല്‍, ഗുജറാത്തിന്റെ ശേഷിച്ച മൂന്ന് വിക്കറ്റും എറിഞ്ഞിട്ട് അത്യന്തം നാടകീയമായി കേരളത്തിന് ഫൈനല്‍ പ്രവേശനം സാധ്യമാക്കി സര്‍വാതെ തിളങ്ങി. കേരളത്തിന്റെ അതിഥി സംസ്ഥാനക്കാര്‍ മാത്രം നേടിയത് ഏഴ് വിക്കറ്റുകളാണ്. ഫൈനലില്‍ കേരളം ഇറങ്ങുമ്പോള്‍ എതിരാളികള്‍ വിദര്‍ഭയാണ്. വിദര്‍ഭയാകട്ടെ, ആദിത്യയുടെ ഹോം ടീമാണ്. ഹോം ടീമിനെതിരേ ആദിത്യയുടെ പ്രകടനം കാണാനൊരുങ്ങുകയാണ് ആരാധകര്‍.
ഇടങ്കയ്യന്‍ സ്പിന്നറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായ സര്‍വാതെ 68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ രണ്ടായിരത്തിലധികം റണ്‍സും 303 വിക്കറ്റും നേടിക്കഴിഞ്ഞു. ഇതില്‍ രണ്ട് സെഞ്ചുറിയും 12 അര്‍ധ സെഞ്ചുറികളും മൂന്ന് പത്ത് വിക്കറ്റ് നേട്ടങ്ങളും 21 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടുന്നു.
അമെയ്സിങ് ഖുറേസിയ
എം. വെങ്കട്ടരമണയുമായുള്ള കരാര്‍ അവസാനിച്ചതോടെ കേരളം പുതിയ പരിശീലകനെ അന്വേഷിച്ചുതുടങ്ങി. ഓസ്‌ട്രേലിയയുടെ ബൗളറായിരുന്ന ഷോണ്‍ ടെയ്റ്റ് ഉള്‍പ്പെടെ പത്തിലേറെപ്പേരുടെ അപേക്ഷയില്‍നിന്നാണ് ഖുറേസിയയെ കേരള പരിശീലകനായി നിയമിച്ചത്. ആദ്യ സീസണില്‍ത്തന്നെ രഞ്ജി സെമിയിലെത്തിച്ച് ഖുറേസിയ വിശ്വാസം കാത്തു. 12 ഏകദിന മത്സരങ്ങള്‍ മാത്രം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് അമയ് ഖുറേസിയയുടേത്. എന്നാല്‍, കേരള ക്രിക്കറ്റ് പ്രേമികള്‍ ഇനി അദ്ദേഹത്തെ ഓര്‍ക്കുക, നമ്മുടെ ടീമിനെ ആദ്യമായി ഫൈനലിലെത്തിച്ച കോച്ച് എന്ന നിലയിലായിരിക്കും.
ശ്രീലങ്കയെ ലോക ചാംപ്യന്‍മാരാക്കിയ ഡേവ് വാട്ട്മോറിനു കീഴിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. എന്നാല്‍, അന്നത്തെ മുന്നേറ്റം അവിടെ അവസാനിച്ചു. ഇത്തവണ ഒരു പടി കൂടി കടന്ന്, ടീമിനെ ഫൈനല്‍ വരെയെത്തിച്ചു കഴിഞ്ഞു ഖുറേസിയ. 1999 ലോകകപ്പ് ടീമിലുണ്ടായിരുന്നത് ഒഴിച്ചാല്‍ ഖുറേസിയയുടെ അന്താരാഷ്‌ട്ര കരിയര്‍ വളരെ മോശമായിരുന്നു. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാരനായും പരിശീലകനായും മികച്ച പ്രകടനം പുറത്തെടുത്തു. കളത്തിലും പുറത്തും വളരെ അച്ചടക്കത്തോടെയും കാര്‍ക്കശ്യത്തോടെയും പെരുമാറുന്നയാളാണ് ഖുറേസിയ. പരിശീലനത്തില്‍ മികവു പുറത്തെടുക്കുന്നവര്‍ക്കു മാത്രം അവസരം നല്‍കി. സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്റുദ്ദീന്‍, എം.ഡി. നിധീഷ് തുടങ്ങിയവരെ നിരന്തരം പ്രോത്സാഹിപ്പിച്ചതിന്റെ ഫലം കൂടിയാണ് ഈ നേട്ടം.
ചരിത്രം പിറന്ന 175-ാം ഓവര്‍
കേരളത്തിനെതിരെ ഗുജറാത്തിന്റെ ആദ്യ ഇന്നിങ്‌സ് 175-ാം ഓവറിലെത്തിയപ്പോഴാണ് ആ ചരിത്ര മുഹൂര്‍ത്തം പിറന്നത്. ആദിത്യ സര്‍വാതെ എറിഞ്ഞ ആ ഓവറിലെ നാലാം പന്തില്‍ ഗുജറാത്തിന്റെ പത്താമന്‍ അര്‍സാന്‍ നഗസ്വല്ലയെ(10) കേരള നായകന്‍ സച്ചിന്‍ ബേബി പിടികൂടി. ആതിഥേയരായ ഗുജറാത്ത് 455ല്‍ ഓള്‍ ഔട്ട്. രണ്ട് റണ്‍സ് ലീഡുമായി കേരളം ചരിത്രത്തില്‍ ആദ്യ ഫൈനല്‍ പ്രവേശം സാധ്യമാക്കി. മുന്നേറ്റം ഉറപ്പിക്കാന്‍ മത്സരം തീരുകയെന്ന സാങ്കേതികത മാത്രമേ പിന്നെ വേണ്ടിവന്നുള്ളൂ. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ സമനിലയില്‍ പിരിയുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു റണ്‍സ് ലീഡ് ആണ് നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക