തൃക്കാക്കര: കാക്കനാട് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് കമ്മീഷണറേറ്റിലെ അഡീ. കമ്മീഷണര്‍ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (42) എന്നിവരെ തൂങ്ങി മരിച്ച നിലയിലും അമ്മ ശകുന്തള അഗര്‍വാളി (82) നെ കിടക്കയില്‍ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം സ്വന്തം കിടപ്പുമുറിയിലും ശാലിനിയുടേത് അടുക്കളയോട് ചേര്‍ന്ന കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. അമ്മ മരിച്ചു കിടന്ന കിടക്കയില്‍ പൂക്കള്‍ വിതറിയിരുന്നതും മൂവരും ഒന്നിച്ചുള്ള ഫോട്ടോ കിടക്കയില്‍ ഉണ്ടായിരുന്നതും സഹോദരങ്ങള്‍ക്ക് മുമ്പേ അമ്മയുടെ മരണം സംഭവിച്ചതായി സംശയിക്കുന്നുണ്ട്.
ഝാര്‍ഖണ്ഡ് പിഎസ്‌സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ശാലിനി. തുടര്‍ന്ന് ഈ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ശാലിനിക്ക് സമന്‍സ് അയച്ചിരുന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹങ്ങള്‍ ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹം ഝാര്‍ഖണ്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഇവരുടെ മറ്റൊരു സഹോദരി വിദേശത്താണ്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നതിനാല്‍ ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മ കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇവരുടെ മരണ കാരണം വ്യക്തമാക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. തൃക്കാക്കര പോലീസ് അസി. കമ്മീഷണര്‍ പി.വി. ബേബി, തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
മരണം പുറത്തറിയാന്‍ വൈകി
കഴിഞ്ഞ ഒന്നര വര്‍ഷമായി മനീഷ് വിജയ് ഒറ്റക്കാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. 4 മാസം മുമ്പാണ് അമ്മയേയും സഹോദരിയെയും കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സിലേക്ക് അദ്ദേഹം കൊണ്ടുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത ഉദ്യേഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടിലേക്ക് പുറത്തുനിന്ന് ആരെയും അധികമായി പ്രവേശിപ്പിക്കാറില്ല. ഭാഷാപ്രശ്‌നമുള്ളതും പരിസരവാസികളുമായി അധികം അടുപ്പം പുലര്‍ത്താതിരുന്നതും മരണം പുറത്തറിയാന്‍ വൈകി. ശകുന്തള അഗര്‍വാളും ശാലിനിയും അധികം പുറത്തിറങ്ങാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. പുറത്ത് നിന്ന് ഓര്‍ഡര്‍ നല്‍കിയാണ് സാധനങ്ങള്‍ അധികവും വാങ്ങിയിരുന്നത്. ഇതുമായി എത്തുമ്പോള്‍ വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: