ബെംഗളൂരു : ബെംഗളൂരുവിലെ മദ്രസയിൽ അഞ്ചാം ക്ലാസുകാരിയെ മർദനത്തിനിരയാക്കിയ സംഭവത്തിൽ ഹോസ്റ്റൽ സൂപ്പർവൈസറുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഹാസനെയാണ് കൊത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഹെഗ്‌ഡെ നഗറിലുള്ള മദ്രസയുടെ ഹോസ്റ്റലിലെ അന്തേവാസിയായ 11-കാരി വിദ്യാർഥിനിക്കാണ് മർദനമേറ്റത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചോറ് പാഴാക്കിക്കളയുന്നെന്നും മറ്റു കുട്ടികളുടെകൂടെ കളിക്കുമ്പോൾ വഴക്കുണ്ടാക്കുന്നെന്നും ആരോപിച്ചായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ ഇയാൾ കൈകൊണ്ട് അടിക്കുകയും കാലുയർത്തി തൊഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. ഫെബ്രുവരി 16-നാണ് സംഭവം. വിദ്യാർഥിനിയെ മുഹമ്മദ് ഹാസൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു
ജുവനൈൽ ജസ്റ്റിസ് ആക്ടിൽ കുട്ടികളോടുള്ള ക്രൂരതയ്‌ക്കെതിരായ 75-ാം വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ 115-ാം വകുപ്പുമാണ് ഇയാളുടെ പേരിൽ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: