വാഷിംഗ്ടണ്‍ : അമേരിക്ക നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരില്‍ സ്ത്രീകളേയും കുട്ടികളെയും യുഎസ് വിലങ്ങ് അണിയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഫെബ്രുവരി 15നും 16നും അമൃതസറില്‍ എത്തിയ സ്ത്രീകളേയും കുട്ടികളേയും വിലങ്ങ് അണിയിച്ചിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും പനാമയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും ഉണ്ടെന്ന കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ, ഇറാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒന്നിച്ചാണ് പനാമയിലേക്കും കോസ്റ്റാറിക്കയിലേക്കും നാടുകടത്തിയത്. അതത് രാജ്യങ്ങളിലേക്ക് അയക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് പനാമയിലേക്ക് ഒന്നിച്ച് നാടുകടത്തിയതെന്ന് അമേരിക്ക പറഞ്ഞു.
പനാമയിലേക്ക് നാടുകടത്തിയ 300 പേരെയും ഒരു ഹോട്ടല്‍ താല്‍കാലിക ഡിറ്റന്‍ഷന്‍ സെന്‍റര്‍ ആക്കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരിലെ ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എത്രയും വേഗം ഇവരെ ഇന്ത്യയില്‍ എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ് സ്വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: