ആലപ്പുഴ: സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കുമ്പോള്‍ നിയമനം ലഭിച്ചത് നാലിലൊന്ന് പേര്‍ക്ക് മാത്രം. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം പകുതിയോളം വെട്ടിക്കുറച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്. പോലീസിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനം നടക്കാത്തതിന് കാരണം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15 നാണ് 6647 പേരുടെ റാങ്ക് പട്ടിക നിലവില്‍ വന്നത്. ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയത് 1836 പേര്‍ക്ക് മാത്രം. സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള സിവില്‍ പോലിസ് ഓഫീസര്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രമാണ് ബാക്കി.
ഏപ്രിലില്‍ റാങ്ക് പട്ടിക നിലവില്‍ വന്നെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒക്ടോബര്‍ 23നാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദ്യ ബാച്ച് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ സിപിഒ ലിസ്റ്റില്‍ നിന്നും നിയമനം നടക്കാത്തതിനെതിരെ സെക്രട്ടറിേയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നതോടെയാണ് പുതിയ പട്ടിക തയാറാക്കിയത്. എന്നാല്‍ അതില്‍ നിന്നും നിയമനമില്ല. നിലവിലുള്ള പട്ടികയില്‍ നിന്ന് നിയമനം നടത്താതെ പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പോലീസ് സേനയിലെ അംഗബലം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപടി മാത്രമില്ല.
ജോലിഭാരം അടക്കമുള്ള വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 138 പോലീസുദ്യോഗസ്ഥരാണ്. കൊല്ലത്ത് ഡോ. വന്ദനാദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആശുപത്രികളിലെ സുരക്ഷയ്‌ക്ക് പ്രത്യേകം പോലീസുകാരെ നിയോഗിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.
പോക്‌സോ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടും, ഹൈവേ പോലീസില്‍ പുതിയ തസ്തിക രൂപീകരിക്കുന്നത് സംബന്ധിച്ച ഫയലുകളും തടഞ്ഞുവെച്ചിരിക്കുകയാണ്. സേനയിലെ അംഗബലത്തിന്റെ അപര്യാപ്തതയാണ് പ്രതിസന്ധി. എന്നാല്‍ ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: