തൃശൂര്‍: യുകെയില്‍ കുടിയേറിയ കേരളത്തിലെ തൃശൂരില്‍ നിന്നുള്ള സഹോദരനും സഹോദരിയും കൈവിടാതിരുന്നത് ഒന്ന് മാത്രം- പാരമ്പര്യത്തിലൂടെ അവരില്‍ അലിഞ്ഞ് ചേര്‍ന്ന സംഗീതം. യുകെയിലെ സംഗീത പരിപാടികളില്‍ സജീവസാന്നിധ്യമായ ഈ സഹോദരങ്ങള്‍ ജോലിത്തിരക്കിനിടയിലും ഒരു സംഗീത ബാന്‍റ് രൂപീകരിക്കാന്‍ ധൈര്യം കാട്ടി. അതിന് അവര്‍ ഇട്ട പേര് ‘റോംഗ് നോട് സ്’ എന്നാണ്. യുകെയില്‍ പോകുന്നത് ജോലി ചെയ്യാനും പണം നേടാനും എന്നിരിക്കെ, സംഗീതത്തിന് വേണ്ടി ജീവിതത്തിന്റെ വിലപ്പെട്ട സമയം ചെലവിടുന്നത് തെറ്റ് തന്നെയല്ലേ? അതുകൊണ്ട് അവര്‍ സൃഷ്ടിച്ച സംഗീതത്തിലെ ഈണങ്ങളെ റോംഗ് നോട് സ് എന്ന് വിളിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി യൂട്യൂബില്‍ റോംഗ് നോട്സിന്റെ ഹൃദയതാളമായ മിഥുന്‍ മോഹനും അക്ഷരമോഹനും പല ഗാനങ്ങളും ചെയ്തു. ചിലത് ഒറിജിനല്‍സ് ആണെങ്കില്‍ മറ്റ് ചിലത് പ്രസിദ്ധ സിനിമാഗാനങ്ങളുടെ കവര്‍ സോംഗാണ്. ആള്‍ട്ടര്‍നേറ്റീവ് പോപില്‍ പെടുന്ന ഇംഗ്ലീഷ് സോംഗുകളും ഉണ്ട്. പ്രത്യേകമായ ഏതെങ്കിലും സംഗീതവിഭാഗത്തിന് അടിമകളല്ല ഇരുവരും എന്നതാണ് ശ്രദ്ധേയം. സംഗീതം അത് ഹിന്ദുസ്ഥാനിയോ കര്‍ണ്ണാടികോ ഭജനോ റോക്കോ പോപ്പോ നാടന്‍ പാട്ടോ ആയിക്കൊള്ളട്ടെ- കൂടെപ്പാടാന്‍ ഇവര്‍ ഉണ്ട്. അതാണ് റോംഗ് നോട്സിനെയും അതിന് പിന്നിലെ മിഥുന്‍ മോഹനെയും അക്ഷരാ മോഹനെയും വ്യത്യസ്തരാക്കുന്നത്.
ഇപ്പോഴിതാ വ്യത്യസ്തമായ ഒരു സംഗീതാനുഭവം നല്‍കി എത്തിയിരിക്കുകയാണ് റോംഗ് നോട്സ്. ഇക്കുറി റോംഗ് നോട്സിനൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു സംഘം സംഗീതജ്ഞരും ഉണ്ട്. ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത് ഒരു വ്യത്യസ്തതരം ബന്ദിഷ് ആണ്. യഥാര്‍ത്ഥത്തിലുള്ള ബന്ദിഷ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ സൃഷ്ടിക്കുന്ന സ്വരമാധുര്യമുള്ള ഗാനമാണ്. ഒരു പ്രത്യേക രാഗത്തിൽ ചിട്ടപ്പെടുത്തുന്ന ക്ലാസിക്കല്‍ സംഗീതത്തിന്റെ അതിപ്രസരമില്ലാത്ത ലളിതവും സുന്ദരവുമായ ഗാനം. താളാത്മകമായിരിക്കും ബന്ദിഷ്. അകമ്പടിയേകാന്‍ തബലയ്‌ക്കൊപ്പം സാരാംഗിയോ വയലിനോ ഹാർമോണിയമോ ഉണ്ടാകും. പരമ്പരാഗത ബന്ദിഷിന്റെ ചുവടുപിടിച്ച് തന്നെയാണ് റോംഗ് നോട്സിന്റെ ബന്ദിഷും. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇതില്‍ ഹിന്ദുസ്ഥാനിയ്‌ക്കൊപ്പം കര്‍ണ്ണാടക സംഗീതവും കൂടിക്കലരുന്നു എന്ന് മാത്രം. പക്ഷെ ഇതിനെ ജൂഗല്‍ബന്ദി എന്ന് വിളിക്കാനും കഴിയില്ല. ഇവര്‍ സൃഷ്ടിച്ച ‘ഹവാ മേ ഏക് താൽ’ എന്ന ശ്രുതിമധുരമായ ഗാനം കഴിഞ്ഞ ദിവസം യുകെയില്‍ അവതരിപ്പിച്ചപ്പോള്‍ നല്ലതുപോലെ സ്വീകരിക്കപ്പെട്ടു. ഇപ്പോള്‍ അത് റോംഗ് നോട്സിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാണ്.
ഗായിക അക്ഷര മോഹനൊപ്പം ബന്ദിഷിനെ ഊര്‍ജ്ജസ്വലമാക്കാന്‍ യുവ സംഗീതജ്ഞരുടെ ഒരു നിര തന്നെ അണിചേര്‍ന്നിരിക്കുന്നു. ഹിന്ദുസ്ഥാനിയിലൂടെ ഒഴുകി നീങ്ങുന്ന ബന്ദിഷില്‍ പൊടുന്നനെ കര്‍ണ്ണാടക സംഗീതത്തിന്റെ ലയലഹരി ചേര്‍ക്കാന്‍ സഹോദരന്‍ മിഥുന്‍ മോഹനും എത്തുന്നു. വാണി അശ്വിൻ (ഐഡിയ സ്റ്റാഹ:നർ സിംഗർ ഫെയിം), ദീപക് യതീന്ദ്രദാസ് (അമൃത ടിവി സൂപ്പർ സ്റ്റാർ ഗ്ലോബൽ ഫെയിം), ശരണ്യ ശ്രീനിവാസ് (സെലിബ്രിറ്റി ഗായിക), ശുക്ല ദാസ് എന്നിവരും ഗാനത്തെ മധുരതരമാക്കാന്‍ ഒപ്പം കൂടുന്നു. സുബ്രത ബിശ്വാസ് (സിതാർ), നന്ദകുമാർ (പുല്ലാങ്കുഴൽ),, വിഷ്ണു കൃഷ്ണകുമാര്‍ (മൃദംഗം), ജ്ഞാനേഷ് കാമത്ത് (തബല) എന്നിവര്‍ സംഗീതോപകരണങ്ങളില്‍ അനുഗമിക്കുന്നു.
മിഥുൻ മോഹനും സിന്ധു രാജാരാമിയും ചേര്‍ന്നാണ് ഗാനത്തിന്റെ സൗണ്ട് എഞ്ചിനീയറിംഗിന് പിന്നില്‍. ഈ പുത്തന്‍ ബാൻഡിഷ് ക്ലാസിക്കൽ പരിശുദ്ധിയെ നിലനിര്‍ത്തുമ്പോള്‍ തന്നെ പുതിയ സംഗീതത്തിന്റെ അനുഭവവും സമ്മാനിക്കുന്നു എന്നതാണ് പ്രത്യേകത. അതിനാൽ, ഈ ഗാനം ക്ലാസിക്കൽ സംഗീത പ്രേമികൾക്കും പുതിയ കാലത്തിലെ യുവശ്രോതാക്കള്‍ക്കും ഒരുപോലെ വ്യത്യസ്തമായ ശ്ര്യവാനുഭവം സമ്മാനിക്കുന്നു.
റോംഗ് നോട് സിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വ്യത്യസ്തമായ ബന്ദിഷ് ഗാനം- ഹവാ മേ ഏക് താല്‍…:
പ്രതികരിക്കാൻ ഇവിടെ എഴുതുക: