ലഖ്നൗ : മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റുകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവരെ വെറുതെ വിടില്ലെന്ന് യോഗി സർക്കാർ. ഇത്തരക്കാരെ തിരിച്ചറിയുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും യുപി പോലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനിടെ മഹാ കുംഭമേളയിൽ കുളിക്കാൻ എത്തിയ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ ചില സാമൂഹിക മാധ്യമങ്ങൾ വഴി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇത് സ്ത്രീകളുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണ്. അതിനാൽ അത്തരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
ഫെബ്രുവരി 17 ന് @neha1224872024 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുംഭമേളയ്‌ക്ക് എത്തിയ സ്ത്രീകൾ കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും അശ്ലീല വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനാൽ പ്രസ്തുത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കൂടാതെ അക്കൗണ്ട് നടത്തുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ മെറ്റാ കമ്പനിയിൽ നിന്ന് വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. വിവരം ലഭിച്ചാലുടൻ ബന്ധപ്പെട്ട വ്യക്തിയുടെ അറസ്റ്റ് ഉറപ്പാക്കാനാണ് പോലീസ് നീക്കം. ഫെബ്രുവരി 19 ന് ഒരു ടെലിഗ്രാം ചാനലിനെതിരെയും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഹാ കുംഭത്തിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ വിവിധ തുകകൾക്ക് ലഭ്യമാക്കുമെന്ന് ടെലിഗ്രാം ചാനലായ സിസിടിവി ചാനൽ അവകാശവാദം ഉയർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: