കോട്ടയം: കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങിയെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് മെമ്പർ എൻ.ഹരി ആരോപിച്ചു. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും 250 രൂപ താങ്ങുവിലയാക്കും എന്ന് ഉറപ്പുനൽകിയാണ് വോട്ട് തേടിയത്. നിയമസഭാ തെരഞ്ഞെടുത്തിരിക്കെ വീണ്ടും അതേ വാഗ്ദാനം പൊടിതട്ടിയെടുക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ പരിപാടി.
താങ്ങുവില ഉയർത്താൻ പത്തുവർഷങ്ങളിൽ സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസ് തന്നെ അറബിക്കടലിൽ മുങ്ങിത്താഴുന്ന അവസ്ഥയാണ്. ലജ്ജ എന്ന വികാരം ഇല്ലാത്തതുകൊണ്ടു മാത്രമാണ് ജോസ് കെ മാണി വീണ്ടും താങ്ങുവിലയെക്കുറിച്ച് വാചകമടിക്കുന്നത്.
താങ്കളുടെ പിതാവ് മന്ത്രിയായിരിക്കെ പത്തുവർഷം മുമ്പ് 150 രൂപയാക്കി അടിസ്ഥാന വില നിശ്ചയിച്ചിരുന്നു. തുടർന്ന് താങ്കൾ മറുകണ്ടം ചാടി പിണറായിയെ പിന്താങ്ങിയിട്ടും ആകെ ഉയർത്തിയത് 20 രൂപ മാത്രമാണ്. റബർ വില ഉയർത്താൻ അഭ്യർത്ഥിച്ച മുൻ എംപിയെ പരസ്യമായി പിണറായി പാലായിലെ ജനങ്ങളുടെ മുമ്പിൽ ശാസിക്കുകയും ചെയ്തു. റബർ കർഷകരെ ഇനിയും നാണം കെടുത്താനാണോ പിണറായിയോട് അഭ്യർത്ഥന നടത്തുന്നത്.
കേരളത്തിന്റെ നട്ടെല്ലായ നമ്പർ കർഷകന് നീതി ലഭ്യമാക്കുന്നതിൽ ഭരണകക്ഷിയായ കേരള കോൺഗ്രസ് എം ഇതുപോലെ പരാജയപ്പെട്ട മറ്റൊരു കാലഘട്ടമില്ല. സംസ്ഥാന സർക്കാരിന്റെ അനങ്ങാപ്പാറ നയത്തെ മറയ്‌ക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് ജോസ് കെ മാണിയുടെ ഹോബി. കേരളത്തിലെ ജനങ്ങൾ അതും തിരിച്ചറിഞ്ഞു കഴിഞ്ഞു.
റബർ വില സ്വാഭാവികമായി ഉയരുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാർ റബ്ബർ ബോർഡ് മുഖേന വിശാല വീക്ഷണത്തോടുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. അതിന്റെ ഗുണഫലം പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെന്നും എൻ ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: