തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ ശമ്പള വർദ്ധനവിനും കേരള സർക്കാരിന്റെ ദൽഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാ ബത്ത വർദ്ധനവിനും പിന്നാലെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെയും ശമ്പളം കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. 3 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് (2022 ജനുവരി 1 മുതൽ) ശമ്പളം കൂട്ടിയത്.
ഇന്നലെ പിഎസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ചെയർമാന്ററെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും മൂന്നര ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷവുമാക്കി. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്‌ക്കു തുല്യവും അംഗങ്ങള്‍ക്കു ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്‌ക്കു തുല്യവുമാണ് പുതുക്കിയ ശമ്പളം. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലെ സേവന-വേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണു സര്‍ക്കാര്‍ തീരുമാനം. ശമ്പള വര്‍ധനയിലൂടെ ഏതാണ്ട് 40 കോടിയോളം രൂപ കുടിശികയിനത്തിലും നല്‌കേണ്ടതുണ്ട്.
അനുവദിച്ചിട്ടുള്ള ഓണറേറിയം കുടിശികയില്ലാതെ നല്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ 10 ദിവസമായി രാപകല്‍ സമരം നടത്തുമ്പോഴാണ് അവരുടെ ന്യായമായ ആവശ്യം പരിഗണിക്കാതെയാണ് പിഎസ്‌സി അംഗങ്ങളുടെ ശമ്പളവും കെ. വി തോമസിന്റെ യാത്രാബത്തയും കൂട്ടിയത്.
വ്യാവസായിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.കെ.വി.തോമസിന്റെ യാത്രാബത്ത പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്ച ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റിൽ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം 6.31 ലക്ഷം രൂപ ചിലവായതിനാൽ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു.
ഓണറേറിയം ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: