Kerala

മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും കടുത്ത ദുരിതമനുഭവിക്കുന്നു: വി.പി. സുഹ്‌റ, 23 മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ മരണം വരെ നിരാഹാര സമരം

Published by

തിരുവനന്തപുരം: മുസ്ലിംവ്യക്തി നിയമം പരിഷ്‌ക്കരിക്കാത്തതിനാല്‍ മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും കടുത്ത ദുരിതമനുഭവിക്കുകയാണെന്ന് എഴുത്തുകാരിയും ‘നിസ’ പ്രസിഡന്റുമായ വി.പി.സുഹ്‌റ. നിലവിലെ നിയമം മുസ്ലിം സ്ത്രീ അവകാശങ്ങളുടെ അന്തകരായി മാറിയിരിക്കുന്നു. മൂസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ക്രൂരമായ വസ്തുതകള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കണം, വാര്‍ത്താസമ്മേളനത്തില്‍ സുഹ്‌റ പറഞ്ഞു.

ഭര്‍ത്താവ് മരിച്ചാല്‍ തെരുവിലിറങ്ങേണ്ടി വരുന്ന മുസ്ലിം സ്ത്രീകളെക്കുറിച്ച് ആര്‍ക്കും വേവലാതി ഇല്ല. രാജ്യത്തെ ഏകദേശം ഒമ്പത് കോടിയോളം വരുന്ന മുസ്ലിം സ്ത്രീകളുടെ കണ്ണുനീര്‍ കാണാതെ പോകരുത്.

എല്ലാ സമുദായങ്ങളിലുമുള്ള വ്യക്തി നിയമങ്ങളിലും സ്ത്രീ വിരുദ്ധതയും വിവേചനങ്ങളുമുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഷ്‌കൃത സമൂഹത്തിന്ന് അഭികാമ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാലോചിതമായി പരിഷ്‌ക്കരിച്ചു. പല തവണ മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പുരുഷന്മാരെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു.

മുസ്ലിം വ്യക്തി നിയമം ഭേദഗതിചെയ്യുക, പിന്തുടര്‍ച്ചാവകാശം സ്ത്രീ പുരുഷ തുല്യമാക്കുക, മാതാപിതാക്കള്‍ മരിച്ചവരുടെ മക്കള്‍ക്കും പിന്തുടര്‍ച്ചാവകാശം അനുവദിക്കുക, സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ മക്കള്‍ക്കോ മറ്റു അടുത്ത ബന്ധുക്കള്‍ക്കോ വില്‍പ്പത്രം എഴുതി വെക്കാനുള്ള അവകാശം മുസ്ലിംകള്‍ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 23 മുതല്‍ ദല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് വി.പി.സുഹ്‌റ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by