തിരുവനന്തപുരം: ഗവര്‍ണര്‍ ഇടപെട്ടതോടെ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ യോഗത്തിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തി. ഇന്നത്തെ യോഗം യുജിസി കരട് വിജ്ഞാപനത്തിനെതിരെ എന്നത് ഒഴിവാക്കി പുതിയ ഉത്തരവ് ഇറക്കി. മറ്റ് നിര്‍ദേശങ്ങള്‍ ഒഴിവാക്കിയില്ല. യുജിസി കരടിനെതിരെയാണ് ഇന്ന് ശങ്കരന്‍നാരായണന്‍ തമ്പി ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ നടത്തുന്നത്.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളില്‍ നിന്നും ജീവനക്കാരോടും അധ്യാപകരോടും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് അവധിക്ക് പകരം ഡ്യൂട്ടിയായി കണക്കാക്കുമെന്നും കണ്‍വെന്‍ഷന് എത്തുന്നതിന്റെ ചെലവ് അതാത് സര്‍വകലാശാലകള്‍ വഹിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതിനെതിരെ കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി. കരട് റിപ്പോര്‍ട്ട് മാത്രം പ്രസിദ്ധീകരിച്ചതിനെതിരെ ഇത്തരത്തില്‍ ഒരു യോഗം നടത്തുന്നത് ചട്ടവിരുദ്ദമാണന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഉത്തരവ് മാറ്റി ഇറക്കിയിത്.
യുജിസി പുറത്തിറക്കിയ കരട് ഭേദഗതി സംബന്ധിച്ച് ഫെബ്രുവരി 28 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ നല്കാതെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
അതേസമയം ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളും സിന്‍ഡിക്കേറ്റംഗങ്ങളും പങ്കെടുക്കില്ലെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി.ജി. നായരും പി.എസ്. ഗോപകുമാറും പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്റെ പിന്നിലെ രാഷ്‌ട്രീയലക്ഷ്യം കേരളത്തിലെ അക്കാദമിക് സമൂഹം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് ഇരുവരും പ്രസ്താവയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: