നിര്‍മ്മിതബുദ്ധിയില്‍ (എഐ) വലിയ വിപ്ലവത്തിന് ഒരുങ്ങുകയാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വമാണ് ഈ പരിവര്‍ത്തനത്തിന് പിന്നില്‍. കമ്പ്യൂട്ടിംഗ് പവര്‍, ജിപിയു, ഗവേഷണം എന്നീ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ അവസരങ്ങള്‍ ലഭ്യമാകുന്ന എഐ ആവാസവ്യവസ്ഥയെ സര്‍ക്കാര്‍ നേരിട്ട് പരിപോഷിപ്പിക്കും. എഐ എന്നത് വരേണ്യരായ ചുരുക്കം ചിലര്‍ക്ക് മാത്രമായുള്ളതല്ലെന്നും സാങ്കേതിക മേഖലയിലെ വന്‍കിട കമ്പനികളും ആഗോള ഭീമന്മാരും ഈ മേഖലയില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നില്ലെന്നും ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും നൂതന ആശയങ്ങളുള്ള പ്രതിഭകള്‍ക്കുംവേണ്ടി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിലൂടെ നിര്‍മ്മിതബുദ്ധി മേഖലയില്‍ ആരോഗ്യകരമായ മത്സരത്തിനുള്ള വേദിയാണു സൃഷ്ടിക്കപ്പെടുക. നിര്‍മ്മിതബുദ്ധിവികസനത്തിനായി മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും.
ഒരു ചുവട് മുന്നില്‍
ഈ ദിശയിലെ സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയില്‍, ഭാരതം കഴിഞ്ഞ വര്‍ഷം അനുവദിച്ച 10,300 കോടി രൂപ അടുത്ത അഞ്ച് വര്‍ഷത്തേക്ക് എഐ ദൗത്യത്തിന്റെ വ്യത്യസ്ത ഘടകങ്ങളെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമാണ്. ഉന്നത നിലവാരമുള്ള പൊതു കമ്പ്യൂട്ടിംഗ് സൗകര്യങ്ങളുടെ പിന്തുണയോടെ, ഭാരതീയ ഭാഷകള്‍ ഉപയോഗിച്ച് നമ്മുടെ സാഹചര്യത്തിനനുയോജ്യമായ തദ്ദേശീയ നിര്‍മ്മിതബുദ്ധി പരിഹാരങ്ങള്‍ സജ്ജമാക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഏകദേശം 10000 ജിപിയുകള്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടേഷന്‍ സൗകര്യത്തോടെയാണ് എഐ മോഡല്‍ ആരംഭിക്കുന്നത്.
അടിസ്ഥാനസൗകര്യവും ഓപ്പണ്‍ മാര്‍ക്കറ്റും
ഭാരതം എഐ ദൗത്യം ആരംഭിച്ച് 10 മാസത്തിനുള്ളില്‍, വന്‍ പ്രതികരണമാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന് ലഭിച്ചത്. ഏകദേശം 18,693 ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് അഥവാ ജിപിയു ഉപയോഗിക്കുന്ന ഉന്നത നിലവാരമുള്ളതും ശക്തവുമായ പൊതു കമ്പ്യൂട്ടിംഗ് സൗകര്യം സൃഷ്ടിക്കാനും കഴിഞ്ഞു. ഇത് ഓപ്പണ്‍ സോഴ്‌സ് മോഡലായ ഡീപ്‌സീക്കിനേക്കാള്‍ ഒമ്പത് മടങ്ങു ശേഷിയിലുള്ളതാണ്. ഭാരതം ജിപിയു മാര്‍ക്കറ്റ് പ്ലേസ് തുറക്കുന്നതിന് തുടക്കമിട്ടു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതു ചെയ്ത ആദ്യ സര്‍ക്കാരാണ് നമ്മുടേത്. . പ്രധാന രാജ്യങ്ങളില്‍ വന്‍കിട വ്യവസായികള്‍ എഐ വിപണിയില്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍, അതില്‍ നിന്ന് വ്യത്യസ്തമായി ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാ മേഖലയിലുള്ളവര്‍ക്ക് പ്രകടനമികവുള്ള കമ്പ്യൂട്ടിംഗ് വിഭവങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കാന്‍ നമുക്കായി. സമീപഭാവിയില്‍ 18,000 ഹൈ-എന്‍ഡ് ജിയുപി അധിഷ്ഠിത കമ്പ്യൂട്ട് സൗകര്യങ്ങള്‍ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. 10,000 ഹൈ-എന്‍ഡ് ജിപിയു അധിഷ്ഠിത കമ്പ്യൂട്ട് സൗകര്യങ്ങള്‍ ഇതിനോടകം ലഭ്യമായിട്ടുണ്ട്. 18,693 ജിപിയു വിതരണം ചെയ്യുന്നതിനായി 10 കമ്പനികളെ തെരഞ്ഞെടുത്തിട്ടുമുണ്ട്. കൂടാതെ, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതം സ്വന്തമായി ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (ജിപി
യു) വികസിപ്പിക്കും. 10 മാസത്തിനുള്ളില്‍ ഒരു തദ്ദേശീയമായ ഫൗണ്ടേഷണല്‍ എഐ പ്ലാറ്റ്‌ഫോമും പ്രതീക്ഷിക്കാം.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും കമ്പ്യൂട്ടിംഗ് പവര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പൊതു കമ്പ്യൂട്ട് സൗകര്യം ഉടന്‍ വരും. ജിയുപിഉപയോഗത്തിനായി ആഗോളതലത്തില്‍ നിലവിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമ്മള്‍ വാഗ്ദാനം ചെയ്യും. ഗവേഷകര്‍, നവസംരംഭകര്‍, അക്കാദമിക് വിദഗ്‌ദ്ധര്‍ , കോളേജുകള്‍, ഐഐടികള്‍ തുടങ്ങി എല്ലാവര്‍ക്കും ഈ കമ്പ്യൂട്ട് പവര്‍ പ്രയോജനപ്പെടുത്താം. അവര്‍ക്ക് സ്വന്തമായി ഫൗണ്ടേഷണല്‍ മോഡലുകള്‍ ആരംഭിക്കുകയുമാവാം.
ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം
എഐ ഗവേഷണത്തെയും നവീകരണത്തെയും നയിക്കുന്ന ഇന്ധനമാണ് ഡാറ്റ. സമ്പന്നവും വൈവിധ്യപൂര്‍ണ്ണവും വിപുലവുമായ ഡാറ്റാസെറ്റുകള്‍ ഇല്ലെങ്കില്‍, വിദഗ്ധരായ ഡാറ്റാ ശാസ്ത്രജ്ഞരും ഡെവലപ്പര്‍മാരും പോലും പരിമിതികള്‍ നേരിടും. ഇത് തിരിച്ചറിഞ്ഞ്, വിശാലമായ ഗവേഷണ സമൂഹത്തിന് ഓപ്പണ്‍ ഡാറ്റാസെറ്റുകള്‍ ലഭ്യമാക്കുന്നതിനായി ഗവണ്‍മെന്റ് സജീവമായി ഇടപെടുന്നുണ്ട്.
ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് ഉന്നത നിലവാരമുള്ളതും വ്യക്തിയധിഷ്ഠിതമല്ലാത്തതുമായ ഡാറ്റാസെറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും തടസ്സമില്ലാത്ത പ്രവേശനം സാധ്യമാക്കുന്ന ഏകീകൃത ഡാറ്റാ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, എഐ അധിഷ്ഠിത നവീകരണം ത്വരിതപ്പെടുത്തുക എന്നിവയാണ്. ഈ മേഖലയിലെ നൂതന സംരംഭങ്ങളെ നയിക്കുകയും ആപ്ലിക്കേഷനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന, ഉറവിടം വെളിപ്പെടുത്താത്ത വലിയ ഡാറ്റ ശേഖരം ഈ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലുണ്ടാകും.
മികവിന്റെ കേന്ദ്രങ്ങള്‍
ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരവികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഡല്‍ഹിയില്‍ മൂന്ന് എഐ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് 2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ 500 കോടി രൂപ ചെലവില്‍ എഐ വിദ്യാഭ്യാസത്തിനായി പുതിയ ഒരു മികവിന്റെ കേന്ദ്രം കൂടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നാലാമത്തെ കേന്ദ്രമാണിത്. വ്യവസായ-കേന്ദ്രീകൃത വൈദഗ്ധ്യമുള്ള യുവാക്കളെ സജ്ജരാക്കുന്നതിനു രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൈപുണ്യ മികവിന്റെ 5 ദേശീയ കേന്ദ്രങ്ങള്‍ക്കായുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മേക്ക് ഫോര്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ് വേള്‍ഡ് സംരംഭത്തെ പിന്തുണയ്‌ക്കും വിധം ആഗോള പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
സ്റ്റാന്‍ഫോര്‍ഡ് എഐ സൂചിക 2024 പ്രകാരം, നൈപുണ്യ വികസനത്തില്‍ 2.8 സ്‌കോറുമായി ഭാരതം ആഗോളതലത്തില്‍ മുന്നിലാണ്. യുഎസും(2.2), ജര്‍മനിയും(1.9) ആണ് രണ്ടും മൂന്നും സ്ഥാനത്ത്. 2016 മുതലുള്ള കാലയളവില്‍ പ്രതിഭാ വികസനത്തില്‍ രാജ്യം ശ്രദ്ധേയമായ 263% വളര്‍ച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചു. വനിതകള്‍ക്കായുള്ള നൈപുണ്യ വികസനത്തിലും 1.7 നിരക്കോടെ ഭാരതം മുന്നിലാണ്, യുഎസും (1.2) ഇസ്രായേലും (0.9) ആണ് തൊട്ടുപിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: