ന്യൂഡൽഹി: രാജ്യത്ത് ആറ് മാസത്തിനുള്ളിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ്. 9 മുതൽ 16 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. വാക്‌സിനെ കുറിച്ചുള്ള ഗവേഷണം അവസാന ഘട്ടത്തിലാണെന്നും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കയാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
“സ്ത്രീകളെ ബാധിക്കുന്ന കാൻസറുകൾക്കുള്ള വാക്‌സിനുകളെക്കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർത്തിയായി, പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഇത് ലഭ്യമാക്കും. ഒമ്പത് മുതൽ 16 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും കുത്തിവയ്‌പ്പിന് അർഹതയുണ്ടായിരിക്കും,” മന്ത്രി പറഞ്ഞു. ബ്രെസ്റ്റ് കാൻസർ, വായിലെ അർബുദം, സെർവിക്കൽ അർബുദം തുടങ്ങിയവയ്‌ക്കുള്ള വാക്‌സിനാണ് ലഭ്യമാക്കുക. കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രസർക്കാർ നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
രാജ്യത്ത് കാൻസർ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരമൊരു നടപടി ആരംഭിച്ചത്. 30 വയസിനു മുകളിലുള്ള സ്ത്രീകളെ ആശുപത്രികളിൽ നിർബന്ധിത പരിശോധനയ്‌ക്ക് വിധേയമാക്കും. രോഗം നേരത്തെ കണ്ടെത്തുന്നതിനായി ഡേകെയർ കാൻസർ സെന്‍ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം കാൻസർ പ്രതിരോധത്തിനായി mRNA അടിസ്ഥാനമാക്കിയുള്ള ഒരു വാക്‌സിൻ വികസപ്പിച്ചെടുത്തതായി കഴിഞ്ഞ വർഷാവസാനം റഷ്യ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: