മുംബൈ: ഛത്രപതി ശിവജിയുടെ മകനും മറാത്ത രാജവംശത്തിന്റെ രണ്ടാമത്ത ഛത്രപതിയുമായ സാംബാജി മഹാരാജിനെക്കുറിച്ച് അപഹാസ്യമായ ജീവചരിത്രക്കുറിപ്പുമായി വിക്കിപീഡിയ. സാംബാജിയെക്കുറിച്ച് എഴുതിയ കള്ളങ്ങള് പിന്വലിച്ചില്ലെങ്കില് ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.
ആരാണ് സാംബാജി മഹാരാജ്?
സാംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദി സിനിമയായ ‘ഛാവ’ പുറത്തിറങ്ങിയതോടെയാണ് വിക്കിയിലെ സാംബാജി മഹാരാജിനെക്കുറിച്ചുള്ള കള്ളങ്ങള് പുറത്തായത്. ഒമ്പത് വര്ഷത്തോളം മുഗള് ചക്രവര്ത്തി ഔറംഗസേബിനെതിരെ പൊരുതിയ മറാത്താ രാജാവാണ് സാംബാജി മഹാരാജ്. ഔറംഗസേബിന്റെ വന്പടയുമായി ചെറുത്തുനിന്ന സാംബാജി മഹാരാജ് നല്ലൊരു സംസ്കൃത പണ്ഡിതന്കൂടിയാണ്. നല്ലൊരു പോരാളിയായ ഇദ്ദേഹത്തെ പക്ഷെ ഒടുവില് ഔറംഗസീബ് വധിക്കുകയായിരുന്നു. തടവില് പിടിച്ചതിന് ശേഷം വാള് കൊണ്ടുള്ള വെട്ടും ചാട്ടവാറടിയും ഏറ്റ് നിറയെ മുറിവുകളുള്ള ശരീരത്തില് ഉപ്പു തേക്കാനാണ് ഔറംഗസേബ് ഉത്തരവിട്ടത്. ക്രൂരതയ്ക്ക് പേര് കേട്ട ചക്രവര്ത്തിയായിരുന്നു ഔറംഗബേസ്. അതുപോലെ ഗോവയില് പോര്ച്ചുഗീസുകാര്ക്കെതിരെ ഹിന്ദുക്കളുടെ രക്ഷയ്ക്കായി പൊരുതിയിട്ടുണ്ട് ഛത്രപതി സാംബാജി മഹാരാജ്.
വിക്കിപീഡിയയിലെ നുണകള്
സ്ത്രീലമ്പടനായ സാംബാജി മഹാരാജിനെ പിതാവായ ഛത്രപതി ശിവജി തടവില് പാര്പ്പിച്ചിരുന്നുവെന്നും സാംബാജി ബ്രാഹ്മണസ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനാണിതെന്നും ആണ് വിക്കിപീഡിയ എഴുതിയിരിക്കുന്നത്.
ഉടനെ നുണകള് എടുത്തുമാറ്റിയില്ലെങ്കില് ശക്തമായ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് ദേവേന്ദ്ര ഫഡ് നാവിസ്. സൈബര് സെല് ഇന്സ്പെക്ടര് ജനറലിന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിക്കിപീഡിയയ്ക്കെതിരെ പരാതി നല്കിയിട്ടുണ്ട്. ഇതേ തുടര്ന്ന് വിവാദപരാമര്ശങ്ങള് നീക്കം ചെയ്യാന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബര് പൊലീസ് വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില് എന്തും എഴുതിവിടാന് സമ്മതിക്കില്ലെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.
“ഇന്ത്യയിലല്ല, ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉള്ളടക്കങ്ങള് വിക്കിപീഡിയ പ്രസിദ്ധീകരിക്കുതെന്ന് അറിയാന് കഴിഞ്ഞു. അതിനാല് ചരിത്രവസ്തുതകള് വളച്ചൊടിക്കുന്നതിനെതിരെ നിയമാവലി ഉടന് രൂപവല്ക്കരിക്കും”- അദ്ദേഹം പറഞ്ഞു. എന്തായാലും സത്യവും വസ്തുതാപരമായ വിവരങ്ങളും ഇല്ലാതാക്കാന് സമ്മതിക്കില്ല. – ഫഡ് നാവിസ് പറഞ്ഞു. വേണ്ടിവന്നാല് വിക്കിപീഡിയയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ആലോചിച്ചുവരികയാണ് മഹാരാഷ്ട്രസര്ക്കാര്.
വിക്കി കൗശന് സാംബാജി മഹാരാജാവായി വേഷമിടുന്ന ഛാവ എന്ന ഹിന്ദി സിനിമ ഗംഭീരമായി മഹാരാഷ്ട്രയിലെ തീയറ്ററുകളില് ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയില് നേരത്തെ ഒരു നൃത്തരംഗമുണ്ടായിരുന്നു. എന്നാല് മറാത്തക്കാര്ക്ക് ദൈവതുല്യരാണ് ഛത്രപതി ശിവജിയും ഛത്രപതി സാംബാജി മഹാരാജും. അതിനാല് സിനിമയില് ഛത്രപതി സാംബാജി മഹാരാജിനെ നൃത്തം പോലും വേണ്ടെന്ന് ആവശ്യപ്പെട്ട് മാറാത്തക്കാര് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്ന്ന് ഈ സിനിമയിലെ നൃത്തരംഗം പോലും നീക്കം ചെയ്തിരുന്നു.
വിക്കിപീഡിയ ഡീപ് സ്റ്റേറ്റിന്റെ ആയുധമോ?
ബിജെപിയ്ക്കും മോദിയ്ക്കും ആര്എസ്എസിനും എതിരായ എന്തൊക്കെ നല്കാന് കഴിയുമോ അതെല്ലാം പലപ്പോഴും വിക്കിപീഡിയ പേജുകളില് കാണാം. അതേ സമയം രാഹുല് ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്ഗ്രസ് ഇതേക്കുറിച്ചെല്ലാം ശ്ലാഘനീയമായ ഉള്ളടക്കങ്ങളാണ് വിക്കിപീഡിയ പ്രസിദ്ധീകരിക്കുതെന്ന പരാതി കുറച്ചുനാളായി ഉണ്ട്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്ട്ടിയുമായി ബന്ധപ്പെട്ട ശക്തികളായ ഡീപ് സ്റ്റേറ്റിന് വിക്കിപീഡിയയില് നിയന്ത്രണമുണ്ടെന്ന ചില റിപ്പോര്ട്ടുകള് നേരത്തെയുണ്ട്. ഡീപ് സ്റ്റേറ്റിന്റെ നേതൃത്വത്തില് ഇന്ത്യയിലെ മോദി സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമങ്ങള് തകൃതിയായി ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇപ്പോള് ഡമോക്രാറ്റുകള്ക്കും ഡീപ് സ്റ്റേറ്റിനും എതിരായ റിപ്പബ്ലിക്കന് പാര്ട്ടി നേതാവ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തില് എത്തിയതോടെ ഡീപ് സ്റ്റേറ്റിന് അത് തിരിച്ചടിയായി. വിക്കിപീഡിയയുടെ ഈ സ്വഭാവം തിരിച്ചറിഞ്ഞതിനാലാകാം ഇലോണ് മസ്ക് വിക്കിപീഡിയയെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: