ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിജെപി ആം ആദ്മിയുടെ വേരറുത്തത് സ്ത്രീകളുടെ പിന്തുണയോടെയാണ്. ഏകദേശം 46 ശതമാനം സ്ത്രീകളുടെ വോട്ടിന്റെ പിന്‍ബലത്തില്‍ ദല്‍ഹി പിടിച്ചെടുത്ത ബിജെപി ഉചിതമായ അടുത്ത ചുവടു വെച്ചിരിക്കുന്നു- അതാണ് ദല്‍ഹിയില്‍ ബിജെപിയുടെ സ്ത്രീ മുഖ്യമന്ത്രിയായി വന്ന രേഖ ഗുപ്ത.
ദല്‍ഹിയില്‍ ഒരു വനിതാ മുഖ്യമന്ത്രിയായ അതിഷി ഉള്ളപ്പോള്‍ കെജ്രിവാള് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത് ജയിച്ചാല്‍ വീണ്ടും മുഖ്യമന്ത്രിയാകാം എന്ന ഉദ്ദേശത്തോടെയാണ്. അതായത് ആം ആദ്മിയുടെ വനിതാ മുഖ്യമന്ത്രിയെ മാറ്റി സ്വയം മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഈ ദുര്മോഹത്തിനെതിരെ ബിജെപി ശക്തമായ പ്രചാരണം ദല്‍ഹിയില്‍ അഴിച്ചുവിട്ടിരുന്നു.
ഇപ്പോഴിതാ ആ പ്രചാരണത്തിന് അടിവരയിടുകയാണ് രേഖ ഗുപ്ത എന്ന വനിതാ മുഖ്യമന്ത്രിയെ നല്‍കിയതിലൂടെ ബിജെപി. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ആം ആദ്മിയെ ബിജെപി തൂത്തെറിഞ്ഞത്. അതിന് കാരണമായത് സ്ത്രീക്ഷേമത്തില്‍ ഊന്നിയുള്ള ബിജെപിയുടെ പ്രകടനപത്രികയായ ‘സങ്കല്പ് പത്ര’യാണ്. ഇപ്പോഴിതാ ഒരു വനിതാ മുഖ്യമന്ത്രിയെ നല്കി ബിജെപി ഒരു പടി കൂടി മുന്നേറിയിരിക്കുന്നു. സങ്കല്പ് പത്രയില്‍ ബിജെപി നല്‍കിയിരിക്കുന്ന ഒരു പ്രധാനവാഗ്ദാനം സ്ത്രീകള്‍ക്കുള്ള പെന്ഷന് പദ്ധതിയാണ്. മഹിളാ സമ്മാന്‍ നിധിയിലൂടെ മാസം 2500 രൂപ വീതം നല്‍കുമെന്നാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്ന വാഗ്ദാനം.ദല്‍ഹിയില്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് പാചകവാതകത്തിന് 500 രൂപ വീതം സബ്സിഡി നല്‍കും. ഹോളിയ്ക്കും ദീപാവലിയ്ക്കും സൗജന്യമായി ഓരോ സിലിണ്ടര്‍ വേറെയും. ഗര്‍ഭിണികള്‍ക്ക് നല്‍കുക 21,000 രൂപയുടെ ആറ് പോഷാകാഹാര കിറ്റുകള്‍.
പര്‍വേഷ് വര്‍മ്മയെയും ആഷിഷ് സൂദിനെയും തള്ളിയ ബിജെപി തീരുമാനം
അരവിന്ദ് കെജ്രിവാളിനെ തോല്പിച്ച പര്‍വേഷ് വര്‍മ്മയ്ക്കാണ് മാധ്യമങ്ങള്‍ സാധ്യത കല്പിച്ചിരുന്നത്. ജാഠ് സമുദായാംഗം, മുന്‍ ദല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ്ങ് വര്‍മ്മയുടെ മകന്, രണ്ട് തവണ എംപി തുടങ്ങി ഒട്ടേറെ അനുകൂലഘടകങ്ങള്‍ പര്‍വേഷ് വര്മ്മയ്ക്കുണ്ടായിരുന്നു. ആഷിഷ് സൂദ് ആയിരുന്നു മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ദല്‍ഹിയുടെ നേതാവായിരുന്നു. ജമ്മു കശ്മീര്‍, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വരെ ഇദ്ദേഹത്തെ ബിജെപി അയച്ചിട്ടുണ്ട്. പഞ്ചാബി മുഖവുമായിരുന്നു. പക്ഷെ ഇവരെയെല്ലാം തള്ളി രേഖാ ഗുപ്തയെ തെരഞ്ഞെടുത്തതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടല്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുണ്ടായിരുന്നു. യാതൊരു വിവാദവും തീണ്ടാത്ത വ്യക്തിത്വം കൂടിയാണ് രേഖാ ഗുപ്ത. സൗത്ത് ദല്‍ഹിയിലെ മേയര്‍ എന്ന നിലയില്‍ ഗംഭീരപ്രകടനമാണ് രേഖാ ഗുപ്ത കാഴ്ചവെച്ചത്.
ബംഗാളില്‍ മമത ബാനര്‍ജിക്കുപോലും വനിത മുഖ്യമന്ത്രി എന്ന അവകാശവാദം ഉന്നയിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് ദല്‍ഹിയില്‍ ബിജെപി അത് സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: