മകരസംക്രാന്തിയിൽ ആരംഭിച്ച് മഹാശിവരാത്രിയിൽ സമാപിക്കുന്ന പ്രയാഗയിലെ മഹാകുംഭമേള ലോകത്തിന്റെ നേതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയുടെ ഗതിവേഗം കൂട്ടുകയാണ്. ഭാരതമേ ഉണരൂ ലോകത്തെ ആത്മീയതയാൽ കീഴടക്കൂ എന്ന സ്വാമി വിവേകാനന്ദന്റെ ഒരു നൂറ്റാണ്ടിനപ്പുറം മുഴങ്ങിയ ആഹ്വാനമാണ് ഒരൊറ്റ കുംഭമേളയിലൂടെ നടപ്പാവുന്നത്.
കോടാനുകോടി ആളുകൾ…. മതമില്ല, ജാതിയില്ല, ലിംഗഭേദമില്ല, ഇടതില്ല, വലതില്ല… പണക്കാരനും പാവപ്പെട്ടവനുമില്ല…. ത്രിവേണിയുടെ പുണ്യസ്നാനത്തിൽ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്… ഡീപ് സ്റ്റേറ്റിന്റെ പിണിയാളുകളായ, രാഹുലിൽ തുടങ്ങി ഖാർഗെയിൽ എന്നേക്കുമായി അവസാനിക്കുന്ന കോൺഗ്രസുകാർക്ക് ഇത് ദഹിക്കില്ല.
രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവർ പുണ്യസ്നാനം ചെയ്തു. ആത്മീയതയ്ക്കെതിരെ കൊടികെട്ടി സമരം നടത്തുന്ന കേരളത്തിൽനിന്ന് മാത്രം ലക്ഷക്കണക്കിനാളുകൾ പവിത്രഗംഗയിൽ മുങ്ങിക്കുളിച്ചു.
നാല്പത്തഞ്ച് ദിവസത്തെ മഹാകുംഭമേളയിൽ സംന്യാസിമാരും ഭക്തകോടികളും നിർവഹിക്കുന്നത് ഒരു ചരിത്രദൗത്യമാണെന്ന തിരിച്ചറിവിലാണ് ആഗോളസാമ്പത്തികശക്തികളുടെ കൂലിപ്പണിക്കാർ ഇപ്പോഴും കൂവിത്തോല്പിക്കാൻ വല്ലാതെ പാടുപെടുന്നത്.
അവരെ ഭയപ്പെടുത്തുന്നത് കുംഭമേളയിലുയരുന്ന എെക്യകാഹളമാണ്. പ്രയാഗയിൽ മൂന്ന് ദിവസമായി നടന്ന വനവാസി സംഗമത്തിൽ പങ്കെടുത്തത് രാജ്യത്തെ എല്ലാ ഗോത്രവിഭാഗങ്ങളിൽ നിന്നുമുള്ള 25000 വനവാസി പ്രതിനിധികളാണ്. ഗോത്രസംസ്കൃതിയും ധർമ്മവും പാരമ്പര്യവും സംരക്ഷിക്കുമെന്ന് അവർ പ്രതിജ്ഞ ചെയ്തു. യുവകുംഭ എന്ന പേരിൽ നടന്ന ഗോത്രവർഗ യുവാക്കളുടെ സംഗമത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ആടിയും പാടിയും ആഘോഷമാക്കിയ ആ വനവാസി സംഗമത്തിലാണ് ഗോത്രസംസ്കൃതിയെ വണങ്ങാതെ മഹാകുംഭം പൂർണമാകില്ലെന്ന് ജൂന അഖാഡ അധിപതി മഹാമണ്ഡലേശ്വർ സ്വാമി അവധേശാന്ദ ഗിരി മഹാരാജ് പ്രഖ്യാപിച്ചത്.
ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെ അനായാസം മറികടന്നാണ് പതിനായിരക്കണക്കിന് വനവാസി സഹോദരർ മഹാകുംഭത്തിനെത്തിയത്. ഇതുപോലെ വനവാസി ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവും അനുഭവിക്കാൻ എല്ലാ സംന്യാസിമാരും വീണ്ടും വീണ്ടും വനമേഖലകളിലേക്ക് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വനവാസി സമൂഹത്തെ രാജ്യത്തിനെതിരെ തിരിക്കാൻ ആസൂത്രിത പരിശ്രമങ്ങൾ ജാതിസെൻസസിന്റെയും മറ്റും പേരിൽ നടത്തുന്നതിനിടെയാണ് അതിന്റെയൊക്കെ അടിവേരറുത്ത് സമാനതകളില്ലാത്ത ഐക്യത്തിന്റെ ആഹ്വാനം കുംഭമേളയിൽ മുഴങ്ങുന്നത്.
സർക്കാരുകൾ പിടിച്ചുവച്ചിരിക്കുന്ന ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള സമരകാഹളവും കുംഭമേളയിൽ മുഴങ്ങി. സംന്യാസിമാരുടെ ധർമ്മസൻസദും വിശ്വഹിന്ദു പരിശഷത്തിന്റെ നേതൃയോഗവും ഇൗ ദിശയിലുള്ള പ്രഖ്യാപനങ്ങൾ നടത്തി. രാജ്യത്തിന്റെ തെക്കും വടക്കും ലക്ഷക്കണക്കിനാളുകളെ സംഘടിപ്പിച്ച് മഹാസമ്മേളനങ്ങൾ, എല്ലാ മുഖ്യമന്ത്രിമാരെയും കണ്ട് നിവേദനം നൽകൽ തുടങ്ങിയ ആദ്യഘട്ട പരിപാടികളോടൊപ്പം രാജ്യമാകെ ക്ഷേത്രങ്ങൾക്ക് നേരെ ഉയരുന്ന വെല്ലുവിളികൾ പഠിക്കുകയും സമരം നടത്തുകയും ചെയ്യും.
മഹാകുംഭ മഹാജ്ഞാനകുംഭയ്ക്കും വേദിയായി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് ആഹ്വാനം മുഴങ്ങി. ഭാരതീയർ പരമ്പരാഗത ജ്ഞാനത്തിന്റെ ഉപാസകർ മാത്രമല്ല പുത്തൻ അറിവിന്റെ ഉപജ്ഞാതാക്കളുമാകണമെന്ന് പ്രഖ്യാപനമുണ്ടായി…. ലോകം പ്രയാഗയിൽ പുണ്യസ്നാനം ചെയ്യുമ്പോൾ ഭാരതം ഗ്രഹഗ്രഹാന്തരയാത്രയ്ക്ക് ഒരുങ്ങുകയാണ്. ബഹിരാകാശ സാങ്കേതിക വിദ്യയിൽ എെഎസ്ആർഒ ആഗോള നേതൃത്വത്തിലേക്ക് പടിപടിയായി ഉയരുന്നു. സ്പേസ് ഡോക്കിങ് എക്സ്പരിമെന്റിലൂടെ ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്ക് ഭാരതം ഒരു ചുവട് കൂടി അടുക്കുന്നു. നിർമ്മിത ബുദ്ധിയുടെ ലോകത്ത് നമ്മുടെ വാക്കുകൾക്ക് ലോകം കാതോർക്കുന്നു.
ഇൗ കുതിപ്പ് കണ്ടും കേട്ടും ഇരിക്കപ്പൊറുതിയില്ലാത്തവർ കുംഭമേളയിലെ തിക്കും തിരക്കും വാർത്തയാക്കി കോൾമയിർ കൊള്ളട്ടെ…. ഭാരതം കുതിക്കുകയാണ്, മഹാകുംഭ ആ കുതിപ്പിന് കരുത്തേകുകയാണ്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: