ന്യൂഡല്‍ഹി: രേഖ ഗുപ്തയാണ് ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി.സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മ്മയേയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയുമാണ് തീരുമാനിച്ചത്.
ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എം.എല്‍.എയായത്. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.
ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) മുന്‍ പ്രസിഡന്റാണ് രേഖ ഗുപ്ത. 2007ലും 2012ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുന്നത്.
1992 ല്‍ ദൗലത് റാം കോളജിന്റെ സമര ഭരിതമായ ഇടനാഴികളില്‍ വിദ്യാര്‍ത്ഥി പരിഷത്തിനെ നയിച്ച പോരാട്ട വീര്യത്തിന്റെ പേരാണ് രേഖാ ഗുപ്ത എന്നത്. അവകാശ സമരങ്ങളിലെ നായിക. കാമ്പസിലെ കരുത്ത് രേഖയെ എത്തിച്ചത് ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്റെ അമരത്ത്….. 1994 യൂണിയന്‍ സെക്രട്ടറി. 1995ല്‍ പ്രസിഡന്റ്…..
എ ബി വി പി നേതാവ് വിദ്യാര്‍ത്ഥികളുടെയാകെ നേതാവായി. യൂണിവേഴ്‌സിറ്റി അഡ്മിഷന് കോമണ്‍ ഫോം വേണമെന്ന് ആവശ്യമുയര്‍ത്തിയതും നടപ്പാക്കിയതും രേഖയാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി യു ബസ് കാമ്പയിന്‍ നടത്തിയത് രേഖയാണ്. കാമ്പസ് പീഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിമുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് രേഖയാണ്. സ്വകാര്യ ട്യൂഷനുകള്‍ മതിയാക്കി റഗുലര്‍ ക്ലാസുകളിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത് രേഖയാണ്.
2003 ല്‍ രേഖ യുവമോര്‍ച്ചയുടെ ദല്‍ഹി സെക്രട്ടറിയായി. 2004ല്‍ ദേശീയ സെക്രട്ടറിയായി.
2007 ല്‍ ഉത്തരി പീതാംപുരയില്‍ നിന്ന് രേഖാ ഗുപ്ത കൗണ്‍സിലറായി. വനിതാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി…
പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്ന സുമേധ യോജന അക്കാലത്ത് ഏറെ ചര്‍ച്ചയായി. പുതിയ വനിതാ ജനപ്രതിനിധികള്‍ക്ക് ഭരണ പരിചയം നല്കാന്‍ നിരവധി ക്ലാസുകള്‍ നടത്തി. സുഷമ സ്വരാജ് ആയിരുന്നു രേഖയുടെ അഭ്യര്‍ത്ഥനപ്രകാരം ഈ ക്ലാസുകളില്‍ സംസാരിച്ചത്.
പീതാംപുരയില്‍ വനിതകള്‍ക്ക് സീതാവാടിക എന്ന പേരില്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചത് രേഖയാണ്.
അടിസ്ഥാന ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് രേഖയാണ്.
മഹിളാമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായി ദല്‍ഹിയില്‍ ആപ്പ് ദുര്‍ഭരണത്തിനെതിരെ രേഖ നയിച്ച സമരങ്ങള്‍ അഴിമതിക്കാര്‍ക്ക് തലവേദനയായി.
2010 മുതല്‍ ബി ജെ പി യുടെ ദേശീയ നിര്‍വാഹക സമിതിയംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: