Entertainment

ചായക്കടയില്‍ നിന്നും സിനിമയിലേക്ക്;ഒഡീഷ സ്വദേശി ചന്തുവും ഇനി മോഹന്‍ലാലിനൊപ്പം

Published by

ഒഡീഷ സ്വദേശി ചന്തു നായിക്ക് ഇനി മോഹന്‍ലാലിനൊപ്പം അഭിനയിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ സിനിമയിലാണ് ചന്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക. മലയാള സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമാവുമായി മൂന്ന് വര്‍ഷം മുമ്പാണ് ഒഡീഷ സ്വദേശിയായ ചന്തു കേരളത്തില്‍ എത്തിയത്.

ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതോടെയാണ് ചന്തുവിന് അഭിനയമോഹം വന്നത്. സല്‍മാന്‍ ഖാനൊപ്പം 2 സിനിമകളില്‍ ചന്തു അഭിനയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹം വരികയും കേരളത്തിലേക്ക് എത്തുകയുമായിരുന്നു. ചുള്ളിക്കല്‍ നസ്രത്തിലുള്ള ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഇതിനിടെ കുട്ടനാട്ടില്‍ ചിത്രീകരിച്ച ഒരു ഷോര്‍ട്ട് ഫിലിമില്‍ ചന്തു പ്രധാന വേഷത്തില്‍ അഭിനയിച്ചു. ഹൃദയപൂര്‍വ്വം ചിത്രത്തില്‍ ഹോട്ടലിലെ ഒരു കിച്ചന്‍ ബോയിയുടെ വേഷത്തിലാണ് ചന്തു അഭിനയിക്കുക. ചെറിയ റോളിലാണെങ്കിലും മോഹന്‍ലാലിനെ കാണാനായതും സെല്‍ഫി എടുക്കാനായതും ഒക്കെ വലിയ ഭാഗ്യമാണ് എന്നാണ് ചന്തു പറയുന്നത്.

അതേസമയം, സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മാളവിക മോഹനന്‍ ആണ് നായികയാവുന്നത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by