തിരുവനന്തപുരം: മഹാകുംഭമേളയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുത്തപ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു നിന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാത്രം. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കുംഭമേളയോട് പുറന്തിരിഞ്ഞുനിന്ന ഈ നടപടിയെ ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുകയാണ് ആനന്ദവനം ഭാരതി സ്വാമികള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ജുന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് ആനന്ദവനം ഭാരതി സ്വാമികള്‍. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഹിന്ദുസമാജത്തെ തഴഞ്ഞ് മഹാകുംഭമേളയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച കേരളത്തിലെ സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം തെറ്റായിപ്പോയെന്ന് ആനന്ദവനം ഭാരതി സ്വാമികള്‍ വിമര്‍ശിച്ചു.
വിശ്വാസികളായ ഹിന്ദുക്കളാണ് കേരളത്തില്‍ വോട്ടിന്റെ കാര്യത്തിലും വോട്ട് ശതമാനത്തിലും ഒന്നാമതുള്ളത്. അതിനെ അവഗണിച്ചിരിക്കുകയാണ് മഹാകുംഭമേളയില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലൂടെ കേരളസര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ സര്‍ക്കാരില്‍ വിശാലമായ കാഴ്ചപ്പാടുള്ളവര്‍ വേണ്ടത്ര ഇല്ലാത്തതാണ് കാരണം.- ആനന്ദവനം ഭാരതി പറയുന്നു.
ജമ്മു കശ്മീരിന്റെ വരെ ടൂറിസം വകുപ്പ് പ്രയാഗ് രാജില്‍ ഓഫീസ് തുറന്നിട്ടുണ്ട്. അവര്‍ അവരുടെ ടൂറിസം പ്രൊമോഷന്‍ പ്രയാഗ് രാജില്‍ നടത്തുന്നു. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും ഒരു കഥകളിയുടേതോ, ആനയുടെയോ, പ്രകൃതിഭംഗിയുടേയോ ഒരു ബോര്‍ഡ് പോലും ഇല്ല. കേരളം കാണിച്ചത് വലിയ മണ്ടത്തരമാണ്. ഒരു സംസ്ഥാനത്തെ മനോഹരമായി ഷോ കേസ് ചെയ്യാവുന്ന അവസരം കേരളം തുലച്ചുകളഞ്ഞു. കേരളമൊഴികെ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും പ്രയാഗ് രാജില്‍ കുംഭമേളയ്‌ക്ക് എത്തി.
സനാതനധര്‍മ്മത്തെ വിമര്‍ശിക്കുന്ന ഡിഎംകെയുടെ തമിഴ്നാട് പോലും എത്തി, ദൈവത്തിന്റെ സ്വന്തം നാട് ഇല്ല
“സനാതനധര്‍മ്മത്തെ വിമര്‍ശിക്കുന്ന ഡിഎംകെ ഭരിയ്‌ക്കുന്ന സംസ്ഥാനമായ തമിഴ്നാട് പോലും കാര്‍ഡ് ബോര്‍ഡ് കൊണ്ട് ഒറിജിനല്‍ എന്ന് തോന്നിക്കുന്ന മനോഹരമായ ക്ഷേത്രം പണിത് വെച്ചിട്ടുണ്ട്. 60 ലക്ഷം വിദേശികളുടെ വിസ ഇവിടെ മഹാകുംഭമേളയ്‌ക്ക് പ്രോസസ് ചെയ്തിരുന്നു. ഏകദേശം ഒന്നരക്കോടി വിദേശികളെയാണ് പ്രതീക്ഷിക്കുന്നത്. അത്രയും വിദേശികളുടെ മുന്‍പില്‍ കേരളത്തെ അവതരിപ്പിക്കാന്‍ സാധിക്കുന്ന അവസരമാണ് കേരള സര്‍ക്കാര്‍ തുലച്ചുകളഞ്ഞത്”. – ആനന്ദവനം ഭാരതി സ്വാമികള്‍ വിമര്‍ശിക്കുന്നു.
സഹോദരന്‍ അയ്യപ്പനെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ കേരള സര്‍ക്കാരില്‍ ഇല്ലാത്തതാണ് കാരണം. അല്ലെങ്കില്‍ ഒന്നരക്കോടിയോളം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന മഹാകുംഭമേളയില്‍ കേരളത്തെ പ്രൊമോട്ട് ചെയ്യാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. – ആനന്ദവനം ഭാരതി പറഞ്ഞു.
കേരളത്തിന്റെ ഒരു ചെണ്ടമേളമോ, കഥകളിയോ, തിറയോ ഉണ്ടായിരുന്നെങ്കില്‍….
കഴിഞ്ഞ കുംഭമേളയ്‌ക്ക് വ്യാപകമായി പരസ്യം ചെയ്ത കേരളത്തിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനമാണ്. കുംഭമേളയില്‍ പരസ്യം ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം ആ സ്ഥാപനം ഉത്തരേന്ത്യയില്‍ മുഴുവന്‍ ശാഖകള്‍ ആരംഭിച്ചത്. യുഎസ്, കാനഡ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് വ്ളോഗര്‍മാരാണ് കുംഭമേളയ്‌ക്ക് എത്തുന്നത്. ഒരു ദിവസം കുംഭമേളയെക്കുറിച്ച് 10 ലക്ഷം വീഡിയോയെങ്കിലും ഉണ്ടാകുന്നുണ്ട്. ഇതില്‍ ആഴ്ചയിലൊരിക്കല്‍ കേരളത്തിലെ ഒരു ചെണ്ടമേളമോ, കഥകളിയോ, തിറയോ ഒക്കെ കേരള ടൂറിസം നടത്തിയിരുന്നെങ്കില്‍ ലോകത്തെ എത്രയോ ആളുകള്‍ അത് കണ്ടേനെ. അവര്‍ പിന്നീട് ഇതിന്റെ വേരുകള്‍ തേടി പിന്നീട് കേരളത്തില്‍ എത്തിയേനെ. പക്ഷെ കേരളത്തിലെ സര്‍ക്കാരില്‍ ദീര്‍ഘവീക്ഷണമില്ലാത്തതിനാല്‍ നല്ലൊരു അവസരം നഷ്ടമായി. കഴിവുള്ളവര്‍ക്ക് പകരം ഒഴിവുള്ളവര്‍ വരുമ്പോഴുള്ള പ്രശ്നമാണിത്. – സ്വാമി ആനന്ദവനം ഭാരതി പറയുന്നു.
യുപിയില്‍ മഹാകുംഭമേളയ്‌ക്ക് 600 കോടി ചെലവാക്കി എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ കേട്ടോളൂ, യുപി സര്‍ക്കാര്‍ 600 കോടിയല്ല, 6000 കോടിയാണ് കുംഭമേളയ്‌ക്ക് ചെലവാക്കിയിരിക്കുന്നത് എന്നും ആനന്ദവനം ഭാരതി പറഞ്ഞു. പൂര്‍വ്വാശ്രമത്തില്‍ മലയാളിയായ യുവാവായിരുന്നു പിന്നീട് ആനന്ദവനം ഭാരതിയായി മാറിയത്.
ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ചില ആത്മീയാനുഭവങ്ങളിലൂടെ അദ്ദേഹം സനാതനധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജുന അഖാഡയില്‍ ചേരുകയായിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയിലാണ് അദ്ദേഹത്തെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: