ന്യൂദൽഹി: സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന ഭഗവാൻ കൃഷ്ണന്റെ നഗരമായ ദ്വാരകയുടെ എല്ലാ വശങ്ങളും തെളിവുകളും ശേഖരിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പര്യവേക്ഷണം ആരംഭിച്ചു. എഎസ്ഐയിലെ അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി) പ്രൊഫ. അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് ചൊവ്വാഴ്ച ദ്വാരക തീരത്ത് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണം ആരംഭിച്ചത്.
ഡയറക്ടർ (ഖനന-പര്യവേക്ഷണ) എച്ച്.കെ. നായക്, അസിസ്റ്റന്റ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന എന്നിവരടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണത്തിനായി ഗോമതി തീരത്തിന് സമീപമുള്ള ഒരു പ്രദേശം തിരഞ്ഞെടുത്തു. ഈ പര്യവേക്ഷണത്തിലൂടെ ദ്വാരക നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകൾ ശേഖരിക്കുമെന്ന് എഎസ്ഐ പറയുന്നു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള എഎസ്ഐയുടെ ദൗത്യത്തിലെ ഒരു പ്രധാന ചുവടുവയ്‌പ്പാണ് ജലാന്തര പര്യവേക്ഷണം. എഎസ്ഐയുടെ നവീകരിച്ച അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് (യു.എ.ഡബ്ല്യു) 1980-കൾ മുതൽ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഗവേഷണത്തിൽ മുൻപന്തിയിലാണ്. 2001 മുതൽ ബംഗാരം ദ്വീപ് (ലക്ഷദ്വീപ്), മഹാബലിപുരം (തമിഴ്നാട്), ദ്വാരക (ഗുജറാത്ത്), ലോക്തക് തടാകം (മണിപ്പൂർ), എലിഫന്റ ദ്വീപ് (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിൽ ഈ വിഭാഗം പര്യവേക്ഷണം നടത്തിവരുന്നു.
നേരത്തെ 2005 മുതൽ 2007 വരെ ദ്വാരകയിൽ അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് കടൽത്തീരത്തും കരയിലും ഖനനം നടത്തിയിരുന്നു. ഇതുവരെ 200 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നാവികസേനയും പുരാവസ്തു വകുപ്പും സംയുക്തമായി 2005 ലും പിന്നീട് 2007 ലും നടത്തിയ പര്യവേക്ഷണത്തിൽ എ.എസ്.ഐയുടെ മാർഗനിർദേശപ്രകാരം ഇന്ത്യൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിജയകരമായി പുറത്തെടുത്തിരുന്നു.
2005-ൽ നാവികസേനയുമായി സഹകരിച്ച് പുരാതന നഗരമായ ദ്വാരകയിലേക്ക് നടത്തിയ പര്യവേഷണത്തിനിടെ കടലിന്റെ ആഴങ്ങളിൽ നിന്ന് വെട്ടിമാറ്റിയ കല്ലുകൾ കണ്ടെത്തുകയും ഏകദേശം 200 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സമഗ്രമായ ഒരു സർവേയ്‌ക്ക് ശേഷം പുരാവസ്തു ഗവേഷകർ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഗുജറാത്തിലെ കച്ച് ഉൾക്കടലിനടുത്തുള്ള ദ്വാരക നഗർ തീരപ്രദേശത്ത് വെള്ളത്തിനടിയിൽ ഖനനം നടത്തുകയും അവിടെ ചുണ്ണാമ്പുകല്ലുകൾ അടിഞ്ഞുകൂടിയത് കണ്ടെത്തുകയും ചെയ്തു.
പുരാവസ്തു ഗവേഷകനായ പ്രൊഫ. എസ്.ആർ. റാവുവും സംഘവും 1979–80 ൽ കടലിൽ 560 മീറ്റർ നീളമുള്ള ദ്വാരക മതിലും കണ്ടെത്തിയിരുന്നു. അവ ബിസി 1528 മുതൽ ബിസി 3000 വരെ പഴക്കമുള്ളതാണ്. ഇതിനുപുറമെ സിന്ധുനദീതട നാഗരികതയുടെ നിരവധി അവശിഷ്ടങ്ങളും അദ്ദേഹം കണ്ടെത്തി. കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലത്ത് നടത്തിയ ഖനനത്തിനിടെ അദ്ദേഹം നിരവധി രഹസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: