ഭാരതതത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന ഭാവിയാണ് രാജ്യം വിഭാവനം ചെയ്യുന്നത്. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അതാണു സൂചിപ്പിക്കുന്നത്. സാമൂഹിക ക്ഷേമത്തിനും, ശാക്തീകരണത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ള ഈ ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ യുവാക്കളെ നിര്‍ണായക ശക്തിയായി കാണുന്നു. 2047 -ല്‍ ഭാരതത്തെ നയിക്കേണ്ട ഇന്നത്തെ യുവജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ബജറ്റില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു.
‘ഗരീബ്, യുവ, അന്നദാതാ, നാരി’ എന്നിങ്ങനെ നാല് പ്രധാന തൂണുകളെ ഊന്നിയുള്ള ബജറ്റ് രാജ്യത്തെ ദരിദ്രരെയും, യുവാക്കളെയും, കര്‍ഷകരെയും, വനിതകളെയും സാമൂഹികമായി ഉയര്‍ത്തുന്നതിനായുള്ള പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പുഷ്ടവുമാണ്. ഗവേഷണം, സംരഭകത്വം, നൈപുണ്യ വികസനം , തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലൂടെയുള്ള ആകമാനമായ വികസനവും ഇതില്‍ ലക്ഷ്യമാകുന്നു. ഈ വര്‍ഷം ആകെ 1,28,650 കോടി രൂപയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനായി ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഇത് മുന്‍ വര്‍ഷത്തേക്കാളും 6.22% വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 50,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ സജ്ജീകരിക്കുമെന്ന് ഇതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ശാസ്ത്ര പഠനത്തിനും നൈപുണ്യ വികസനത്തിനും ഇവ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തേകും. ‘ഭാരത് നെറ്റ്’ പ്രോജക്ടിലൂടെ എല്ലാ വിദ്യാലയങ്ങളിലേക്കും സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍, ദേശീയ പ്രാധന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 65,000 ല്‍ നിന്നും 1.35 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. ഇതിനായി , 2014 ന് ശേഷം ആരംഭിച്ച അഞ്ച് ഐ.ഐ.ടി കളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ കൊണ്ട് വന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുവാനും സാധിക്കും. മാതൃഭാഷയിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി , ‘ഭാരതീയ ഭാഷാ പുസ്തക സ്‌കീം’ മുഖാന്തരം ഡിജിറ്റല്‍ രൂപത്തിലുള്ള ഭാഷാ പുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും. ആരോഗ്യം, കൃഷി, സുസ്ഥിര വികസനം എന്നിവ അടിസ്ഥാനമാക്കിയുള്ള മൂന്ന് അക സെന്റര്‍ ഓഫ് എക്സലന്‍സുകള്‍ക്കായി 2023-24 ബജറ്റില്‍ തന്നെ 900 കോടി അനുവദിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് , പുതിയ ബജറ്റില്‍ നാലാമതൊരു അക സെന്റര്‍ ഓഫ് എക്സലന്സിനായി 500 കോടി അനുവദിച്ചിരിക്കുന്നത്. അക സാങ്കേതിക വിദ്യയുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ പുതിയ സെന്ററിന്റെ ഉദ്ദേശ ലക്ഷ്യം.
സ്വാശ്രയ മേഖലയിലുള്ള ഗവേഷണ, നൈപുണ്യ വികസന കേന്ദ്രങ്ങള്‍ക്ക് കരുത്ത് പകരാനായി 20,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഐ.ഐ.ടി, ഐസര്‍ പോലെയുള്ള സ്ഥാപങ്ങളില്‍ പഠിക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ഫെല്ലോഷിപ്പായി ഒരു ലക്ഷം രൂപ വരെ ലഭിച്ചു വന്നിരുന്ന പി.എം റീസേര്‍ച്ച് ഫെല്ലോഷിപ്
(PMRF) സ്‌കീമിന്റെ ഗുണഭോക്താക്കളുടെ സംഖ്യയെ വര്‍ധിപ്പിച്ച് 10,000 ത്തിലേക്ക് ആക്കുവാനും തീരുമാനമായിട്ടുണ്ട്. ‘ജ്ഞാന ഭാരതം’ എന്ന പദ്ധതിയിലൂടെ 1 കോടിയിലധികം പരമ്പരാഗത ഗ്രന്ഥങ്ങള്‍ സംരക്ഷിച്ച്, സര്‍വേ നടത്തി , അവയെ ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്കായി നല്‍കുവാനും പ്രഖ്യാപനം വന്നിട്ടുണ്ട്. പൊതു വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പ്രത്യേകമായി നടത്തിയ പ്രഖ്യാപനങ്ങളില്‍ ചിലത് പരിശോധിക്കാം.
പൊതു വിദ്യാഭ്യാസ – സാക്ഷരതാ മേഖല
78572 കോടി രൂപയാണ് ആകമാനമായി ഈ മേഖലയില്‍ അനുവദിച്ചിട്ടുള്ളത്. 7% (5074 കോടി രൂപ) അധിക വര്‍ധനവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇവയില്‍ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും അധികം, കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും – പുതിയ നിര്‍മാണങ്ങള്‍ക്കും വേണ്ടിയാണ് പ്രഖ്യാപിച്ചത്. 9053 കോടി രൂപയാണ് ഇവയ്‌ക്കായി ആകെ അനുവദിച്ചിട്ടുള്ളത്. നവോദയ വിദ്യാലയങ്ങള്‍ക്കാവട്ടെ 5305 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനം നേടുന്ന ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിവര്‍ഷം 6000 രൂപ നല്‍കി വരുന്ന ദേശീയ സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 374 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളത്. സൗജന്യവും – സമഗ്രവുമായ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാനുള്ള വലിയൊരു പരിശ്രമമായി ഇതിനെ കാണാന്‍ സാധിക്കും. സര്‍ക്കാരിന്റെ മുഖമുദ്രയായിട്ടുള്ള പദ്ധതികള്‍ക്കായി അനുവദിച്ച തുകയിലും വന്‍ വര്‍ദ്ധനവ് വന്നിട്ടുണ്ട്. സമഗ്ര ശിക്ഷാ പദ്ധതിയ്‌ക്കായി 41249 കോടി രൂപയും, പി.എം. പോഷന്‍ പദ്ധതിയ്‌ക്കായി 12500 കോടി രൂപയും, രാജ്യമാകമാനമുള്ള തിരഞ്ഞെടുക്കപ്പെട്ട 15000 വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന പി.എം. ശ്രീ വിദ്യാലയങ്ങള്‍ക്കായി 7500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍, ഒപ്പം മറ്റ് അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തങ്ങളെ ശാക്തീകരിക്കുന്ന പദ്ധതികളെ സമന്വയിപ്പിച്ച് കൊണ്ടാണ് സമഗ്ര ശിക്ഷാ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. വനവാസി മേഖലയിലുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രി ജനജാതീയ ആദിവാസി ന്യായ മഹാ അഭിയാനും ഇതിലുള്‍പ്പെടുന്നു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്ന ഉച്ച ഭക്ഷണ പദ്ധതിയാണ് സമൂല മാറ്റങ്ങളോടെ പി.എം. പോഷന്‍ പദ്ധതിയായി വന്നിട്ടുള്ളത്.
ഉന്നതവിദ്യാഭ്യാസ മേഖല
42732 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കായി നീക്കിവച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാളും 7.42% വര്‍ദ്ധനവ് ഇതിലുണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കായി 16146.11 കോടി രൂപയും , കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള കല്പിത സര്‍വ്വകലാശാലകള്‍ക്ക് 605 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. യു.ജി.സി ക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് വിഹിതമാണ് ഇവയില്‍ ഏറ്റവും അധികമായിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൂര്‍ണ്ണ തോതിലുള്ള നിര്‍വഹണത്തിനും, പുതിയ ശമ്പള പരിഷ്‌കരണത്തിനും സമയമായതിനാല്‍, 33.4% അധികം വര്‍ദ്ധനവ് ആണ് ഈ ബജറ്റില്‍ ഉണ്ടായിട്ടുള്ളത്. 3335.97 കോടി രൂപയാണ് യു.ജി.സി ക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ , ഐ.ഐ.ടികള്‍ക്കായി 11349 കോടി രൂപയും, എന്‍.ഐ.ടി കള്‍ക്കായി 5687.47 കോടി രൂപയും, ഐ.ഐ.എം – കള്‍ക്ക് 251.89 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയില്‍ അലഹബാദ്, ഗ്വാളിയോര്‍, ജബല്‍പൂര്‍, കാഞ്ചീപുരം എന്നിവടങ്ങളിലെ ഐ.ഐ.ഐ.ടി കള്‍ക്ക്പ്രത്യേകമായി 407 കോടി രൂപയും, സര്‍ക്കാര്‍ – സ്വാശ്രയ കരാറില്‍ പുതിയ ഐ.ഐ.ഐ.ടി കള്‍ സ്ഥാപിക്കുന്നതിനായി 115.2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന് മാത്രമായി 900 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവന്തപുരത്ത് ഉള്‍പ്പടെയുള്ള ഐസറുകള്‍ക്കായി 1353.33 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭാരതീയ ജ്ഞാന പാരമ്പരയിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയും, സംസ്‌കൃതം, ഹിന്ദി, ഉറുദു, സിന്ധി, തമിഴ് ഉള്‍പ്പടെയുള്ള ഭാരതീയ ഭാഷകളുടെ പ്രചരണാര്‍ത്ഥം 343.03 കോടി രൂപയും വിനിയോഗിക്കും. അടിസ്ഥാന-ഗവേഷണ സൗകര്യ വികസനത്തിനായി കോളേജുകള്‍ക്കും-സര്‍വ്വകലാശാലകള്‍ക്കും നല്‍കിവരുന്ന പ്രധാനമന്ത്രി ഉച്ചതര്‍ ശിക്ഷാ അഭിയാനില്‍ ഉള്‍പ്പെടുത്തി 1815 കോടി രൂപയും, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 681 കോടി രൂപയും അനുവദിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: