തിരുവനന്തപുരം : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പുതിയ മന്ദിരോദ്ഘാടനം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദയും, കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും ചേർന്നു ഫെബ്രുവരി ഇരുപതിന്, രാവിലെ പത്ത് മണിക്ക് നിർവ്വഹിക്കും.
കേന്ദ്ര പെട്രോളിയം പ്രകൃതിവാത-ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ഡോ. ശശി തരൂർ എംപി, നിതി ആയോഗ് അംഗവും ശ്രീചിത്ര മുൻ പ്രസിഡന്റുമായ ഡോ. വി കെ സാരസ്വത്, മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, കടകമ്പള്ളി സുരേന്ദ്രൻ എംഎൽഎ , മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പ്രധാൻ മന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജനക്ക് കീഴിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായാണ് കെട്ടിടത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്.ശ്രീചിത്രയുടെ പശ്ചാത്തലസൗകര്യ വികസനത്തിലെ നാഴികക്കല്ലാണ് പുതിയ പിഎംഎസ്എസ്‌വൈ മന്ദിരം. പൊതുജനങ്ങൾക്ക് അത്യാധുനിക ചികിത്സ നൽകുന്നതിനുള്ള ശ്രീചിത്രയുടെ പരിശ്രമങ്ങൾക്ക് ഇത് കരുത്തേകും. ഒൻപത് നിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആകെ വിസ്തൃതി 270000 ചതുരശ്ര അടിയാണ്. പൂർണ്ണമായും ശിതീകരിച്ച കെട്ടിടത്തിൽ തീവ്രപരിചരണ സേവനങ്ങൾക്ക് മാത്രമായി 130 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പേവാർഡിനായി 40 മുറികളുമുണ്ട്.
പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ ഒൻപത് അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ, എംആർഐ & സിടി സ്‌കാൻ വിഭാഗം, മൂന്ന് കാത്ത് ലാബുകൾ, സ്ലീപ് സ്റ്റഡി യൂണിറ്റ്, എക്കോകാർഡിയോഗ്രാഫി സ്യൂട്ട്, നോൺ- ഇൻവേസീവ് കാർഡിയോളജി ഇവാല്യൂവേഷൻ സ്യൂട്ട് മുതലായവയുണ്ടാകും. രോഗികൾക്കായി വെൽനസ് സെന്റർ, കൗൺസിലിംഗ് കേന്ദ്രങ്ങൾ, കഫറ്റീരിയ മുതലായവയും പുതിയ കെട്ടിടത്തിൽ സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: