ഈഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് വിഭാഗത്തില്‍ സിഇഒയും എംഡിയുമായ രാധിക ഗുപ്ത
മുംബൈ: “ഇപ്പോള്‍ ഓഹരി വിപണി നരകമാണെന്ന് തോന്നുന്നുണ്ടോ? ഇപ്പോള്‍ മാത്രമല്ല, 2008ലും 2020ലും ഇതുപോലെ ഓഹരി വിപണി നരകതുല്ല്യമായിരുന്നു എന്നോര്‍ക്കുക..അതിനാല്‍ സൂക്ഷിച്ച് മുന്നേറുക”- ഈഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് വിഭാഗത്തില്‍ സിഇഒയും എംഡിയുമായ രാധിക ഗുപ്ത ഓഹരി നിക്ഷേപകര്‍ക്ക് നല്‍കുന്ന ഉപദേശമാണിത്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച രാധിക ഗുപ്തയുടെ ഈ പോസ്റ്റ് വൈറലാണ്.
“2008ലെയും 2020ലേയും നഷ്ടങ്ങളില്‍ നിന്നും നമ്മള്‍ കരകയറി. അതുപോലെ ഈ പ്രതിസന്ധിയും നമ്മള്‍ അതിജീവിക്കും. മോശം സമയം അധികകാലം നീണ്ടുനില്‍ക്കില്ല. വിവേകമുള്ള നിക്ഷേപകര്‍ ഇതിനെയെല്ലാം അതിജീവിക്കും.”- രാധിക ഗുപ്ത പറയുന്നു.
ഓഹരിവിപണി കഴിഞ്ഞ എട്ടു ദിവസമായി താഴേക്കുപോകുന്നതിനാല്‍ പല ചെറു നിക്ഷേപകര്‍ക്കും പണം നഷ്ടമാകുന്നതിന്റെ വാര്‍ത്തകള്‍ ചിലര്‍ ബോധപൂര്‍വ്വം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. ഏക്സെഞ്ചര്‍ എന്ന കമ്പനിയിലെ ജീവനക്കാരനായ ഗുര്‍ജോത് അഹ്ലുവാലിയയ്‌ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വിപണിയുടെ വീഴ്ച മൂലം ഏട്ട് ലക്ഷം രൂപ നഷ്ടമായി എന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇങ്ങിനെപോയാല്‍ അടുത്ത 50 ദിവസങ്ങളില്‍ എന്റെ നിക്ഷേപം മുഴുവന്‍ ആവിയാകും എന്ന് നിലവിളിക്കുകയാണ് ഗുര്‍ജോത് അഹ്ലുവാലിയ. പക്ഷെ ഇതുപോലെ തന്നെ ഈ നിക്ഷേപകന്‍ വന്‍തോതില്‍ ലാഭമെടുത്ത നാളുകളായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ എന്ന കാര്യം മറന്നുകൂടാ. കഴിഞ്ഞ 11 വര്‍ഷമായി ഓഹരി വിപണിയില്‍ കുറെശ്ശേയായി ചെറിയ ചെറിയ തുകകള്‍ നിക്ഷേപിച്ച ഗുര്‍ജോത് അഹ്ലുവാലിയയുടെ നിക്ഷേപം വളര്‍ന്ന് അഞ്ച് കോടിവരെയായി ഉയര്‍ന്നിട്ടുമുണ്ട്. ഇപ്പോള്‍ ഡോളര്‍ ശക്തിപ്രാപിക്കുന്ന അസാധാരണസാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനാലാണ് വലിയ തോതില്‍ വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്.
ഓഹരിവിപണി എന്നത് ബാങ്കില്‍ പണം പലിശയ്‌ക്ക് നിക്ഷേപിക്കുന്നത് പോലെ സുരക്ഷിതമായ ഒരു ബിസിനസല്ല എന്ന കാര്യം നിക്ഷേപകര്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപം സ്വീകരിക്കുമ്പോള്‍ അവര്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രധാനകാര്യമുണ്ട്- നിങ്ങളുടെ നിക്ഷേപം വിപണിയിലെ റിസ്കുകള്‍ക്ക് ബാധകമാണ്. അതായത് വിപണി ഇടിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപവും ഇടിയും. ബാങ്കിലെ സ്ഥിരനിക്ഷേപമാകട്ടെ എല്ലാ കാലത്തും അതുപോലെ നിലനില്‍ക്കും. പക്ഷെ പലിശ വഴിയുള്ള നേട്ടം കുറവായിരിക്കും. എന്തുകൊണ്ടാണ് ആളുകള്‍ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നത്?.പെട്ടെന്ന് ലാഭം കൊയ്യാനുള്ള ആര്‍ത്തി തന്നെ. അത്തരം ഇടങ്ങളില്‍ റിസ്കും ഒപ്പം ഉണ്ടാകും എന്നോര്‍ക്കുക.
ഓഹരി നിക്ഷേപം ധാരാളം ക്ഷമവേണ്ട ഒരു ബിസിനസാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഓഹരിവിപണി ഇറങ്ങുന്ന നാളുകളാണെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉപദേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ സാധാരണ നിക്ഷേപകര്‍ ഇതൊന്നും ചെവിക്കൊള്ളാതെ പഴയതുപോലെ പതിന്മടങ്ങ് ലാഭം പ്രതീക്ഷിച്ച് നിക്ഷേപം ഇറക്കിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിച്ച് വിപണി ഉയരുന്നതിനായി അല്‍പം ക്ഷമയോടെ കാത്തിരിക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. നഷ്ടമായവര്‍ ആ നഷ്ടം സഹിച്ച് അല്‍പം ക്ഷമയോടെ കാത്തിരിക്കണമെന്നും ഇവര്‍ ഉപദേശിക്കുന്നു.
എന്താണ് ഓഹരിവിപണിയുടെ തകര്‍ച്ചയുടെ പ്രധാനകാരണങ്ങള്‍?
1. യുഎസ് ഡോളറിന്റെ മൂല്യം കൂടുന്നു: പല കാരണങ്ങളാല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുഎസ് ഡോളറിന്റെ മൂല്യം ട്രംപ് അധികാരത്തില്‍ വന്നതോടെ ഒന്നുകൂടി ഉയര്‍ന്നു
2. യുഎസ് താരിഫ് ഉയര്‍ച്ച: മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുങ്കം വര്‍ധിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം യുഎസ് ഡോളറിനെ ശക്തമാക്കി.
3. യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ പ്രഖ്യാപനം: ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കില്ലെന്ന യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ പ്രഖ്യാപനം ഡോളറിന്റെ മൂല്യം കുറയില്ലെന്ന ധാരണയുണ്ടാക്കി.
4.വിദേശ നിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചു:വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും വന്‍തോതിലാണ് നിക്ഷേപം പിന്‍വലിച്ചത്. കഴിഞ്ഞ 30 ദിവസങ്ങളില്‍ ഏകദേശം ആയിരം കോടി ഡോളര്‍ (88000 കോടി രൂപ.)
ആണ് പിന്‍വലിച്ചത്.
5. കമ്പനികളുടെ മൂല്യവും വരുമാനവും തമ്മിലുള്ള അന്തരം: ഓഹരി വിപണിയില്‍ കഴിഞ്ഞ കുറെ മാസങ്ങളായുള്ള ഉയര്‍ച്ച മൂലം പല കമ്പനികളുടെയും മൂല്യം ഉയര്‍ന്നനിലയിലാണ്. എന്നാല്‍ കമ്പനികളുടെ വരുമാനം അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ചേരുന്നില്ലെന്നതാണ് ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
6. യുഎസില്‍ ബോണ്ട് വരുമാനം കൂടുന്നു: ഡോളര്‍ ശക്തിപ്പെട്ടതോടെ യുഎസില്‍ ബോണ്ടുകളുടെ വരുമാനം വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ വന്‍നിക്ഷേപകരെല്ലാം യുഎസ് ബോണ്ടുകളില്‍ പണം നിക്ഷേപിക്കുന്ന തിരക്കിലാണ്.
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെ നിക്ഷേപം നടത്തണമെന്ന ഉപേദശമാണ് ഓഹരിവിപണിയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ നല്‍കുന്നത്. പെട്ടെന്ന് ലാഭമുണ്ടാക്കാമെന്ന വ്യാമോഹത്താല്‍ വഞ്ചിതരാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക