തൃശൂര്‍: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍ ക്രൂരമായ റാഗിങ്ങിന് വിധേയമായത് മൂലം ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍, കേരളത്തിലെ കലാലയങ്ങള്‍ ക്രൂരമായ റാഗിങ്ങിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സിദ്ധാര്‍ത്ഥനെ അതിക്രൂരമായി റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തവരെല്ലാം ഇന്നും നിയമത്തിന് പുറത്താണ്. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ക്രൂര റാഗിങ്ങിന് സിദ്ധാര്‍ത്ഥനെ വിധേയമാക്കിയതായി തെളിയുകയും, കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയും, സര്‍വകലാശാലയുടെ നിയമ വിഭാഗത്തിന്റെ ചുമതല വഹിക്കുകയും, ഇടതുപക്ഷ അനധ്യാപക സംഘടനയുടെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍, ആന്റി റാഗിങ് കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം നടപടിക്ക് വിധേയമായ സ്വന്തം മകന്റെ ശിക്ഷ, മതിയായ കാരണങ്ങള്‍ ഒന്നും തന്നെ കൂടാതെ റദ്ദാക്കാന്‍ വിസിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്ത സംഭവവും ഇതിനിടെ പുറത്തുവന്നു. ഈ ഉദ്യോഗസ്ഥക്കെതിരെ യാതൊരു അച്ചടക്ക നടപടികളുമുണ്ടായില്ലെന്നു മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി സര്‍വകലാശാലയുടെ ആസ്ഥാനത്തു തന്നെയുള്ള അക്കാഡമിക് വിഭാഗത്തില്‍ നിയമിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുന്‍ ലീഗല്‍ സെല്‍ മേധാവി എന്ന നിലയില്‍ ഇപ്പോഴും ഇവരുടെ അഭിപ്രായം തേടാറുണ്ടെന്നാണ് സര്‍വകലാശാല വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.
പൂക്കോട് വെറ്ററിനറി കോളജ് ഡീനിന്റെയും അസി. വാര്‍ഡന്റെയും പങ്ക് അന്വേഷിക്കുവാന്‍ സര്‍വകലാശാല ഒരു ആഭ്യന്തര അന്വേഷണ സമിതിയെ നിയമിച്ചിരുന്നുവെങ്കിലും, ആ റിപ്പോര്‍ട്ട് പരിഗണിക്കേണ്ട എന്ന നിലപാടാണ്, സര്‍വകലാശാല സ്വീകരിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ രജിസ്ട്രാറുടേയും സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറുടെയും വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. സര്‍വകലാശാലയുടെ ആന്റി റാഗിങ് കമ്മിറ്റി ചെയര്‍മാനായ രജിസ്ട്രാര്‍, പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലുകളില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയെന്നാണ് ഈ ഉദ്യോഗസ്ഥര്‍ ആഭ്യന്തര സമിതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം ഇദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കപ്പെട്ടില്ല. പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കോടതിക്കേസുകളില്‍ സര്‍വകലാശാലയുടെ എല്ലാ സത്യവാങ്മൂലവും രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും തയ്യാറാക്കിയാണ് സമര്‍പ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ ഏതൊരു സത്യവാങ്മൂലവും സമര്‍പ്പിക്കുവാനും സാധിക്കൂ.
സിദ്ധാര്‍ത്ഥന്‍ കേസ് കോടതിയില്‍ കൈകാര്യം ചെയ്യന്നതിലും സര്‍വകലാശാലക്ക് വലിയ വീഴ്ചകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥനെ മൃഗീയമായി പീഡിപ്പിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതിനുപകരം, അവരോട് മൃദുസമീപനം പുലര്‍ത്തിയതിനാലാണ്, അവരെ തുടര്‍പഠനത്തിനായി കോളജില്‍ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കേണ്ട എന്ന നിലപാട് സര്‍വകലാശാല സ്വീകരിച്ചത്. മാത്രവുമല്ല, സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നയുടന്‍ തന്നെ അവരെ പ്രവേശിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങുകയും ചെയ്തു. ഈ വിധി സ്റ്റേ ചെയ്യണമെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതിനാല്‍ മാത്രമാണ് അവരുടെ തുടര്‍പഠനം താത്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തത്.
സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ 47 റാഗിങ് കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. റാഗിങ് കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി മാറുകയാണ് എന്നുള്ളതാണ് വസ്തുത. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍, ഒരു റാഗിങ് കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: