കോട്ടയം : കടുത്ത രാഷ്‌ട്രീയ സമ്മർദ്ദത്തിലും മേൽ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി രാഷ്‌ട്രീയ ഭീഷണിയിലും പീഡനത്തിലും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയും വെല്ലുവിളിയുമാണ് നേരിടുന്നതെന്ന് ബിജെപി നേതാവ് എൻ.ഹരി ആരോപിച്ചു. ഇടതു സർക്കാരിൻറെ അടിച്ചമർത്തൽ നയത്തിൽ ആത്മവീര്യം നഷ്ടപ്പെട്ടിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൾക്ക്.
പോലീസ് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞു പോക്കും, ആത്മഹത്യയും കഴിഞ്ഞ10 വർഷങ്ങളിൽ വർദ്ധിച്ചു. ഇതിനു പ്രധാന കാരണം ഭരണകക്ഷി പുലർത്തുന്ന വേട്ടയാടൽ നയമാണ്. രാഷ്‌ട്രീയ മേലാളന്മാരുടെ ശാസന അനുസരിക്കാൻ അനീതി നടപ്പാക്കേണ്ടിവരുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടി വരുന്നത് കനത്ത മാനസിക സമ്മർദ്ദമാണ്.
ഇടതു സർക്കാരിൻറെ വേട്ടയാടലിൽ മുഖവും മനസ്സും നഷ്ടപ്പെട്ട് ആത്മവീര്യമില്ലാത്ത അവസ്ഥയിലാണ് സാധാരണ പോലീസ് ഉദ്യോഗസ്ഥർ. സാധാരണ പോലീസ് ഉദ്യോഗസ്ഥർ കർത്തവ്യ നിർവഹണത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന കടമ്പകൾ മനം മടുപ്പിക്കുന്നതാണ്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ അർഹമായ അനുകൂല്യമോ സംരക്ഷണമോ നൽകുന്നില്ല. അധിക ഡ്യൂട്ടി,വകുപ്പുതലത്തിലുള്ള മാനസിക പീഡനം, ഇതെ തുടർന്നുള്ള ജീവിതശൈലി രോഗങ്ങളുടെ ദുരിതം ഇതെല്ലാം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.
സാധാരണ പോലീസ് ഉദ്യോഗസ്ഥർക്ക് അധിക ഡ്യൂട്ടിയിലുള്ള റിസ്ക് അലവൻസ് ആയി വെറും110 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അങ്ങേയറ്റം അപകടകരവും ജീവൽ ഭീഷണിയിലുമാണ് ആക്രമണകാരികളായ കുറ്റവാളികളെ പിടികൂടുന്നത്. വളരെ ഒറ്റപ്പെട്ട വിജനമായ സ്ഥലങ്ങളിൽ കൊടും കുറ്റവാളികളുടെ ഒളിവിടം കണ്ടെത്താനും പിടികൂടാനും ഫോട്ടോയെടുക്കാനും പലപ്പോഴും ജീവൻ പണയം വെച്ചാണ് പോലീസ് ഉദ്യോഗസ്ഥർ പോകുന്നത്. ഇത്തരം രഹസ്യ ഓപ്പറേഷനുകൾ മുഴുവൻ രാത്രിയിൽ ആയതിനാൽ അതീവ റിസ്കിൽ സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഉത്തരവാദിത്വം നിറവേറ്റുന്നത്. കോട്ടയത്ത് തെരുവുഗുണ്ടയുടെ ചവിട്ടേറ്റ് യുവ പോലീസ് ഉദ്യോഗസ്ഥൻ ശ്യാം പ്രസാദ് കൊല്ലപ്പെട്ടത് അടുത്തയിടെയാണ്.
ഡ്യൂട്ടിക്കിടയിലുള്ള അപകട റിസ്ക് അലവൻസ് അലവൻസ് വർദ്ധിപ്പിക്കുന്നതിനും മുഖം തിരിച്ച് നിൽക്കുകയാണ്. ജോലിക്കിടയിൽ എന്ത് സംഭവിച്ചാലും ഉദ്യോഗസ്ഥന് ലഭിക്കുന്നത് ഈ നാമമാത്ര തുക മാത്രമാണ്. കാലാനുസൃതമായി ഇത് വർദ്ധിപ്പിക്കാൻ പോലും തയ്യാറാകുന്നില്ലെന്നതാണ് സങ്കടകരം. പരിഷ്കൃത സമൂഹത്തിന് ചേർന്ന രീതിയിൽ പോലീസ് സേനയെ മാറ്റുന്നതിന് അധികാരികൾ തയ്യാറാകാത്തതാണ് കേരളം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമെന്നും ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: