കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് എഴുതിയ നാല് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ലേഖന സമാഹാരങ്ങളായ ‘മിത്തും സയൻസും ഒരു പുനർ വായന’എന്ന പുസ്തകം കവി ശ്രീകുമാരൻ തമ്പിക്ക് നൽകി കഥാകൃത്ത് ടി പത്മനാഭനും ‘കാഴ്ചകൾ ഉൾക്കാഴ്ചകൾ’ എഴുത്തുകാരി എംപി അനിതയ്‌ക്കു നൽകി നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും പ്രകാശനം ചെയ്തു.
കവിതാസമാഹാരങ്ങളായ ‘പുത്തനാട്ടം’ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി പരിശുദ്ധ ബസേലിയോസ് മാർതോമാ മാത്യുസ് തൃതീയൻ കത്തോലിക്ക ബാവയും ‘ഞാറ്റുവേല’ ഡോ യൂഹാനോൻ ദിയസ്കോറസ് മെത്രാപ്പോലീത്തായ്‌ക്ക് നൽകി സുഹന്നദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും പ്രകാശിപ്പിച്ചു.
മാനുഷികമായ നിയമവ്യവഹാരത്തിലൂടെയും മനുഷ്യന്റെ നീതിബോധത്തിലൂടെയും സാമൂഹികമായി മറഞ്ഞിരിക്കുന്ന സത്യത്തെ പ്രകാശത്തിലേക്ക് ആനയിക്കുന്ന ആഴമേറിയ അന്വേഷണങ്ങൾ എന്നാണ് അവതാരികയിൽ റസൂൽ പൂക്കുട്ടി ‘മിത്തും സയൻസും ഒരു പുനർ വായന’ എന്ന പുസ്തകത്തെ വിലയിരുത്തുന്നത്. കാഴ്ചകളും കാണാപ്പുറങ്ങളും കാട്ടിത്തരുന്ന ആശയ സമൃദ്ധമായ വാഗ്മയചിത്രങ്ങൾ എന്ന് പെരുമ്പടവം ശ്രീധരൻ അവതാരികയിൽ വിശേഷിപ്പിച്ച ബൃഹത്തായ ഉപന്യാസസമാഹാരമാണ് ‘കാഴ്ചകൾ, ഉൾക്കാഴ്ചകൾ’.
തത്വശാസ്ത്രത്തെയും ഇതിഹാസത്തെയും ചുറ്റുമുള്ള ജീവിതയാഥാർഥ്യങ്ങളുടെ കാവ്യച്ചരടിൽ കോർത്തിട്ട ഹാസ്യകവിതകൾ എന്ന് ചെമ്മനം ചാക്കോ അവതാരികയിൽ വിശേഷിപ്പിച്ച കാവ്യസമാഹാരമാണ് ‘പുത്തനാട്ടം’. നിത്യജീവിതത്തിന്റെ സമസ്യകൾക്ക് ഉത്തരം തേടുന്ന ഒരന്വേഷകന്റെ കാവ്യോപാസനയെന്നാണ് 51 കവിതകളടങ്ങിയ ‘ഞാറ്റുവേല’യെ പ്രശസ്ത കഥാകൃത്ത് വൈശാഖൻ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: