ടെഹ്റാൻ : ഇസ്രായേലിനെതിരെ വീണ്ടും ഭീഷണി മുഴക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) സീനിയർ ഡെപ്യൂട്ടി കമാൻഡറായ അലി ഫദാവി. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്-3’ യുദ്ധ നടപടി ശരിയായ സമയത്ത് നടക്കുമെന്ന് ഫദാവി ഭീഷണിപ്പെടുത്തിയെന്ന് ഇറാൻ ഇന്റർനാഷണൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിൽ ഒക്ടോബർ മാസങ്ങളിൽ ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം 90 ശതമാനത്തിലധികം മിസൈലുകളും ആകാശത്ത് വെച്ച് നശിപ്പിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും ഐആർജിസിയുടെ ഫദാവി ഇസ്രായേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകത്തിലെ ദുഷ്ടന്മാർ നമുക്കെതിരെ യുദ്ധം ചെയ്യാത്ത ഒരു ദിവസം പോലും ഇതുവരെ കടന്നുപോയിട്ടില്ലെന്ന് ഫദാവി പറഞ്ഞതായാണ് റിപ്പോർട്ട്. അമേരിക്കയെ ഏറ്റവും വലിയ പിശാചായി വിശേഷിപ്പിച്ച ഫദാവി നമുക്കൊപ്പം യുദ്ധം ചെയ്തവരും അവർക്കൊപ്പമുണ്ടെന്ന് പറഞ്ഞു. ഇറാന്റെ സ്ഥാപകൻ ആയത്തുള്ള റുഹുള്ള ഖൊമേനിയാണ് 1979 നവംബർ 5 ന് അമേരിക്കയെ ഏറ്റവും വലിയ പിശാചും മുറിവേറ്റ പാമ്പും ആണെന്ന് ആദ്യമായി വിശേഷിപ്പിച്ചത്.
അതേ സമയം ഇറാൻ ഇപ്പോൾ ഒരു യുദ്ധം തുടങ്ങാൻ ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചാൽ നിരവധി കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഇറാൻ ഒരു ആണവ ബോംബ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ അമേരിക്കയും ഇസ്രായേലും, ഒരു ഇസ്ലാമിക രാജ്യത്തിനും ആണവ ബോംബ് പോലുള്ള മാരകമായ ബോംബ് ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. അവർ അതിനെ തടയാൻ നിരന്തരം ശ്രമിക്കുന്നു.
അമേരിക്ക ഇറാനുമേൽ ഒന്നിനുപുറകെ ഒന്നായി ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ്. എന്നാൽ സമാധാനത്തിന്റെ വഴിയെന്നോണം ഇറാനെ ആക്രമിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഏറെ പിന്നോട്ട് പോയിരുന്നു. ഇറാനിൽ ബോംബിട്ട് നിരപരാധികളെ കൊല്ലാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ ബോംബ് സ്വന്തമാക്കാനുള്ള പിടിവാശി ഇറാൻ ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിനായി നമ്മൾ ചർച്ചകൾ നടത്തും. ഇറാൻ ഒരു മഹത്തായ രാജ്യമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ആണവായുധങ്ങൾ ഇല്ലാത്ത രാജ്യമായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഇറാന്റെ ആണവായുധ ഭീഷണിയെ പരസ്യമായി എതിർക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വർഷം ഒക്ടോബറോടെ ഡൊണാൾഡ് ട്രംപുമായുള്ള ആണവ കരാർ അന്തിമമാക്കിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ ഇതിനകം ഇത് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇറാനും യുദ്ധത്തിന്റെ വഴിയെ പോകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: