പൂക്കോട് വെറ്റിനറി കോളജില്‍ ക്രൂരമായ റാഗിംഗിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മയുടെ കണ്ണുനീർ ഇപ്പോഴും തോർന്നിട്ടില്ല. മകന് തുള്ളി വെള്ളം പോലും ഇറക്കാനാവാത്ത വിധം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്ഷം തികയുകയാണ്. മകന്‍ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും ഇനി ഒരേയൊരു പ്രതീക്ഷ കോടതി മാത്രമാണെന്നും കണ്ണീരുണങ്ങാത്ത കണ്ണുകളോടെ ഷീബയും ജയപ്രകാശും പറയുന്നു.
സോഷ്യൽ മീഡിയയിൽ തന്റെ മകനെ കുറിച്ചുള്ള ഓർമ്മകൾ അമ്മ ഷീബ പങ്കുവെക്കാറുണ്ട്. സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ആവര്‍ത്തിച്ചു. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസിലാകും. കൊലപാതകികള്‍ക്ക് ലഭിക്കുന്ന അതേശിക്ഷ ഈ പ്രതികള്‍ക്ക് ലഭിച്ചാലേ നീതി കിട്ടിയെന്ന് താന്‍ പറയൂ. താന്‍ ഈ അവസരത്തില്‍ ആരേയും കുറ്റം പറയാനില്ലെന്നും നീതിയ്‌ക്കായി കാത്തിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥന്‍രെ അച്ഛന്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥന്ന് ഉണ്ടായ പൈശാചിക റാഗിംഗ് ഇനി ആവർത്തിക്കരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ച ആ അച്ഛനും അമ്മയ്‌ക്കും ഈ വര്‍ഷം വീണ്ടും നിരവധി റാഗിംഗ് സംഭവങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നു. ഏറ്റവും ഒടുവിൽ : കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ക്രൂരതകളാണ്.
ക്രൂരതയേറ്റു വാങ്ങിയ വിദ്യാർത്ഥിയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ, അധ്യാപകന്റെ നിർദ്ദേശപ്രകാരം ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് പോയതോടെയാണ് സീനിയർ വിദ്യാർത്ഥികൾ ബിൻസ് ജോസിനെ പിടികൂടിയത്. ഇടിമുറിയിലെത്തിച്ച ബിൻസ് ജോസിനെ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ച് ഒരു മണിക്കൂറോളം സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.
ബിൻസ് ജോസിന്റെ കൂട്ടുകാരനായ അഭിഷേകിനാണ് ആദ്യം അടി കിട്ടിയത്. അഭിഷേകിന്റെ നട്ടെല്ലിനായിരുന്നു മർദ്ദനമേറ്റത്. ഇതോടെ അഭിഷേക് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിപ്പോയി. എന്നാൽ, ബിൻസിന് ഓടിരക്ഷപെടാൻ സമയം കിട്ടുംമുമ്പേ സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
വട്ടമിട്ട് പിടിച്ച തന്റെ മകനെ നേരെ അവരുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയതെന്ന് ബിൻസിന്റെ പിതാവ് ജോസ് പറയുന്നു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ചാണ് മകനെ മർദ്ദിച്ചത്. അവന്റെ തലയിലും നെഞ്ചിലും മുതുകിലുമെല്ലാം അടിച്ചു. അവൻ ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ചു കീറി. ഒരു മണിക്കൂറോളം ഷർട്ടില്ലാതെയാണ് അടികിട്ടി അവൻ ആ ഇടിമുറിയിൽ കഴിഞ്ഞതെന്നും ജോസ് പറഞ്ഞു.ടീ ഷർട്ട് വലിച്ചുകീറിയപ്പോൾ മകന്റെ കഴുത്തിൽ ഇത് കുരുങ്ങി. വെപ്രാളം വന്ന് അവൻ പിടഞ്ഞു.
കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. പിന്നെയും വളഞ്ഞിട്ട് മർദ്ദിച്ചു. വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പ്രിൻസിപ്പലിനോടും പറയരുതെന്ന് വിലക്കി. ശേഷം ഇവന്റെ ഫോൺ പിടിച്ചുവാങ്ങി വച്ചു. ഇതെല്ലാം കഴിഞ്ഞ് മുട്ടുകുത്തി 15 മിനിറ്റോളം ഇടിമുറിയിൽ നിർത്തിയെന്നും ജോസ് വെളിപ്പെടുത്തി.
വീട്ടിൽ വന്നിട്ടും പേടിച്ച് മകൻ ഒന്നും പറഞ്ഞില്ല. ഡോക്ടറോടാണ് എല്ലാ കാര്യങ്ങളും അവൻ പറഞ്ഞത്. മാനസികമായി അവൻ ഓക്കെയായിട്ടില്ല. കൗൺസിലിങ്ങിനു കൊണ്ടുപോകണമെന്നാണ് പ്രിൻസിപ്പലും ടീച്ചറും പറഞ്ഞത്. അവനാകെ പേടിച്ചിരിക്കുകയാണ് ഇപ്പോഴും. ക്ലാസിൽ പോകുന്നില്ല. നല്ല തലവേദനയുണ്ട്. പല്ലിനും വേദനയുണ്ട്. ശരീരത്തിന്റെ ഒരു ഭാഗമാകെ വേദനയെന്നാണ് പറയുന്നത്. ഇനി വ്യാഴാഴ്ച ചെക്കപ്പിനു കൊണ്ടുപോകണം. വളരെ പ്രതീക്ഷയോടെയാണ് അവനെ പഠിക്കാൻ വിട്ടത്. മോനെ കൊല്ലാക്കൊല ചെയ്തിട്ട് നോക്കിയിരിക്കാനാകില്ലെന്നും ജോസ് പറഞ്ഞു.
സീനിയർ വിദ്യാർഥികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നാണ് ബിൻസ് ജോസിന്റെ പിതാവ് ജോസ് ആവശ്യപ്പെടുന്നത്. റാഗിങ്ങിനു ശേഷം മകൻ ശാരീരികമായും മാനസികമായും തകർന്നെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറ വേങ്ങോട് സ്വദേശിയായ ജോസ് ദീർഘകാലം പ്രവാസി ആയിരുന്ന ശേഷം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: