തൊടുപുഴ: വന്യമൃഗങ്ങളെ നേരിടാന്‍ ഗോത്ര സേന രൂപീകരിക്കണമെന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കര്‍മപദ്ധതി ശുദ്ധ തട്ടിപ്പാണെന്നും ആദിവാസി ഏകോപന സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വനവാസികളെ വനത്തില്‍ നിന്ന് ആട്ടിയോടിച്ച് വനംവകുപ്പും എന്‍ജിഒകളും അവിടം കൈയടക്കിയതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കാരണം. വനാന്തരങ്ങളിലും വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമായി 31 ഗോത്ര സമൂഹങ്ങള്‍ കേരളത്തിലുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കുന്ന മറ്റ് ഗോത്രവര്‍ഗ സമൂഹങ്ങളുമുണ്ട്. ഇവരെല്ലാം വന്യമൃഗങ്ങളുടെ ജീവിതരീതിയും സഞ്ചാരവും, മനസിലാക്കി ജീവിക്കുന്നവരാണ്.
ഗോത്രസമൂഹങ്ങളെ വിശ്വാസത്തിലെടുക്കാതെ, മൃഗങ്ങളും ഗോത്രങ്ങളും, വനവും തമ്മിലുള്ള സന്തുലിതാവസ്ഥ തകിടംമറിച്ച് നടപ്പാക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങളാണ് വന്യമൃഗ ശല്യത്തിന് കാരണം. കുട്ടമ്പുഴ വനവാസി മേഖലയില്‍ കാട്ടാനശല്യം കുറവായത് വന്യമൃഗങ്ങളെ നേരിടാന്‍ ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തിയതിനാലാണ്. ഗോത്രങ്ങള്‍ക്ക് വനം തിരികെ നല്‍കണം. മുളളുമുളവേലികള് ആന പ്രതിരോധത്തിന് ഫലപ്രദമാണ്. വിഭവങ്ങള്‍ ശേഖരിക്കാനും അവര്‍ക്ക് ജീവിക്കാനും കേന്ദ്ര നിയമപ്രകാരമുള്ള അവകാശം ഉറപ്പുവരുത്തണം. കാട്ടുപന്നികളെ വേട്ടയാടാനും ഭക്ഷിക്കാനുമുളള വനവാസികളുടെ അവകാശം നിലനിര്‍ത്തണം.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലേക്കും, ഫോറസ്റ്റ് ഓഫീസുകളിലേക്കും സംഘടന മാര്‍ച്ച് നടത്തും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗോത്രവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട റവന്യൂ പട്ടയം അട്ടിമറിക്കപ്പെട്ടതായും സമിതി സംസ്ഥാന പ്രസിഡന്റ് കെ.എം. അശോക്കുമാര്, ജനറല്‍ സെക്രട്ടറി പി.എ. മോഹനന്, ട്രഷറര്‍ ശശീന്ദ്രന് എം.ഐ, ജില്ലാ പ്രസിഡന്റ് ശ്രീജിത് ഒ.എസ്. എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: