കോട്ടയം: ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികൾ എസ്എഫ്ഐക്കാരെല്ലെന്ന മന്ത്രി വി.എൻ വാസവന്റെ പ്രസ്താവന മലയാളികളുടെ സാമാന്യബോധത്തെ പരിഹസിക്കൽ ആണെന്ന് ബിജെപി നേതാവ് എൻ.ഹരി.
സംഭവം വിവാദമായ ശേഷം ആദ്യമായി പ്രതികരിച്ചത് പ്രതികളെ കൈകഴുകുന്നതിനായിരുന്നു. പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം അറിയാൻ പാഴൂർ പടിക്കൽ പോകണ്ട അവസ്ഥയില്ല. സോഷ്യൽ മീഡിയയിലെ അവരുടെ ഇതുവരെയുള്ള പ്രൊഫൈലുകളും ഇടപെടലുകളും മാത്രം നോക്കിയാൽ മതി. ഇടതുപക്ഷ അനുകൂല സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും നാട്ടിൽ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനും ആയിരുന്നു മുഖ്യപ്രതി എന്നത് മന്ത്രി ബോധപൂർവ്വം വിസ്മരിക്കുകയാണോ. റാഗിംഗ് ഇരകളെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നത് പാർട്ടി – ഭരണബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു.
കേസിൽ പാർട്ടിക്കാർ ഉൾപ്പെട്ടാൽ അവരെ മുൻകാല പ്രാബല്യത്തോടെ പുറത്താക്കിയിരുന്നു എന്ന് പ്രസ്താവന ഇറക്കുന്നതിൽ ഒരു ജാള്യതയും നേതാക്കൾക്ക് ഇല്ല. ആ സമീപനം കേരളത്തിലെ ജനങ്ങൾ വിശ്വസിക്കണം എന്നതാണ് നിലപാട്.
കേരളം ആശങ്കയോടെ കാണുന്ന കേസിലെ എഫ്ഐആറിൽ ഗുരുതരമായ തെറ്റ് വരുത്തിയത് ആരെയോ രക്ഷിക്കാനുള്ള വ്യഗ്രതയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രമാദമായ കേസിൽ ആദ്യം റാഗിംഗ് നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ലാതെ വന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം. കുറ്റവാളികളെ വെള്ളപൂശാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കരുതിയാൽ തെറ്റ് പറയാൻ ആവില്ല. എഫ്ഐആറിലെ അവ്യക്തത അന്വേഷണം കൂടുതൽ പ്രതികളിലേക്ക് എത്താതിരിക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കമാണോ എന്ന് സന്ദേഹമുണ്ട്. അതുവഴി നിലവിലുള്ള പ്രതികളെ രക്ഷിക്കാനും കഴിയും.
അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ പ്രതികളിലേക്ക് എത്തുമെന്നും മന്ത്രിമാർ പ്രഖ്യാപിക്കുമ്പോഴും വഞ്ചി തിരുനക്കരയിൽ തന്നെയാണെന്നും ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: