മുംബൈയിലെ കോച്ചിവിറയ്‌ക്കുന്ന മഞ്ഞുകാലം മാറിയ ഒരു ഫെബ്രുവരിയിലാണ് ബപ്പി ലാഹിരിയെ ആദ്യമായി കണ്ടുമുട്ടിയത്. സ്ഥലം ബാന്ദ്ര ബാന്റ് സ്റ്റാന്റിലെ മെഹബൂബ് സ്റ്റുഡിയോ. ഇതിനുള്ള അവസരം ഒരുക്കിത്തന്നതാകട്ടെ കൊച്ചിക്കാരനായ വി. മേനോനും. ബോളിവുഡില്‍ പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് മേനോന്‍. അതില്‍ പകുതിയും സിനിമകളുടെ പാട്ടുകള്‍ കമ്പോസു ചെയ്തത് ബപ്പി ലാഹിരിയാണ്. സനം തേരേ ഹേ ഹം എന്ന ചിത്രത്തിലെ പൈസാ ദേ പൈസ… എന്ന ഗാനം സൂപ്പര്‍ഹിറ്റും പോപ്പുലറുമായി. പ്രേം ചോപ്രയും മൈക്കിള്‍ ജാക്സനുമായിരുന്നു സീനിലഭിനയിച്ച താരങ്ങള്‍.
വി. മേനോന്‍ ഐ.വി.ശശിയുടെ അസിസ്റ്റന്റായി അരഡസനിലേറെ മലയാള ചിത്രങ്ങളില്‍ വത്സന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേനോന്‍ നിര്‍മ്മാണ ചുമതലകൂടി വഹിച്ച കന്നി ചിത്രമാണ് താജ് ഔര്‍ തല്‍വാര്‍. അതിനുള്ള അലങ്കാരമായി സ്റ്റുഡിയോവില്‍ അങ്ങിങ്ങ് ചിത്ര പരസ്യവും തൂക്കിയിട്ടുണ്ട്. ആ സിനിമയുടെ ആദ്യഘട്ടമായ റെക്കോഡിങ്ങിനാണ് വിശിഷ്ട അതിഥികള്‍ എത്തിയിരുന്നത്. സ്വാഭാവികമായും ഒട്ടുമുക്കാലും പേര്‍ ഫിലിം സെലിബ്രിറ്റികള്‍. മേനോന്‍ എന്നെ കൂട്ടികൊണ്ട് ചെന്നത് ബപ്പി ലാഹിരിയുടെ അരികിലേക്ക്. പാട്ടിലെ സരിഗമ ഹൈപഞ്ച് ആവേശത്തിലാണ് ലാഹിരി. ദേഹത്താകെ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ധരിച്ചിരുന്ന പുതുപുത്തന്‍ വെള്ള സഫാരി സൂട്ടിനത് നന്നായി ഇണങ്ങുന്ന കോമ്പിനേഷന്‍. ഒറ്റനോട്ടത്തില്‍ വെട്ടിത്തിളക്കം തന്നെ.
”ഇതെന്റെ സോള്‍ഗഡി. ഫിലിം ജേണലിസ്റ്റാണ്” മേനോന്‍ പരിചയപ്പെടുത്തി. സംഗീതജ്ഞന്‍ ഈ ലോകത്തൊന്നുമല്ലാത്ത ഭാവം. റിതം തെറ്റാതെ ഹരംപിടിച്ചു മൂളിപ്പാടിക്കൊണ്ട് ഹസ്തദാനം. ”ഹലോ, വെല്‍ക്കം.” സ്വാഗതവും നേര്‍ന്നു. മനസ്സില്‍ മഞ്ഞുത്തുള്ളികള്‍ വീണ് കുളിരേറ്റ അനുഭവം. മേനോന്‍ വീണ്ടും ബപ്പി സാഹബ്ബിനെ സ്വകാര്യം മൊഴിഞ്ഞ് ശല്യപ്പെടുത്തി.
”പുള്ളിയുടെ ഹാപ്പി ബര്‍ത്ത് ഡേ ആണിന്ന്. ഒന്നു വിഷ് ചെയ്താല്‍ ഇംപ്രസാകും.” കേട്ടപാതി കേള്‍ക്കാത്ത പാതി ബപ്പി സാഹബ്ബിന്റെ മൂഡുമാറി. തൊട്ടടുത്തെത്തി. ”അരേ അരേ അരേ… ബര്‍ത്ത്ഡേ ബോയ്.” ആഹ്ലാദത്തിലൊരു ഗാഢമായ ആലിംഗനം തന്നു. ആശംസാ വാത്സല്യം ഓര്‍ക്കാപ്പുറത്തായിരുന്നു. നല്ല കസ്തൂരി മണക്കുന്ന പെര്‍ഫ്യൂം സുഗന്ധം എന്നെയും പൊതിഞ്ഞു. സ്വര്‍ഗ്ഗീയ അനുഭൂതിയില്‍ ലയിച്ചുനിന്നു.
അതില്‍നിന്ന് വേര്‍പെട്ടതും ഇരുതോളും തട്ടി ചുടുചൂടോടെ സുദിനത്തിന്റെ അഭിനന്ദന വര്‍ഷവും ചൊരിഞ്ഞു. ”ഒരു പാട്ടു കൂടിയായാല്‍ സെലിബ്രേഷന്‍ ഗ്രാന്റായി” അടുത്ത അഭ്യര്‍ത്ഥനകൂടി. സംവിധായകന്‍ ശങ്കിച്ച് അപേക്ഷ വച്ചു.
”വൈ നോട്ട്.” ബപ്പി സാഹബ്ബ് ഉപേക്ഷ കാട്ടാതെ സന്നദ്ധനായി. ”എന്റെ ഫേവറിറ്റ് സോങ് തന്നെ പിടിച്ചോ.” ഭാരിച്ച തൊണ്ട തടവി വിടര്‍ത്തി. വായ് ശുദ്ധി വരുത്തി. ചടുന്നനേ സീന്‍ മാറ്റി ആലാപനത്തിനു തയ്യാറെടുത്തു. സമീപത്തുണ്ടായിരുന്നവര്‍ കേള്‍ക്കാന്‍ ഉത്സുകരായി വട്ടംകൂടി.
വണ്‍ ടൂ ത്രീ പറഞ്ഞതും കരഘോഷം മുഴങ്ങി. മുഴുത്ത തൊണ്ട വീര്‍പ്പിച്ച് ഉച്ചത്തില്‍ പാടുകയായി. ”ഗോ രോം കീ നാകാ ലോംകീ ദുനിയാ ഹേ ദില്‍ വാലോം കീ.. നാസോനാ നാ ചാന്ദി ഹംകോ പ്യാര്‍…” മിഥുന്‍ ചക്രവര്‍ത്തി നായകനായ ഡിസ്‌ക്കോ ഡാന്‍സറിലെ ഗാനം. അതേ ശ്രുതിയിലും രാഗത്തിലും തപ്പലും തടയലുമില്ലാതെ പാടി പൂര്‍ത്തിയാക്കി. ആരാധകരുടെ കരഘോഷ മേളം തിരുതകൃതി. ”നന്ദി, മതി മതി” കയ്യുയര്‍ത്തി ബപ്പി സാഹബ്ബ് അറിയിച്ചു.
പരിസരം ശാന്തമായതോടെ പ്രഖ്യാപനമിറക്കി. ”തീര്‍ന്നിട്ടില്ല സെലിബ്രേഷന്‍. ഓരോരുത്തരും തിരുമധുരം പങ്കുപറ്റിയ ശേഷമേ റെക്കോഡിങ്ങിലേക്കുപ്രവേശിക്കൂ.”
കേട്ടമാത്രയില്‍ അബദ്ധം പിണഞ്ഞപോലെ സംവിധായകന്റെ ഉള്ള എന്‍ര്‍ജിയുടെയും ഫീസുപോയി. മുഹൂര്‍ത്തം കുറിച്ച റെക്കോഡിങ്ങിനു ഭംഗം നേരിടുമെന്ന ആശങ്ക അസ്ഥാനത്തല്ല. കേക്കു വാങ്ങികൊണ്ടുവരണം. മുറിച്ച് ആഘോഷം ആര്‍ഭാടമായി കൊണ്ടാടിയാല്‍ സമയം ചില്ലറയല്ല പാഴാകുക. അരദിവസം പോകും. അനാവശ്യമായ സ്റ്റുഡിയോ ചെലവ് പെഡലിക്കു വീഴും. ബപ്പി സാഹബ്ബിന്റെ ഓഡറു തെറ്റിച്ചാല്‍ പിശുക്കെന്നു ധരിച്ച് പിണങ്ങി ഇറങ്ങിപ്പോകാനും മതി. അതോടെ എല്ലാ സ്വപ്‌നങ്ങളും മുടങ്ങിയെന്നും വരാം.
മേനോന്‍ വീര്‍പ്പുമുട്ടി. നിര്‍മ്മിതാവു കൂടിയായ സംവിധായകന്‍ സ്വാഭാവികമായും ഉഷ്ണിച്ചു വിയര്‍ക്കും. സ്വയം സ്മാര്‍ട്ടാകാന്‍ കുരുത്തക്കേട് കാട്ടി ചതിവിലായപോലെ മേനോന്റെ ഇരുട്ടടി കിട്ടിയ മുഖം ഞെളുങ്ങി. രക്ഷിക്കാന്‍ ഇഷ്ട ദൈവങ്ങളെ വിളിച്ചു കാണും. ദൈവം പ്രാര്‍ത്ഥന തത്സമയം കേള്‍ക്കുക തന്നെ ചെയ്തു.
ശരിക്കും ഒരു മാന്ത്രികന്റെ കൗശലത്തില്‍ ബപ്പി സാഹബ്ബ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പോക്കറ്റില്‍നിന്നും ഏടുത്ത കാഡ്ബറി മില്‍ക്കി ബാര്‍ ഉയര്‍ത്തികാട്ടി. ഒപ്പം സില്‍ക്കു കവര്‍ ലേശം പൊട്ടിച്ചുനീക്കി. വിരലറ്റംകൊണ്ട് അടയാളം വച്ചു. ബര്‍ത്തഡേ ബോയ്‌ക്കുള്ള കഷണം. ഈയുള്ളവന്‍ ധര്‍മ്മസങ്കടത്തിലായി. നിര്‍ദ്ദേശിച്ച ചെറിയ ഒരു കടി. മധുരം സുലഭം. ചുണ്ടു നുഴഞ്ഞതും പടക്കം പൊട്ടുന്ന ഒച്ചയില്‍ ”ഹാപ്പി ബര്‍ത്ത്ഡേ ടു യു ഡിയര്‍…” എല്ലാവരും ക്ലാപ്പടിച്ചു. ഒരുമിച്ചേറ്റുപാടി. ശേഷം ബപ്പിയുടെ അടുത്ത വിളംബരം വന്നു. ”എല്ലാവര്‍ക്കും സേവിക്കാന്‍ പാകത്തിനു ഇതില്‍ മധുരം ബാക്കിയുണ്ട്.” ആളെണ്ണി സമവീതം നുള്ളി വീതിച്ചു. ശിഷ്ടഭാഗം വായിലിട്ടു. സ്വയം സംതൃപ്തനായി.
നിറയെ മോതിരവും ബ്രേസ്ലെറ്റുമണിഞ്ഞ കൈ തട്ടിക്കുടഞ്ഞു. ഉള്ളതുകൊണ്ടോണം പോലെ സല്‍ക്കരിച്ചെന്നു സാരം. ”ചലോ റെക്കോഡിങ്.” ബപ്പി സാഹബ്ബ് അകത്തേക്ക് ക്ഷണിച്ചു.
അതിനുശേഷം മൂന്നു പ്രാവശ്യം പലയിടങ്ങളില്‍ ബപ്പി ലാഹിരിയെ കാണാന്‍ അവസരം ലഭിച്ചു. അപ്പോഴെല്ലാം അപാര ഓര്‍മ്മശക്തിയോടെ ബര്‍ത്ത്ഡേ ബോയ് എന്ന കുസൃതി പേരു വിളിച്ചാണ് അഭിസംബോധന ചെയ്തത്. ഒറ്റയടിക്ക് അടുപ്പം അനുഗ്രഹമാക്കുന്ന കലാവിരുത്!
ബപ്പി ലാഹിരിയുടെ ഇത്തരം അവസരോചിതമായ ഇടപെടലുകളാകണം കലാവാസനയിലും സമയാസമയം തിളങ്ങിയത്. ഡിസ്‌ക്കോ ഡാന്‍സറിലേയും നമക് ഹലാലിലേയും വിദ്യുത്ചടുലമായ പാട്ടുകള്‍ ഹിന്ദിക്കാരെ മാത്രമല്ല ആകര്‍ഷിച്ചത്. ഭാരതീയരുടേയും പാ
ശ്ചാത്യരുടെയും സംഗീത സാമ്രാട്ടായി ചിരകാലം കോട്ടം തട്ടാതെ വാണു. ഡിസ്‌ക്കോ ഡാന്‍സര്‍ എന്ന ചിത്രത്തില്‍ ബപ്പി സാഹബ്ബ് സംഗീതം നല്‍കിയ പാട്ടുകള്‍ നിശാ ക്ലബ്ബുകളില്‍ ശബ്ദായമാനമായ സംഗീത തരംഗമുളവാക്കി. മഹാനഗരങ്ങളുടെ സന്ധ്യയില്‍ ഉല്ലാസ ശൈലിയായി റോക്ക് ഡാന്‍സ് ഫ്‌ളോറുകള്‍!
നാനാഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിലായി അയ്യായിരം ഗാനങ്ങള്‍ക്ക് സംഗീതമേകി ഗിന്നസ് റെക്കോഡിലെത്തി. 1997 ല്‍ ഇറങ്ങിയ മലയാള സിനിമ ദി ഗുഡ്ബോയ്സിലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കും ഈണമിട്ടു. മറ്റൊരു മലയാള ചിത്രം 2014 ല്‍ റിലീസ് ചെയ്ത പാണ്ഡവപുരാണം. ടൈഗര്‍ ഷെറാഫ് നായകനായ 2022-ലെ ഭാഗി 3 ആയിരുന്നു ബപ്പി ലാഹിരി സംഗീതമേകിയ അവസാന ചലച്ചിത്രം. അതേവര്‍ഷം ഫെബ്രുവരി 15-ന് ലോകത്തോട് വിടപറഞ്ഞു!
”ചല്‍ത്തേ ചല്‍ത്തേ മേരാ യേ ഗീത് ദേക്‌നാ… കബി അല്‍വിദനാ കഹനാ…” കിഷോര്‍ കുമാറിനുവേണ്ടി നല്‍കിയ ബ്രേക്ക്! സംഗീതപ്രേമികള്‍ ഇന്നും ബപ്പി ലഹരിക്കുള്ള ആദരവായി ഈ വരികള്‍ പാടുന്നു. സംഗീത മാന്ത്രികന്‍ കണ്ണീര്‍ വാര്‍ക്കാതെ കൈവീശി വിടവാങ്ങുകയും ചെയ്യുന്നു.
ജീവിതരേഖ
പശ്ചിമബംഗാളില്‍ പാട്ടുകാരായ മാതാപിതാക്കളുടെ മകനായി 1952 ല്‍ ജനനം. മൂന്നാമത്തെ വയസ്സ് മുതല്‍ തബല വായിക്കാന്‍ പഠിച്ചു. നന്‍ഹ ശിക്കാരി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. സവിശേഷമായ നൃത്തച്ചുവടുകളിലൂടെ ലോകമെമ്പാടും അറിയപ്പെട്ടു. ബോളിവുഡിലെ ഒരിക്കലും മറക്കാത്ത നിരവധി പ്രണയഗാനങ്ങളുടെ ശില്പി. ജനപ്രിയ ബംഗാളി- തെലുങ്ക് ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. ഒരു വര്‍ഷം 180 ലേറെ ചിത്രങ്ങള്‍ക്ക്
സംഗീതം ഒരുക്കി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി . വിഖ്യാത ഗായകന്‍ കിഷോര്‍കുമാര്‍ അമ്മ വഴി അമ്മാവനാണ്. ചെറുമകന്‍ സ്വസ്തിക് ലാഹിരിയും പാട്ടുകാരന്‍ .
കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ 2022 ല്‍ അന്തരിച്ചു.
10 ഹിറ്റ് ഗാനങ്ങള്‍
ചല്‍ത്തേ ചല്‍ത്തേ യേ മേരാ
ഗീത്- ചല്‍ത്തേ ചല്‍ത്തേ
രാത് ബാക്കി ബാത്ത് ബാക്കി-ഷരാബ്
ഇന്‍തെഹ ഹോ ഗയി-ഇന്‍തെഹ
തോഡി സി ജോ പി ലി ഹെ-ഷരാബി
കിസി നസര്‍ കോ തേരാ- അയ്ത്ബാര്‍
കോയി യഹ ആഹ നാചെ
നാചെ-ഡിസ്‌കോ ഡാന്‍സര്‍
ഹം കോ ആജ് ആജ് കല്‍
ഹെ-സൈലാബ്
ഇന്‍താ ഹെ ജിയാ മേരാ-സക്മീ
ബംബയ് സെ ആയാ
മേരി ദോസ്ത്-ആപ് കി കഹാതിര്‍
തുമ്മ തുമ്മ ലോഗെ-താനെദാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: