India

ന്യൂദൽഹി സ്റ്റേഷനിലെ അപകടം ; ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ : മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം

ഗുരുതമായി പരുക്കേറ്റവ‍ർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും

Published by

ന്യൂദൽഹി: തിക്കുംതിരക്കും മൂലം ന്യൂദല്‍ഹി റെയിൽവെ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതമായി പരുക്കേറ്റവ‍ർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. 11 സ്ത്രീകളും നാല് കുട്ടികളുൾപ്പെടെ 18 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഹാകുംഭമേളയ്‌ക്കായി പ്രയാഗ് രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തിൽപെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേർ അബോധവസ്ഥയിലായി, തിരക്കിലമർന്ന് വീണ് ഒട്ടേറെ പേർക്ക് പരിക്കേറ്റു. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.

ദൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by