സൂപ്പര്‍ താരരാജാക്കന്മാരേ, സിനിമ ഒരു സംഘഗാനമാണ്. അത് ആര്‍ക്കും ഒറ്റയ്ക്ക് പാടാന്‍ കഴിയില്ല. അത് മറക്കരുത്. പ്രേക്ഷകര്‍ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്. സിനിമാ വ്യവസായത്തില്‍ നിര്‍മാതാവിന് ഒഴികെ ആര്‍ക്കും ഇന്നുവരെ നഷ്ടം വന്നിട്ടില്ല. സിനിമാ വ്യവസായത്തില്‍ പണം മുടക്കി കുത്തുപാളയെടുത്ത നിര്‍മാതാക്കളുടെ കഥകളേറെയാണ്. ഒരിക്കല്‍, എന്റെ സ്നേഹിതന്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, എറണാകുളത്ത്, ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എന്നെ കയറ്റി. സാധാരണ ഗതിയില്‍ ജോണ്‍ പോള്‍ അത്തരം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറാറില്ല. ആ ഹോട്ടലിലെ വിളമ്പുകാരനും കാഷ്യറുമായി ജോണ്‍ കുശലം ചോദിച്ച് സംസാരികുന്നുണ്ടായിരുന്നു. ഭക്ഷിച്ചു കഴിഞ്ഞു വണ്ടിയില്‍ കയറിയപ്പോള്‍ ജോണ്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്ന മനുഷ്യന് മലയാളത്തില്‍ പത്തിലേറെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ എടുത്ത നിര്‍മാതാവാണ്’. പേര് പറഞ്ഞപ്പോള്‍ ഞാനും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട കാര്യം ഓര്‍ത്തു. വിജയിച്ച സിനിമകളെക്കാള്‍ ഏറെ പരാജയപ്പെട്ടു. അവസാനം, ജീവിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ചായക്കട. ആ മനുഷ്യന് ഒടുവില്‍ ചായക്കടയും നിര്‍ത്തി പോയതായും അറിഞ്ഞു.
ഇത്തരം നന്ദികെട്ട കഥകള്‍ നിറഞ്ഞതാണ് സിനിമാ ചരിത്രം. തകരുന്ന നിര്‍മാതാക്കളെ തേടി ചെന്ന് സിനിമ എടുപ്പിച്ചിരുന്ന ഒരേ ഒരു സിനിമാ താരം പ്രേം നസീറാണെന്നു കേട്ടിട്ടുണ്ട്. ഒരു സൂപ്പര്‍ താരവും സ്വയം സൃഷ്ടിയല്ല. നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്, ക്യാമറാമാന്, പാട്ടെഴുത്തുകാരന്, സംഗീത സംവിധായകന്, ഗായകര്‍ എന്നു തുടങ്ങി ഒട്ടനേകം പേര് ഒരുമിച്ചു ചേര്‍ന്നു സൃഷ്ടിച്ചെടുക്കുന്നതാണ് സൂപ്പര്‍ താര പദവി. നടന്റെ കഴിവും ഭാഗ്യവും അതില്‍ ഒരു ഘടകമാണെന്നും മറക്കുന്നില്ല. വലിയ അഭിനയ മികവ് ഇല്ലാതിരുന്ന പ്രേംനസീറായിരുന്നു മൂന്നു പതിറ്റാണ്ടുകാലം മലയാള സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയ സൂപ്പര്‍ താരമെന്നും ഓര്‍ക്കാവുന്നതാണ്. താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാ സിനിമകളും നിരന്തരം വിജയിച്ചുകൊണ്ടിരുന്നപ്പോഴും നിര്‍മാതാവായി സിനിമ എടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചില്ല.
ഇന്ന് അവസ്ഥ മാറി. സൂപ്പര്‍ താരങ്ങള്‍ എല്ലാവരും സിനിമ നിര്‍മ്മാതാക്കളാണ്. സ്വാഭാവികമായും അവര്‍ സിനിമാരംഗത്തെ അതിശക്തരുമായി. സിനിമ വ്യവസായത്തില്‍ ആര് എന്തു ചെയ്യണമെന്നും അവര്‍ നിശ്ചയിച്ചു തുടങ്ങി. അവരോടു പിണങ്ങിയവര്‍ അതിന്റെ തിക്തഫലം അനുഭവിച്ചു. നടന് തിലകന്റെ അനുഭവം ഓര്‍ക്കാവുന്നതാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് അതിമാനുഷ മഹത്വമുണ്ടെന്ന് നിരന്തരം പ്രശംസിച്ചു കൊണ്ടിരിക്കുക എന്നത് മലയാള സിനിമയിലെ നടപ്പുരീതിയാണ്. ചില സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ മഹത്വം പാടി പ്രചരിപ്പിക്കാനായി ഇളമുറ പാണന്മാരേയും നിശ്ചയിച്ചിട്ടുണ്ട്. പല പാണ പ്രശംസകളും ഓക്കാനം വരുത്തുന്നവയുമാണ്. ‘കോഴിബിരിയാണി തിന്നുകൊണ്ട് എന്നെ പ്രശംസിക്കൂ ‘ എന്ന് ഒരു ശ്രീനിവാസന് കഥാപാത്രം പറയുന്നത് ഇന്ന് ഒരു ഫലിതം പോലുമല്ലാതായിരിക്കുന്നു.
ഇതെല്ലാം ഓര്‍ക്കാന്‍ കാരണം നിര്‍മാതാക്കളുടെ സംഘടനയും താര രാജാക്കന്മാരും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധമാണ്. നിര്‍മാതാക്കളുടെ നേതാവ് സുരേഷ് കുമാര്‍ പറയുന്നതില്‍ ചില ശരികള്‍ ഉണ്ട്. ഒന്ന്. സിനിമയില്‍ നഷ്ടം നിര്‍മ്മാതാക്കള്‍ക്ക് മാത്രം. രണ്ട്. മലയാള സിനിമാ കമ്പോളം വളരെ ചെറുതാണ്. അതുകൊണ്ട് വലിയ മുതല്‍ മുടക്കു വരുന്ന ചിത്രങ്ങള്‍ വിപണിയില്‍ പരാജയപ്പെടുന്നു. മൂന്ന്. മലയാളത്തില്‍ നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളില്‍ പത്തു ശതമാനം ചിത്രങ്ങള്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നുള്ളു. നാല്, സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങളും എട്ടു നിലയില്‍ നിരന്തരം പൊട്ടുന്നു. എന്നിട്ടും ഈ താരങ്ങള്‍ എല്ലാവരും താങ്ങാനാവാത്ത പ്രതിഫലം ചോദിക്കുന്നു. സിനിമയുടെ നിര്‍മാണ ചെലവ് കുറയ്ക്കാനായി എല്ലാവരും സഹകരിക്കണം.
ഇതിനെതിരെ നടന്മാര്ക്ക് അവരുടെ ന്യായീകരണമുണ്ട്. ഒന്ന്. തങ്ങളെ വെച്ച് പടമെടുക്കുന്നവര് തങ്ങളോടുള്ള ദയാവായ്പുകൊണ്ടല്ല തങ്ങളുടെ വിപണി മൂല്യത്തെ മുന്‍നിര്‍ത്തിയാണ് അങ്ങനെ ചെയ്യുന്നത്. രണ്ട്. കൂടുതല്‍ വിപണി മൂല്യമുള്ള താരത്തെവെച്ചു പടമെടുത്തു എളപ്പത്തില് കൂടുതല്‍ പണം നേടലാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. സിനിമയിലെ ലാഭം അവര്‍ ആരുമായും പങ്കുവയ്ക്കാറില്ല. സ്വാഭാവികമായും നഷ്ടവും അവര്‍ തന്നെ സഹിക്കണം. മൂന്ന്. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ കൂലി നിശ്ചയിക്കാന്‍ തങ്ങള്‍ക്കാണ് അവകാശം. ആ തുകയ്ക്ക് സമ്മതമല്ല എങ്കില്‍ ആ നടനെ ഉപേക്ഷിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തങ്ങളുടെ വേലയുടെ കൂലി നിശ്ചയിക്കാന്‍ അന്യനെ ചുമതലപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല. നാല്. സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനെ കുറിച്ചു വേവലാതിപ്പെടുന്നവര്‍ അവര്‍ക്ക് കിട്ടിയ കോടി ക്കണക്കിന് ലാഭവിഹിതത്തില്‍ എത്ര തുക ഈ വ്യവസായത്തിന്റെ നിലനില്പിനായി മാറ്റിവെച്ചു എന്നു കൂടി പറയുന്നത് നന്നായിരിക്കും.
ശരിയാണ്; സിനിമ കലയെക്കാള്‍ ഉപരി കച്ചവടമാണ്. കച്ചവടത്തില്‍ ലാഭനഷ്ടങ്ങള്‍ സ്വാഭാവികം. മലയാള സിനിമയുടെ ചരിത്രം നോക്കിയാല്‍, നടന്മാരെക്കാളും സംവിധായകരെക്കാളും സാങ്കേതിക വിദഗ്ധരെക്കാളും പ്രതിഭാവിലാസം സംഗീത സംവിധായകരിലും ഗായകരിലുമാണ് കാണാന്‍ കഴിയുന്നത് എന്നത് വസ്തുതയാണ്. നീലക്കുയില്‍ എന്ന സിനിമയില്‍ ഇന്നും നിലനില്‍ക്കുന്നത് കെ. രാഘവന്റെ സംഗീതവും പി. ഭാസ്കരന്റെ ഗാനങ്ങളും അവയെല്ലാം പാടിയ പാട്ടുകാരുമാണ് എന്നതാണ് വസ്തുത. ബാബുരാജ്, ജി. ദേവരാജന്‍, ദക്ഷിണാ മൂര്‍ത്തി, എം.കെ.അര്ജുനന് എന്നിവരുടെ പ്രതിഭാവിലാസം നല്കിയ സംഗീതവും വയലാര്‍ രാമവര്‍മ്മ, ശ്രീകുമാരന്‍ തമ്പി, ഒ എന്‍ വി കുറുപ്പ്, യൂസഫലി കേച്ചേരി, പൂവ്വച്ചല്‍ ഖാദര്‍ എന്നു തുടങ്ങിയവരുടെ കാവ്യരസം തുളുമ്പുന്ന ഗാനങ്ങളും യേശുദാസ്, ജയചന്ദ്രന്, ബ്രഹ്മാനന്ദന്, എ.പി. ഉദയഭാനു, എസ്. ജാനകി, പി. സുശീല, മാധുരി തുടങ്ങിയരുടെ ശബ്ദ സൗകുമാര്യവും ഉള്‍ചേര്‍ന്ന സംഗീത ലോകം തന്നെയാണ് ആദ്യകാല സിനിമകളില്‍ ഇന്നും അവശേഷിക്കുന്നത്.
നടന്റെ കഴിവിനെ ചെറുതാക്കി കാണാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ഭാവനാസമ്പന്നനായ ഒരു തിരക്കഥാകൃത്തിന്റെ പ്രതിഭ രൂപം നല്കുന്ന കരുത്തുറ്റ കഥാപാത്രമില്ലെങ്കില്‍ ഒരു നടനും ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ, സിനിമയില്‍ തിരക്കഥാകാരന് ജന്മം നല്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് ലഭിക്കുന്നതിനേക്കാള്‍ പത്തിലൊന്നു പ്രതിഫലം പോലും തിരക്കഥാകൃത്തിന് നല്‍കുന്നില്ല എന്നും ഓര്‍ക്കണം. ഒരു സിനിമയുടെ മുഴുവന്‍ സംഘര്‍ഷവും സഹിക്കുന്ന സംവിധായകനും ഒരു സൂപ്പര്‍ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ നാലില്‍ ഒന്നു പോലും നല്‍കുന്നില്ല എന്നതും വസ്തുതയാണ്.
നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനും സംഗീത വിഭാഗവും സിനി
മാറ്റോഗ്രാഫിയും ഒത്തുവന്നില്ലെങ്കില്‍ ഒരു താരവും സൂപ്പര്‍ താരവും സിനിമയില്‍ ഉണ്ടാകില്ല. അവരുടെയെല്ലാം തോളിലിരിക്കുന്നതു കൊണ്ടാണ് സൂപ്പര്‍ താരങ്ങള്‍ക്ക് ഇത്രയും തലപ്പൊക്കമുണ്ടാകുന്നത്. അതുകൊണ്ട്, താരപ്പൊലിമയുടെ വിപണി മൂല്യത്തെ കുറിച്ച് വാചാലരാകുന്ന താര പ്രമാണിമാര്‍ ഇക്കാര്യം മറക്കരുത്. സിനിമ ഒരു സംഘഗാനമാണ്. അത് ആര്‍ക്കും ഒറ്റയ്ക്ക് പാടാന്‍ കഴിയില്ല. അത് മറക്കരുത്. ആ സംഘഗാനം ഏറ്റു പാടി അതിനെ നിലനിര്‍ത്തുന്നത് ഇവിടത്തെ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്.
(ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: