കോട്ടയം : ശ്രീനാരായണഗുരുദേവ ഭക്തനും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികനും ധര്‍മ്മ പ്രചാരകനും ഹിന്ദു ഐക്യവേദിയുടെ മുതിര്‍ന്ന നേതാവുമായ കറുകച്ചാല്‍ മാന്തുരുത്തി ആറ്റുകുഴിയില്‍ കെ. എന്‍. രവീന്ദ്രനാഥ് തന്റെ സ്വത്തുക്കള്‍ ഗുരുദേവ കാണിക്കയായി ശിവഗിരി മഠത്തിന് സമര്‍പ്പിക്കുന്നു. വസ്തുവിന്റെ പ്രമാണം 23ന് ചേരുന്ന സമ്മേളനത്തില്‍ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്‌ക്ക് കൈമാറും.
കെ പി ശശികല ടീച്ചര്‍ പ്രസിഡന്റും കുമ്മനം രാജശേഖരന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്നപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. നിലവില്‍ രക്ഷാധികാരി.
കറുകച്ചാല്‍ പൊന്‍കുന്നം റോഡില്‍ നെത്തല്ലൂര്‍ ഏകാത്മതാ കേന്ദ്രത്തിനു സമീപമുള്ള ഇദ്ദേഹത്തിന്റെ ഭവനം നിലവില്‍ ശ്രീനാരായണ ഗുരു പഠന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. വര്‍ക്കല നാരായണ ഗുരുകുലത്തിലെയും ശിവഗിരി മഠത്തിലെയും നിരവധി സന്യാസി ശ്രേഷ്ഠര്‍ ഇവിടെയെത്തി പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും നടത്തുക പതിവാണ്. ഗുരുകുലത്തിലെ തന്മയ സ്വാമി ഇവിടെ പലപ്പോഴും താമസിച്ചായിരുന്നു ക്ലാസുകള്‍ നയിച്ചത്. ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും സമീപകാലത്ത് പഠന കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും, ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും ഉള്‍പ്പെടെയുള്ള പ്രശസ്തരും രവീന്ദ്രനാഥിന്റെ വസതിയില്‍ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്.
ശിവഗിരിയില്‍ ദീര്‍ഘകാലം ഗുരുദേവനെ പരിചരിക്കാനും ശിവഗിരി മഠത്തിലെ ഓഫീസ് കാര്യങ്ങളില്‍ ചുമതല നിര്‍വഹിക്കാനും ഭാഗ്യം സിദ്ധിച്ചയാളുമായിരുന്നു രവീന്ദ്രനാഥിന്റെ പിതാവ് നാരായണന്‍. നാരായണന്‍ ശിവഗിരിയില്‍ കഴിഞ്ഞിരുന്ന കാലത്തു രവീന്ദ്രനാഥിനും ബാല്യത്തില്‍ ശിവഗിരിയുടെ മണ്ണില്‍ ഓടിക്കളിക്കുന്നതിന് അവസരം ലഭിച്ചിരുന്നു. അന്നൊക്കെ പൂജയ്‌ക്ക് ആവശ്യമായ പുഷ്പങ്ങള്‍ ശേഖരിച്ച് ശാരദാമഠത്തിലും മറ്റും നല്‍കാന്‍ തനിക്കായിരുന്നുവെന്ന് നാട്ടുകാരുടെ രവി സാര്‍ സാക്ഷ്യം പറയുന്നു. പിതാവ് നാരായണന്‍ ഗുരുദേവദര്‍ശനം പ്രചരിപ്പിച്ചുകൊണ്ട് ഗുരു മന്ദിരങ്ങളിലും അന്നത്തെ വിവിധ കുടുംബയോഗങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് രവീന്ദ്രനാഥും ഗുരുദേവദര്‍ശനം പ്രചരിപ്പിക്കുന്നതില്‍ ദീര്‍ഘകാലമായി നിലകൊണ്ടു വരുന്നു. മികച്ച ഒരു സംഘാടകന്‍ കൂടിയായ രവീന്ദ്രനാഥ് കറുകച്ചാലിലെ വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനാണ്. എസ്.എന്‍.ഡി.പി ശാഖാ യോഗ കാര്യങ്ങളിലും സജീവമായിരുന്നു.
ഗുരുധര്‍മ്മ പ്രചരണ സഭയുടെ ജില്ലാ ഉപാധ്യക്ഷനായി യൂണിറ്റുകളും മണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിലും ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തുകള്‍ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു. പഠന ക്ലാസുകളില്‍ ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി ക്ലാസുകള്‍ നയിക്കുവാന്‍ രവീന്ദ്രനാഥ് മുന്‍നിരയിലുണ്ട്. വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളും കവിതകളും രചിച്ച് ഒട്ടേറെ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: