ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാർ സിനിമ സമരമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗമായ ആൻറണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു.
ഇതോടെ ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്കൊണ്ട് പൃഥിരാജും ബേസിൽ ജോസഫുമുടക്കമുള്ളവർ എത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്. എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയാണ് ജി സുരേഷ് കുമാർ.
ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാർ പറഞ്ഞു. നടന്മാർ നിർമിക്കുന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇക്കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: