തൃശൂര്‍: കണ്ണന്‍കുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.മദ്യം കഴിക്കുന്നതിനിടെ അളവിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവ സ്ഥലത്തുകിട്ടിയ മദ്യത്തിന്റെ ബില്ലാണ് കേസിന് തുമ്പായത്.
തൃശൂര്‍ കണ്ണംകുളങ്ങരയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കഴിഞ്ഞ 8-ാം തീയതിയാണ് പുരുഷന്റെ നാലു ദിവസം പഴക്കമുളള മൃതദേഹം കിട്ടിയത്.സ്ഥലത്ത നിന്നും കിട്ടിയ ഫോണില്‍ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോള്‍ ചേര്‍പ്പ് വല്ലച്ചിറ സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ചെമ്പൂക്കാവിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാള്‍.എന്നാല്‍ ജീവനൊടുക്കാന്‍ കാരണങ്ങള്‍ ഇല്ല എന്ന ബന്ധുക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞപ്പോഴാണ് പൊലീസ് വിശദ അന്വേഷണം നടത്തിയത്.
കിണറും പരിസരവും അരിച്ചു പെറുക്കിയപ്പോഴാണ് മദ്യം വാങ്ങിയ ബില്ല് കിട്ടിയത്. ഇതിന് പിന്നാലെ പോയ പൊലീസ് മദ്യശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സന്തോഷിന് ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞ് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മദ്യം പങ്കുവയ്ക്കുന്നതില്‍ സന്തോഷും വിനയ് എന്ന ആളും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതിനിടെ വിനയ്, സന്തോഷിനെ കിണറ്റിലേക്ക് തള്ളിയിട്ടു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേര് വീണ്ടും മദ്യം വാങ്ങാന്‍ പോയപ്പോഴായിരു കൊലപാതകം. കഞ്ചാവ് കേസിലെ പ്രതിയാണ് വിനയ്. പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: