Social Trend

‘ബൈസ്റ്റാന്ററും മനുഷ്യരാണ്!’ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്‌റെ ലേഖനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published by

കോട്ടയം: ആശുപത്രികളില്‍ അഡ്മിറ്റാക്കപ്പെട്ട രോഗികള്‍ക്ക് രാത്രി കാവലിരിക്കുന്ന ലക്ഷക്കണക്കായ രോഗീ ബന്ധുവായ മനുഷ്യരോട് ആശുപത്രി അധികൃതര്‍ ചെയ്യുന്നത് കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ് എഴുതിയ ലേഖനം
ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഒട്ടേറെ പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച് എഴുത്തുകാരന്‌റെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സര്‍ക്കാരും ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ ഒരു പോംവഴി കണ്ടെത്തണമെന്നും പലരും ആവശ്യപ്പെട്ടു.

കറിപ്പിലെ കറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍: ‘കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക, ആശുപത്രികളില്‍ അഡ്മിറ്റാക്കപ്പെട്ട രോഗികള്‍ക്ക് രാത്രി കാവലിരിക്കുന്ന ലക്ഷക്കണക്കായ രോഗീ ബന്ധുമനുഷ്യരോട് ആശുപത്രി അധികൃതര്‍ ചെയ്യുന്നത് എന്നാണ്. വളരെ നിശ്ശബ്ദമായി നടക്കുന്ന തിന്മയാണിത്. ഒരു പത്രാധിപര്‍ക്കുള്ള കത്തില്‍ പോലും ആരും പ്രതികരിച്ചു കണ്ടിട്ടില്ല. ബൈസ്റ്റാന്റേഴ്‌സ് എന്നാണ് ഇവരെ വിളിക്കുന്നത്.

അഡ്മിറ്റ് ചെയ്യപ്പെട്ട രോഗിയ്‌ക്ക് 24 മണിക്കൂര്‍ കൂട്ട് കിടക്കാന്‍ വിധിക്കപ്പെട്ട അടുത്ത ബന്ധുക്കളാണിവര്‍. ഐസിയുവിലും വെന്റിലേറ്ററിലും പുറത്തുമുള്ള അനന്തമായ കാത്തിരിപ്പിന് ഒരിക്കലെങ്കിലും വിധേയരായവര്‍ക്ക് ഞാനിത് പറയുമ്പോള്‍ മനസ്സിലാകും .
രാത്രിയിലാണ് ബൈസ്റ്റാന്റേഴ്‌സ് ഏറ്റവും വലിയ പ്രതിസന്ധിയിലാവുന്നത്.രോഗിയുടെ ബന്ധുക്കള്‍ വരാന്തയിലോ കോണിച്ചുവട്ടിലോ ഇരുന്ന് നേരം വെളിപ്പിച്ചു കൊള്ളണം എന്നാണ് ബഹു ഭൂരിഭാഗം ആശുപത്രിക്കാരുടെയും മനോഭാവം. ഈ മനോഭാവത്തിന് പിന്നില്‍ തികഞ്ഞ അപരിഷ്‌കൃതമനസ്സാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചാരിറ്റിയില്‍ ഫോക്കസ് ചെയ്യുന്നു എന്നു പറയുന്ന ഹോസ്പിറ്റലില്‍ പോലും ഇതാണവസ്ഥ. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ അപൂര്‍വ്വം ‘ഫൈവ്സ്റ്റാര്‍ ‘ ഹോസ്പിറ്റലുകളില്‍ ബൈസ്റ്റാന്റേഴ്‌സിന് ഈ സൗകര്യം ലഭ്യമാണ്. ഐസിയുവിനും വെന്റിലേറ്ററിനും മുന്നില്‍ കാത്തിരിക്കുന്ന ബൈസ്റ്റാന്റര്‍ സമൂഹത്തില്‍ പാവപ്പെട്ടവരും ഇടത്തരക്കാരും ഉയര്‍ന്ന ഇടത്തരക്കാരുമൊക്കെ ഉണ്ട്. രാത്രിയില്‍ ദിവസങ്ങളോളം ഇവര്‍ സ്റ്റീല്‍ ബെഞ്ചിലോ കസേരയിലോ ഇരുന്നുറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
സത്യത്തില്‍ ഈ ബൈസ്റ്റാന്റര്‍ക്ക് രാത്രി ഒന്ന് ഉറങ്ങാനും , ആവശ്യം വന്നാല്‍ ആശുപത്രിയധികൃതര്‍ക്ക് മൊബൈല്‍ ഫോണില്‍ ഒന്ന് വിളിച്ചുണര്‍ത്താനുമുള്ള സൗകര്യം ഒരുക്കാന്‍ ആശുപത്രി അധികൃതരുടെ ഹൃദയത്തില്‍ ചെറിയൊരു നന്മമനസ്സ് മാത്രം മതി. ഇതിനൊന്നും വലിയ ചെലവുകള്‍ വേണ്ട എന്നതാണ് വാസ്തവം. പക്ഷേ,ചെയ്യില്ല, ശ്രദ്ധിക്കില്ല. മനുഷ്യരായിട്ട് പരിഗണിക്കാതിരിക്കുകയും ഇക്കൂട്ടര്‍ അങ്ങനെ സുഖിക്കേണ്ട എന്ന ഒരു മട്ട്. കണ്ടിട്ടും കാണാതെ പോകുന്നതിലും ഒരു മനസ്സുഖം ഉണ്ടല്ലോ, നമുക്കൊക്കെ , എവിടെ വെച്ചൊക്കെയോ തോറ്റതിന്റെ പകയാലോ സാമൂഹ്യപരമായ കടമയെപ്പറ്റി രക്ഷകര്‍ത്താക്കള്‍ പഠിപ്പിച്ച് കൊടുക്കാത്തത് കൊണ്ടോ ആവാം, ഈ മനോഭാവം .
പൊതുവെ എന്തെങ്കിലും ചികിത്സയുമായി വരുന്നവരോടുള്ള ആശുപത്രി അധികൃതരുടെ പെരുമാറ്റ ശൈലി മിക്കപ്പോഴും താഴ്ന്ന നിലവാരത്തിലുള്ളതാണെന്നു കാണാം. മനുഷ്യന്‍ ഏറ്റവും നിസ്സഹായനായിരിക്കുന്നിടത്ത് പോലും ഉയരാത്ത മനസ്സ് എത്ര ആഴത്തിലുള്ള കുഴിയിലായിരിക്കും !…..’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts