India

താന്ത്രിക് മാനേജ്‌മെന്റിന്റെ വിജയഗാഥ;ആത്മീയാനുഭൂതി തൊട്ടറിഞ്ഞൊരു യാത്ര!

ചെറിയൊരു സമ്മേളനം നടന്നാല്‍ പോലും മാലിന്യ സംസ്‌ക്കരണം ഉള്‍പ്പെടെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന കേരളമടക്കമുളള വിവിധ സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്ന മികച്ച ഭരണകൂട മാതൃക

Published by

ചെറിയൊരു സമ്മേളനം നടന്നാല്‍ പോലും മാലിന്യ സംസ്‌ക്കരണം ഉള്‍പ്പെടെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന കേരളമടക്കമുളള വിവിധ സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്ന മികച്ച ഭരണകൂട മാതൃക, മാനേജ്‌മെന്റ് സംവിധാനം, അതേ മറ്റൊന്നുമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധനാ മഹോത്സവം, ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയെ കുറിച്ച് തന്നെ. ഏതാനും ദിവസം മുമ്പ് തിക്കിനും തിരക്കിനുമിടയില്‍ ആകസ്മികമായുണ്ടായ അപകടവുമായി ബന്ധപ്പെട്ട ദുഖകരമായ സംഭവം വിസ്മരിച്ചു കൊണ്ടല്ല ഇത്രയും രേഖപ്പെടുത്തുന്നത്. പ്രയാഗ്‌രാജിലെ ദേവ ഭൂമിയിലൂടെ സഞ്ചരിച്ച ലേഖകനെന്നല്ല ഏതൊരാളേയും ഇത്രയും വലിയ ജനസഞ്ചയം എത്തിച്ചേരുന്ന മഹോത്സവത്തെ താന്ത്രിക് മാനേജ്‌മെന്റിലൂടെ ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതി വിസ്മയിപ്പിക്കുന്നതാണ്. ഇതെഴുതി കൊണ്ടിരിക്കുമ്പോഴും ലക്ഷക്കണക്കിന് സനാതന ധര്‍മ്മ വിശ്വാസികള്‍ ജന്മപുണ്യം സുകൃതം തേടി ത്രിവേണി സംഗമ ഭൂമിയിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ മാസം 13ന് ആരംഭിച്ച മഹാ കുംഭമേള ഫിബ്രവരി 27വരെ നീണ്ടു നില്‍ക്കും.

ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന, തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനം, ഭൂതകാല പാപങ്ങളില്‍ നിന്ന് ആത്മാവിനെ ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കും നയിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. രാജ്യത്തെയെന്നല്ല ലോകത്തിലെ തന്നെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് പ്രയാഗ്‌രാജ്. ഹൈന്ദവ വിശ്വാസ പ്രകാരം 12 വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന കുംഭമേളയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്. 144 വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. കോടിക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന മേളയില്‍ ലക്ഷക്കണക്കിന് സന്യാസിമാരും ഋഷിവര്യന്മരുമുള്‍പ്പെടെ പങ്കു ചേരുകയാണ്. 15 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ത്രിവേണി സംഗമ തീരത്ത് കോടിക്കണക്കിന് ഭക്തര്‍ മുങ്ങിക്കുളിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ച്ചയാണ്. വിസ്മയമായി മാറി കഴിഞ്ഞ മേളയിലെ ത്രിവേണി സംഗമ തീരത്ത് സ്‌നാനത്തിനും സാന്നിധ്യം ഉറപ്പിക്കാനും ദിനംപ്രതി ലോകത്തിന്റെ നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തി കൊണ്ടിരിക്കുന്നത്. അതിലൊരാളായി, ദൈവ നിയോഗ പ്രകാരമെന്നേ പറയേണ്ടു, മാധ്യമ പ്രവര്‍ത്തകനായി ലേഖകനും പങ്കാളിയായി. മൂന്ന് ദിവസങ്ങള്‍ പ്രയാഗരാജിന്റെ, ത്രിവേണി സംഗമ ഭൂമിയില്‍ ചുറ്റി കറങ്ങി. മണിക്കൂറുകള്‍ കടന്നു പോയതറിഞ്ഞില്ല. ജീവിതത്തില്‍ ഇന്നോളം അനുഭവപ്പെടാത്ത എന്തെന്നില്ലാത്ത, പറഞ്ഞറിയിക്കാനാവാത്ത ആത്മീയ അനുഭൂതി അനുഭവിച്ചറിഞ്ഞു. ഒരിക്കലും മറക്കാനാവാത്ത അനുഭവം.

ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ സനാതന ധര്‍മ്മം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട മഹാമേള നടക്കുന്ന പ്രയാഗ്‌രാജിലെ ഓരോ അണുവിനും പറയാനേറെയുണ്ട്. അന്തരീക്ഷത്തില്‍ രാപകല്‍ നിലനില്‍ക്കുന്ന കുളിര്‍മ്മ, പ്രയാഗ്‌രാജ് വിമാനത്താവളത്തില്‍ വിമാനമിറങ്ങി പുറത്തേക്ക് വരുമ്പോള്‍ തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അതിഥികളായ ഞങ്ങളെ, മാധ്യമ പ്രവര്‍ത്തകരെ പൂച്ചെണ്ട് നല്‍കി പിഐബിയുടേയും സംസ്ഥാന പിആര്‍ഡി വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. കുംഭമേളയുടെ വരവിന് മുമ്പായി മനോഹരമാക്കിയ ആത്മീയ സൗരഭ്യം തുളുമ്പുന്ന വിമാനത്താവള പരിസരം. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ നേരെ കുംഭമേള നഗരിയുടെ ഹൃദയഭാഗത്തിലൂടെ 24ാാം സെക്ടറിലെ ഉത്തര്‍പ്രദേശ് ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി പടുത്തുയര്‍ത്തിയ ടെന്റ് സിറ്റിയിലെ വില്ലകളിലേക്ക്. യഥാര്‍ത്ഥ വീടുകളെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ അതി മനോഹരമായി തയ്യാറാക്കിയ 30 ഓളം വില്ലകള്‍. കുളിമുറിയും (സദാസമയും ചൂടും, പച്ചവെളളവും പൈപ്പു വഴി ലഭ്യം) ടോയിലറ്റും രണ്ട് കട്ടിലുകളടങ്ങിയ ബെഡ്റൂമും. വെളളം ചൂടാക്കി കുടിക്കാനുളള കെറ്റില്‍, താപനിലനിര്‍ത്താനുളള ഹീറ്റര്‍ തുടങ്ങി ആരേയും അതിശയിപ്പിക്കുന്ന സംവിധാനങ്ങള്‍. പൂമുഖത്ത് കേരളത്തെ അനുസ്മരിപ്പിക്കുന്ന രണ്ട് ചാരുകസേരകള്‍, ടീ പ്പോയി. വില്ലകളോട് ചേര്‍ന്ന് തന്നെ ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഭക്ഷണശാല. കേരളീയ ഭക്ഷണ രീതിയില്‍ ചപ്പാത്തിയും, പൊറോട്ടയും മസാലകറികളും, നെയ്ച്ചോറും മറ്റും. മൂന്ന് ദിവസം രുചികരമായ ഭക്ഷണങ്ങള്‍ വയററിഞ്ഞ് ഭക്ഷിച്ചു.

 

ഏതാണ്ട് വൈകുന്നേരം 4 മണിയോടെ എത്തുന്ന മഞ്ഞ് കണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ ടെന്റ് സിറ്റിയേയും കൊടുംതണുപ്പിലലിയിക്കുന്നു. കിടക്കയും തലയിണയും എന്നു വേണ്ട സര്‍വ്വവും നേര്‍ത്ത മഞ്ഞുകണങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടു. യാത്രാ ക്ഷീണം മാറ്റി ശരീര ശുദ്ധി വരുത്തി. വാഹന മാര്‍ഗ്ഗം സ്നാന ഘട്ടങ്ങളിലൂടെ മലയാളികളായ 5 മാധ്യമ പ്രവര്‍ത്തകരും തമിഴ്നാട്ടുകാരായ 5 പേരും രണ്ട് പിഐബി ഉദ്യോഗസ്ഥരും മുന്നോട്ട് നീങ്ങി. കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച മേള നഗരിയിലൂടെ രാത്രി യാത്ര, ഒപ്പം ചില സ്നാന ഘട്ടങ്ങളിലൂടെയും. രാത്രി ഒമ്പതര മണിയോടെ മുറിയില്‍ തിരിച്ചെത്തിയ ഭക്ഷണ ശേഷം ഷര്‍ട്ടും ബനിയനും സെറ്ററും തൊപ്പിയും നാട്ടില്‍ നിന്നും കൊണ്ടുവന്ന പുതപ്പും ടെന്റിലെ കിടക്കയോടൊപ്പമുളള കിടക്കസമാനമായ പുതപ്പും ഇതെല്ലാം ഉണ്ടായിട്ടും കഠിനകഠോരമായ തണുപ്പ്. അതിജീവനം അസാധ്യമെന്ന പോലെ തോന്നി. എങ്കിലും ടെന്റ് സിറ്റിയുടെ, അതായത് മഴക്കാലത്ത് വെളളം കയറുന്ന ഗംഗാനദിയുടെ കരയില്‍ പടുത്തുയര്‍ത്തിയ മനോഹരമായ ടെന്റില്‍ സുഖനിദ്ര.

റോഡുകളും പാലങ്ങളും ശുചിമുറികളും താമസ സൗകര്യങ്ങളുമെല്ലാമുള്ള പട്ടണമായി നദീതീരത്തെ മാറ്റിയെടുക്കുകയായിരുന്നു മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളിലൂടെ ഭരണകൂടം. മേള നഗരയാകെ ദീപാലങ്കൃതം. പുണ്യ സ്‌നാനം ലക്ഷ്യമാക്കിയെത്തുന്ന ഭക്തര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തി ആകാശത്ത് വട്ടമിട്ട് പറന്ന് ഹെലികോപ്ടറുകള്‍. സന്യാസികളുടെ കൂടാരങ്ങളാണ് കുംഭമേളയ്‌ക്ക് എത്തുന്ന ഭക്തരെ ഏറെ ആകര്‍ഷിക്കുന്ന പ്രധാന ഇടം. രാജ്യത്തെ വിവിധ അഘാഡകളില്‍നിന്നുള്ള സന്യാസികള്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ആശ്രമങ്ങളില്‍ ഭജനയും ആത്മീയ പ്രഭാഷണങ്ങളുമായി സജീവം. അഞ്ചുകാലുള്ള പശുവുമായി വാരാണസിയില്‍നിന്നെത്തിയ സന്യാസി ശ്രേഷ്ഠന്‍ മുതല്‍ വര്‍ഷങ്ങളായി കൈ താഴ്‌ത്താത്ത, വര്‍ഷങ്ങളായി ഒരേ നില്‍പ്പ് തുടരുന്ന, മുള്‍ക്കട്ടിലില്‍ മാത്രം ഉറങ്ങുന്ന, മേലാകെ ഭസ്മം വാരിപ്പൂശി ഭാംഗ് വലിക്കുന്ന തുടങ്ങി ലിംഗാഗ്രത്തില്‍ കൂറ്റന്‍ കരിങ്കല്ലുകള്‍ തൂക്കിയിടുന്ന, പൂര്‍ണ്ണ നഗ്നരായ നാഗ സന്യാസികള്‍ വരെ മേള നഗരയില്‍ കാണാം. ഹിമാലയ സാനുക്കളില്‍ നിന്നും കുംഭമേളയില്‍ ഭാഗബാക്കാവാനായി എത്തിയ ആയിരക്കണക്കിന് സന്യാസിമാര്‍, അവരുടെ ദര്‍ശനം നേടിയും അനുഗ്രഹം തേടിയും ആശ്രമങ്ങള്‍ക്ക് മുന്നില്‍ ഭക്തരുടെ നീണ്ടനിര. കൂടെ മാധ്യമ പ്രവര്‍ത്തകരായ ഞങ്ങളും അനുഗ്രഹങ്ങള്‍ തേടി മുന്നോട്ട്. മേള നഗരിയെത്തിയ രണ്ടാം ദിവസം ഭക്തജന ബാഹുല്യം കാരണം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രദേശം വെഹിക്കല്‍ ഫ്രീ സോണായി പ്രഖ്യാപിക്കപ്പെട്ട വിവരം പുറത്ത് വന്നു. സര്‍ക്കാര്‍, വിഐപി വാഹനങ്ങള്‍ക്കെല്ലാം നിരോധനം.


വിഐപി പരിഗണനയെന്ന പരാതി വ്യാജമാണെന്ന് നേരിട്ട് ബോധ്യപ്പെട്ട സന്ദര്‍ഭം. രാവിലെ 9 മണിയോടെ താമസ സ്ഥലത്ത് നിന്ന് ചെറിയോരു ദൂരം ഇലക്ട്രിക് റിക്ഷയില്‍ (കേരളത്തിലെ റിക്ഷകളില്‍ നിന്നും തീര്‍ത്തും വിത്യസ്തമായവ) കയറി സഞ്ചാരം. പീന്നീടങ്ങോട്ട് മേളയ്‌ക്കായി തയ്യാറാക്കിയ മനോഹരമായ പാലങ്ങളായ പാലങ്ങളിലൂടെ ആയിരങ്ങളിലൊരാളായി നിരനിരയായി അച്ചടക്കത്തോടെ വെയിലിനേ പോലും വകവെയ്‌ക്കാതെ, ഉച്ചഭക്ഷണം പോലും കഴിക്കാതിരുന്നിട്ടും ശാരീരിക ക്ഷീണം ഒട്ടും അനുഭവപ്പെടാതെ മുന്നോട്ട്. മഹാനഗരിയുടെ വലിയൊരു ഭാഗം ഏതാണ്ട് 24 കിലോമീറ്ററോളം നടന്ന് തീര്‍ത്ഥ നന്ദികളുടെ സംഗമക്കരയിലെ ആത്മീയാനുഭൂതി അനുഭവിച്ചറിഞ്ഞു. സന്ധ്യയോടെ താമസ സ്ഥലത്ത് തിരിച്ചെത്തി. ഭക്ഷണവും ചായയും കഴിച്ച് ടെന്റ്‌സിറ്റിയുടെ ശീതളിമയില്‍ ആഗാത നിദ്ര. മൂന്നാം ദിവസമായ പിറ്റേന്നാള്‍ അതിരാവിലെ എഴുന്നേറ്റ് സ്‌നാനഘട്ടിലേക്ക്, തുടര്‍ന്ന് പത്ത് മണിയോടെ സ്‌നാനഘട്ടില്‍ നിന്നും ബോട്ട് യാത്ര. നേരെ ത്രിവേണി സംഗമ സ്‌നാന ഘട്ടില്‍. പ്രത്യേകം തയ്യാറാക്കിയ വെളളത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സ്‌നാനഘട്ടില്‍ ഈശ്വരീയ കര്‍മ്മം, ജീവിതോ സാക്ഷാത്കാരം.

യാത്രയ്‌ക്കിടെ ബോട്ടിന് ചുറ്റും ദേശാടനപ്പക്ഷികള്‍, തീറ്റ കൊടുക്കുമ്പോള്‍ കൂട്ടത്തോടെ യാത്രക്കാരുടെ കൈകുമ്പിളിലേക്ക് പറന്നടുക്കും. ബോട്ടിന് ചുറ്റും വട്ടമിട്ട് പറക്കും. അപൂര്‍വ്വവും മനോഹരവുമായ അനുഭവം. പക്ഷി തീറ്റയുമായി ബോട്ടുകള്‍ക്ക് ചുറ്റും തോണികളില്‍ ചെറുകച്ചവടക്കാര്‍. നൂറുകണക്കിന് തോണികളും ബോട്ടും. ത്രിവേണീ സംഗമത്തിലെ തിരക്കിലലിയുമ്പോഴുളള ആത്മീയനുഭൂതി ആശ്ചര്യകരം. അതേ മഹാകുംഭമേളയുടെ സുകൃതം, ജീവിത പുണ്യം. ഗംഗാനദിക്ക് മുകളില്‍ വര്‍ണക്കാഴ്ചയൊരുക്കുന്ന ഡ്രോണുകള്‍ പുതിയ അനുഭവമായി. കുംഭമേളയുടെ ഐതിഹ്യം, പുരാണങ്ങളിലെ കഥകള്‍, ദേവീദേവന്മാരുടെ മുഖങ്ങള്‍ എന്നിവയെല്ലാം ആകാശത്തു പറന്നുയരുന്ന ഡ്രോണുകള്‍ മനോഹര കാഴ്ചയൊരുക്കി. ഗംഗാ ആരതിയും അഘാഡകളിലെ മന്ത്രോച്ചാരണങ്ങളും സംഗീതസദസ്സുകളും ആകപ്പാടെ ആത്മീയതയുടെ മഹാവലയത്തിലകപ്പെട്ടതു പോലെ. മന്ത്രങ്ങളുടേയും മണിനാദങ്ങളുടേയും അകമ്പടിയോടെ ആത്മീയ ആചാര്യന്മാര്‍ നിറദീപവുമായി ആരതിയുഴിയുന്നു. സാക്ഷിയായി സ്‌നാനഘട്ടുകളിലും ബോട്ടുകളിലും ആയിരങ്ങള്‍. പുലര്‍ച്ചെ കൊടുംതണുപ്പിലും ത്രിവേണിസംഗമത്തിലെ മരവിപ്പിക്കുന്ന ജലത്തില്‍ തീര്‍ഥാടകര്‍ മുങ്ങിനിവരുന്ന കാഴ്ച. തീര്‍ത്ഥാടകര്‍ ആരതി ഉഴിഞ്ഞ ദീപങ്ങളും പൂക്കളും നദിയില്‍ ഒഴുകി നടക്കുന്നതു കാണാം. ചിലര്‍ വീട്ടില്‍ നിന്നുകൊണ്ടു വന്ന കുഞ്ഞന്‍ വിഗ്രഹങ്ങള്‍ നദിയില്‍ മുക്കിയെടുക്കുന്നു. നാഗസന്യാസിമാര്‍ നദിക്കരയില്‍ അഗ്നി കുണ്ഡങ്ങളൊരുക്കി ചുറ്റും ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നു. അടിമുതല്‍ മുടിവരെ ശരീരമാസകലം പൂശിയ ഭസ്മമാകുന്ന വസ്ത്രം ധരിച്ച സന്യാസിമാര്‍. ത്രിവേണി സംഗമ നദിക്കരയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ക്ഷേത്രത്തില്‍ 1100 രുദ്രാക്ഷങ്ങളുള്ള 108 രുദ്രാക്ഷമാലകളണിഞ്ഞ സന്യാസി. ഇങ്ങനെ എത്രയെത്ര കാഴ്ചകള്‍. മനസ്സിന് ആത്മീയതയുടെ അനുഭൂതി നേരിട്ട് ബോധ്യപ്പെട്ട നിമിഷങ്ങള്‍.

 

കുംഭമേള നഗരയായ പ്രയാഗരാജിലെ മറ്റൊരു മഹത്തായ അനുഭവം പത്തേക്കറോളം വിസ്തൃതിയുള്ള നാഗവാസുകിയിലെ ഭാരതീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാഗ്രാമമാണ്. രാജ്യ പൈത്യകത്തിന്റെ നേര്‍ ചിത്രം ഇവിടെ കാണാം. ഭാരതത്തിന്റെ കാലാതീതമായ പാരമ്പര്യങ്ങളും ആധുനിക സര്‍ഗ സൃഷ്ടികളും സംഗമിക്കുന്ന ഇടം. വൈവിധ്യത്തിനും പ്രശസ്തിയ്‌ക്കും പേരുകേട്ട ഒരു രാഷ്‌ട്രത്തിന്റെ ആത്മാവ് തൊട്ടറിയാം. കേന്ദ്ര ഗവണ്‍മെന്റിന്റെ സാംസ്‌കാരി ക മന്ത്രാലയം വിഭാവനം ചെയ്ത് ക്യൂറേറ്റ് ചെയ്ത് കലാഗ്രാമം, കരകൗശല രീതി, പാചകരീതികള്‍, സംസ്‌കാരം എന്നീ മൂന്ന് പ്രമേയങ്ങ ളില്‍ വേരുന്നിയ ഒരു കാവ്യശില്പമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുരാതന കലാരൂപങ്ങള്‍, പ്രാദേശിക പാചക രീതികള്‍, ആകര്‍ഷകമായ കലാ പ്രകടനങ്ങള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ഈ ഊര്‍ജസ്വലമായ സങ്കേതം, ഇന്ത്യയു ടെ സാംസ്‌കാരിക പൈതൃകത്തിന്റെ സമാനതകളില്ലാത്ത അനുഭവം സാക്ഷ്യം. വിസ്മയിപ്പിക്കുന്ന പ്രവേശന കവാടം. 35 അടി വീതിയും 54 അടി ഉയരം. ഭാരതീയ പൈതൃകത്തിന്റെ ദൃശ്യ വിവരണമാണ് ഈ വാസ്തുവിദ്യാ അത്ഭുതം. വിവരിക്കാനേറെ. സാംസ്‌കാരി കലാകാരന്മാരുടെ താള മേളങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മനോഹര ദൃശ്യ-ശ്രവ്യ അനുഭൂതികള്‍ ആസ്വദിച്ച്, കണ്ണിന് കുളിര്‍മ്മയേകുന്ന പ്രദര്‍ശന വസ്തുക്കള്‍ കണ്ട് മടങ്ങാം. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഏഴ് സംന്യാസി അഘാടകളും 3 വൈരാഗി അഘാടകളും 3 ഉദാസീ അഘാടകളും അടങ്ങുന്ന 13 അഘാടകളുടെ മേധാവിമാരായ മഹാമണ്ഡലേശ്വരന്മാരുടെ നേതൃത്വത്തിലാണ് മേളയുടെ ആദ്ധ്യാത്മിക ചുമതല നിര്‍വഹിക്കപ്പെടുന്നത്.

വര്‍ണ്ണ-വര്‍ഗ്ഗ-ജാതി വിത്യാസമില്ലാതെ ഹൈന്ദവസമൂഹം ഒന്നായി മാറുന്ന സനാതന സംസ്‌ക്കാരത്തിന്റെ നേര്‍ കാഴ്ചയായി മഹാകുംഭമേള മാറിയിരിക്കുകയാണ്. മഹാകുംഭമേള നടക്കുന്ന മേള നഗരിയെ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചാണ് യുപി സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചത്.
40 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ 25 ഭാഗങ്ങളായി തിരിച്ച് വികസന-അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കി. വീടുകള്‍, റോഡുകള്‍, വൈദ്യുതി, വെള്ളം, ആശയ വിനിമയ സംവിധാനങ്ങള്‍ എന്നിവ ക്രമീകരിച്ചു. 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്‌നാനഘാട്ടുകളാണ് നദിക്കരയില്‍ തയ്യാറാക്കിയത്. പഴയ 35 ഘാട്ടുകള്‍ പുനര്‍നിര്‍മ്മിച്ചതിനൊപ്പം പുതിയ 9 സ്‌നാന ഘാട്ടുകള്‍ സജ്ജമാക്കി. നദിക്കരയിലൂടെ കിലോമീറ്ററുകള്‍ നീണ്ട പുതിയ റോഡുകള്‍. പ്രതിദിനം പത്തുകോടിയാളുകള്‍ വരെ സ്‌നാനം ചെയ്യാവുന്ന സ്‌നാന ഘട്ടങ്ങള്‍. ഒന്നര ലക്ഷം ടെന്റുകള്‍, ഒന്നര ലക്ഷം ടോയ്‌ലറ്റുകള്‍, മേളനഗരിയില്‍ കാല്‍ലക്ഷം മാലിന്യശേഖരണ ടാങ്കുകള്‍,

നഗരിയുടേയും ഗംഗാനദിയുടേയും വൃത്തി ഉറപ്പാക്കാന്‍ 15,000 ശുചീകരണ ജീവനക്കാര്‍, 160 മാലിന്യ ശേഖരണ വാഹനങ്ങള്‍, 69,000 എല്‍ഇഡി ലൈറ്റുകളും സോളാര്‍ തെരുവ് വിളക്കുകള്‍, മുന്നൂറോളം വാട്ടര്‍ എടിഎമ്മുകള്‍, നഗരിയിലാകെ നാനൂറ്കിലോമീറ്ററോളം റോഡുകള്‍ക്ക് പുറമെ, 30 താല്‍ക്കാലിക പാലങ്ങള്‍, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ അടക്കം അമ്പതിനായിരം പോലീസുകാര്‍, 2700 സിസിടിവി ക്യാമറകള്‍, മുഖം സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്നതിനുള്ള ക്രമീകരണങ്ങള്‍, നിരീക്ഷണ ഡ്രോണുകള്‍, വെള്ളത്തിനടിയിലെ ഡ്രോണുകള്‍, എഐ സംവിധാനത്തോടെ ആള്‍ക്കൂട്ട നിയന്ത്രണത്തിനായി തന്ത്രപ്രധാന സ്ഥലങ്ങളില്‍ നൂറുകണക്കിന് വിദഗ്ധര്‍, സൈബര്‍ സുരക്ഷാ വിദഗ്ധ സംഘം, എല്ലാ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്. കോടിക്കണക്കിന് രൂപയുടെ സുരക്ഷാ സംവിധാനങ്ങള്‍ ടെന്റ് സിറ്റിയിലാകെ ക്രമീകരിച്ചിട്ടുണ്ട്. വലിയ ജലസംഭരണികള്‍ വഴി 35 മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ വീതിയിലും തീപിടുത്തം തടയാനുള്ള ക്രമീകരണങ്ങള്‍, 351 ഫയര്‍ എന്‍ജിനുകള്‍, അമ്പതിലധികം ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍, രണ്ടായിരത്തിലധികം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പ്രകൃതി ദുരന്തങ്ങളെ അടക്കം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍, ഇരുപത് ടണ്‍ വരെ ഭാരമുയര്‍ത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ എന്നിവയും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. 82 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് മഹാകുംഭമേളയുടെ കവറേജിനായി ഇതിനകം പ്രയാഗ്‌രാജില്‍ എത്തിയത്. അതിലൊരാളാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം. 1,800 ഹെക്ടറിലായി ഒന്നേകാല്‍ ലക്ഷം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം. ഇതിനെ താന്ത്രിക് മാനേജ്‌മെന്റ് എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാന്‍. സ്‌നാന പുണ്യം തേടി തിരിച്ചു പോകുന്ന ഓരോരുത്തര്‍ക്കും ഇതു തന്നെ അനുഭവം.


ഒന്നര മാസക്കാലത്തിനിടയില്‍ അമ്പതു കോടിയോളം വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ച് മടങ്ങും. സനാതന ധര്‍മ്മം അടിസ്ഥാനശിലയായിട്ടുളള ഭാരതത്തിന്റെ ആത്മീയ ഔന്നത്യം വിളിച്ചോതുന്ന മഹാമേള, ത്രിവേണീസംഗമ ഭൂമിയില്‍ യോഗി സര്‍ക്കാരിന്റെ താന്ത്രിക് മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെയും ഋഷി വര്യന്മാരുടെ ആധ്യാത്മിക പിന്‍ബലത്തിന്റെയും എല്ലാത്തിലും ഉപരി സര്‍വ്വേശ്വരന്റെ നിശ്ചയ പ്രകാരവും അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ലക്ഷങ്ങള്‍ വന്ന് ആത്മശാന്തി നേടി തിരിച്ചു പോകുമ്പോഴും 25 സെക്ടറുകളായി തിരിച്ചിരിക്കുന്ന ജില്ലയുടെ വലുപ്പമുള്ള കുംഭമേള നഗരി നൂറു ശതമാനം ശ്യചിത്വത്തോടെ നിലകൊള്ളുന്നു. 25 സെക്ടറുകളിലേയും റോഡുകളിലെ പൊടി മുതല്‍ സ്‌നാന ഘട്ടങ്ങള്‍ വരെ ഉളള എല്ലാം ഇടങ്ങളും സദാ സമയവും പരിശുദ്ധം. നമ്മുടെ നാടിന് പിന്തുടരാവുന്ന മികച്ച ഭരണകൂട മാതൃക, മാനേജ്‌മെന്റ് സംവിധാനം. അപാരം., അതുല്യം. മൂന്നാം ദിവസത്തെ അനുഭവങ്ങള്‍ക്ക് ശേഷം മടക്ക യാത്ര. ഉച്ചക്ക് 12 മണിയോടെ പ്രഭാതഭക്ഷണം കഴിച്ച് പ്രയാഗ്രാജ് വിമാനത്താവളത്തിലേക്ക് 2 മണിയോടെ മുംബൈവഴി നാട്ടിലേക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by