Main Article

പ്രകൃതി തന്നെ ഹിന്ദു

പ്രയാഗിലെ മഹാ കുംഭമേളയെക്കുറിച്ച് പാകിസ്ഥാനി പത്രപ്രവര്‍ത്തകനും അഭിഭാഷകനുമായ ഖാലിദ് ഉമര്‍ എഴുതുന്നു

Published by

ഭൂമിയില്‍ മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ സമാഗമമാണ് പ്രയാഗിലെ മഹാകുംഭ മേള. അത് നിര്‍മലാന്ദവും ആത്മീയ നിര്‍വൃതിയുമാണ്.

അവിടെ മൃഗ ബലിയില്ല, രക്തച്ചൊരിച്ചിലുകളില്ല, ഏകരൂപങ്ങളില്ല, അക്രമമില്ല, രാഷ്‌ട്രീയമില്ല, മതപരിവര്‍ത്തനമില്ല, അവാന്തരവിഭാഗങ്ങളില്ല, വേര്‍തിരിക്കലുകളില്ല, വ്യവഹാരങ്ങളില്ല, കച്ചവടമില്ല.

ഇതാണ് ഹിന്ദുമതം

ലോകത്തൊരിടത്തും ഇതുപോലൊരു ഒത്തുചേരലുണ്ടാവില്ല. അത് മതപരമോ, കായികമോ, യുദ്ധമോ, ആഘോഷമോ ആവട്ടെ. അതൊന്നും ഇതുപോലെയല്ല. ഇത് കുംഭമേളയാണ്. ഈ വര്‍ഷമിത് മഹാകുംഭമേളയാണ്. ഓരോ 144 വര്‍ഷം കൂടുമ്പോഴും ആഘോഷിക്കപ്പെടുന്ന മഹാകുംഭ മേള. ലോകം ആദരവോടെയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ നോക്കിക്കാണുന്നത്. 45 ദിവസത്തിനിടയില്‍ 40 കോടി ജനങ്ങള്‍. ആദ്യ ദിനം തന്നെ അമൃതസ്‌നാനം ചെയ്തത് 15 ദശലക്ഷം പേര്‍. 4,000 ഹെക്ടറുകളിലായി 1,50,000 ടെന്റുകള്‍, 3,000 പാചകശാലകള്‍, 1,45,000 ശൗചാലയങ്ങള്‍. 40,000 സുരക്ഷാ ജീവനക്കാര്‍, 2,700 എഐ ക്യാമറകള്‍…ഭാവനാതീതമായ കണക്കുകള്‍. എന്നാല്‍ ഇതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തുന്നത്. ഈ മഹാമേളയുടെ മൂര്‍ത്ത ഭാവമോ, സ്ഥിതിവിവരക്കണക്കുകളോ, ഭൗതികതയോ ഒന്നുമല്ല എന്റെ അത്ഭുതത്തിന്റെ കാരണം. അത് നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുമല്ല. ആകാരത്തെക്കുറിച്ചോ എണ്ണത്തെക്കുറിച്ചോ അല്ല. മനുഷ്യരാശിക്ക് ഈ വിശ്വപ്രപഞ്ചവുമായി ബന്ധപ്പെട്ടുള്ള ജ്ഞാനമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

ജ്യോതിര്‍ ഗോളങ്ങളുടെ വിന്യാസം, സ്ഥാനം, സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ആചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നത് എന്നതാണ് എന്റെ അത്ഭുതത്തിന് കാരണം. പ്രപഞ്ചവുമായുള്ള മനുഷ്യന്റെ ബന്ധത്തേയും അവന്റെ വിധിയിലും ഭാവിയിലുമുള്ള ആത്മീയവും ഭൗതികവുമായ സ്വാധീനത്തേയും ഇത് ദ്യോതിപ്പിക്കുന്നു.

ഇതിനൊരു അധികാര ഘടനയോ മുന്നോട്ടു നയിക്കുന്ന രാഷ്‌ട്രീയ നയമോ ഇല്ല. അടിയുറച്ചൊരു വിശ്വാസമാണിത്. ഇതൊരു സംഘടിത മതത്തെക്കുറിച്ചോ അധികാര ശ്രേണിയെക്കുറിച്ചോ അല്ല.

പ്രപഞ്ചവുമായുള്ള മനുഷ്യകുലത്തിന്റെ ബന്ധത്തെക്കുറിച്ച് ഹിന്ദു ധര്‍മത്തിന് ഗ്രാഹ്യമുണ്ട്. നമ്മുടെ കാല്‍ ചുവട്ടിലെ സസ്യജാലങ്ങള്‍ മുതല്‍ ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെക്കുറിച്ചുവരെയുള്ള ഉന്നതമായ ജ്ഞാനം ഇതിന് തെളിവാണ്. ധ്യാനനിരതരായ സംന്യാസിമാരുടെ ശുദ്ധാവബോധത്തിന് സ്ഥല-കാലങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിച്ചേരാന്‍ സാധിക്കും. അത് എന്നിലും പ്രപഞ്ചത്തിലുമുള്ള മായയുടെ ദ്വന്ദഭാവത്തെ ഭേദിക്കും.

ഭൗതിക ശാസ്ത്രത്തിനുമപ്പുറം

റോക്കറ്റിലേറിയുള്ള ഇന്നത്തെ ശൂന്യാകാശ യാത്ര ഒരു പഴയ സാങ്കേതിക വിദ്യയാണെന്ന് ഞാന്‍ കുരുതുന്നു. നമ്മുടെ സ്ഥൂല ശരീരം നാമല്ല. ശാരീരികമായ അനുഭവമുള്ള ആത്മാക്കളാണ് നാം എന്ന് മനസിലാക്കുന്നതോടെ നമുക്ക് എവിടെയങ്കിലും യാത്ര ചെയ്യേണ്ടിയും വരുന്നില്ല. സര്‍വ്വവ്യാപിയായ അനന്തതയുടെ ഭാഗമാകുന്നു നാം. ദൂരത്തിന്റെയും സമയത്തിന്റെയും അതിര്‍ത്തികള്‍ ഇല്ലാതാകുന്നു. നാംആ ദിവ്യ പ്രഭയുടെ ഭാഗമായ, കാലമില്ലാത്ത,രൂപമില്ലാത്ത ശുദ്ധമായ ആത്മബോധമാകുന്നു,

ഹിമാലയത്തിലേയും ക്വാണ്ടം മെക്കാനിക്‌സിലേയും സാധുക്കള്‍ വിശാലമായ ജ്ഞാന സാഗരത്തില്‍ പുണ്യ സ്‌നാനം ചെയ്യുമ്പോഴുണ്ടാകുന്ന അത്ഭുതമാണിത്. ഹിന്ദുമതം പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നു എന്ന് മാത്രം പറഞ്ഞാല്‍ മതിയാകില്ല. ഇവിടെ ദ്വന്ദാവസ്ഥയില്ല. അത് പ്രകൃതി തന്നെയാണ്. ഒരു ഹിന്ദുവാകുക എന്നാല്‍ ഒരുവന്റെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചുവരിക എന്നതാണ്.

പ്രകൃതി തന്നെ ഹിന്ദു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക