മുംബൈ: അദാനിയെ പ്രോസിക്യൂട്ട് ചെയ്യുക എന്ന ദുഷ്ടലാക്കോടെ യുഎസിലെ ന്യൂയോര്‍ക്ക് കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കുന്ന രീതിയില്‍ ഉത്തരവിട്ട ട്രംപിന്റെ നീക്കത്തെ തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന അദാനി ഓഹരികളുടെ വിലയില്‍ കുതിച്ചുകയറ്റം. അദാനി എന്‍റര്‍പ്രൈസസ് എന്ന മുഖ്യ അദാനി കമ്പനിയുടെ ഓഹരിവില 4.5 ശതമാനം കുതിച്ചു. അദാനി പവര്‍ 4.2 ശതമാനം കുതിച്ച് 511 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 3.4 ശതമാനം ഉയര്‍ന്ന് 985 രൂപയിലെത്തി.
ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമ (എഫ് സി പിഎ) പ്രകാരമാണ് അദാനിയെ യുഎസിലെ ന്യൂയോര്‍ക്ക് കോടതി ശിക്ഷിക്കാനൊരുങ്ങിയത്. എന്നാല്‍ ഈ നിമയപ്രകാരം ആരെയും പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് ട്രംപ് യുഎസ് പ്രസിഡന്‍റ് എന്ന പ്രത്യേക അധികാരം ഉപയോഗിച്ച് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ഇതോടെ അദാനിയെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ല.
ട്രംപിന്റെ നീക്കം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. കാരണം
20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്‍റ് വികസിപ്പിക്കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്. ഇതിന്റെ പേരില്‍ ന്യൂയോര്‍ക്ക് കോടതി ഗൗതം അദാനി, മരുമകന്‍ സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കു പുറമെ, അസൂർ പവർ, സിപിഡിക്യു എന്നീ കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. അദാനിയുടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ യുഎസ് നീതിന്യായവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന വലിയ തലവേദനയാണ് ട്രംപിന്റെ നീക്കത്തോടെ ഒഴിഞ്ഞുകിട്ടിയത്.
അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്നത് അദാനിക്കാണ്. മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് തന്നെ ഡൊണാള്‍ഡ് ട്രംപ് ഇത്തരമൊരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇത്തരം കേസുകളില്‍ (അദാനിയ്‌ക്കെതിരായതുള്‍പ്പെടെ) നടപടികള്‍ നിര്‍ത്തിവെയ്‌ക്കാനും ട്രംപ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ മറ്റു രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് ആ നിയമം എടുത്തുകളഞ്ഞതെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക