Categories: Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

Published by

ഗ്ലാസ്‌ഗോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിനായുള്ള പ്ലേ ഓഫില്‍ ആദ്യപാദം കടന്ന് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍ട്ടിക്കിനെതിരെ അവരുടെ തട്ടകത്തിലായിരുന്നു ബയേണ്‍ വിജയം. അടുത്ത ആഴ്‌ച്ച സ്വന്തം ഗ്രൗണ്ട് അലയന്‍സ് അരീനിയില്‍ രണ്ടാം പാദ മത്സരമുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്നലത്തെ വിജയം.

ആദ്യ പകുതിയില്‍ മിഷേല്‍ ഓലീസെയും(45-ാം മിനിറ്റ്) രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നും ബയേണിന്റെ ഗോളുകള്‍ നേടി. കളി മുന്നേറവെ ഡൈസെന്‍ മയേഡ 79-ാം മിനിറ്റില്‍ സെല്‍ട്ടിക് ഒരു ഗോള്‍ മടക്കിയെങ്കിലും കൂടുതല്‍ ഭീഷണിയൊന്നും ഉണ്ടായില്ല. വമ്പന്‍ ബയേണിനെതിരെ സ്വന്തം തട്ടകത്തില്‍ പൊരുതി നിന്നെങ്കിലും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സ്‌കോട്ട് ടീമിനായില്ല.

പ്ലേ ഓഫിലെ എവേ മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ എസി മിലാന് തിരിച്ചടിയേറ്റു. ഡച്ച് ക്ലബ്ബ് ഫെയ്‌നൂര്‍ദിനോട് പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വിയെന്ന് ആശ്വസിക്കാം. അടുത്തയാഴ്‌ച്ച സ്വന്തം തട്ടകത്തില്‍ രണ്ടാം പാദ മത്സരത്തിലൂടെ തിരിച്ചുവരവിന് അവസരമുണ്ട്. കളിയുടെ തുടക്കത്തിലേ(മൂന്നാം മിനിറ്റ്) ഇഗോര്‍ പായിഷാവോ ആണ് ഗോള്‍ നേടിയത്.

ഫ്രഞ്ച് ക്ലബ്ബ് മോണക്കോയുടെ തോല്‍വി സ്വന്തം തട്ടകത്തിലായിരുന്നു. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ബെന്‍ഫിക്ക സ്‌കോര്‍ ചെയ്തത്. തൊട്ടുപിന്നാലെ മോണക്കോ മിഡ്ഫീല്‍ഡര്‍ അല്‍ മുസ്രാറ്റി രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പുറത്തായത് ആതിഥേയരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. രണ്ടാം പാദ മത്സരം ബെന്‍ഫിക്കയുടെ സ്റ്റേഡിയത്തിലാണ്.

സ്വന്തം തട്ടകമായ ബ്രൂഷിലാണ് ബെല്‍ജിയം ടീം ബ്രൂഗ്ഗെ ഇറ്റലിയില്‍ നിന്നുള്ള അറ്റ്‌ലാന്റയെ കീഴടക്കിയത്. 2-1നായിരുന്നു ബ്രുഗ്ഗെയുടെ വിജയം. അറ്റ്‌ലാന്റയുടെ ഗെവിസ്സ് സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by