Health

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍

Published by

തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളം 30 വയസ് മുതല്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഈ രോഗത്തിന് മുമ്പില്‍ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. നിയമസഭാ വനിതാ എംഎല്‍എമാര്‍ക്കും വനിതാ ജീവനക്കാര്‍ക്കുമുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍
ആളുകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ജനപ്രതിനിധികളുടെ സ്‌ക്രീനിംഗ് സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പലരും അവസാന സ്റ്റേജുകളിലാണ് പരിശോധനയ്‌ക്ക് എത്തുന്നത്. അതിനാല്‍ ചികിത്സയും സങ്കീര്‍ണമാകുന്നു. വലിയ സാമ്പത്തിക ഭാരവുമാകും. ആദ്യം തന്നെ കാന്‍സര്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസവും ബോധ്യവും വളര്‍ത്തിയെടുക്കുന്ന ബിഹേവിയറല്‍ ചേഞ്ചാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by