കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ അനയിടഞ്ഞു. ആനകളുടെ ആക്രമണത്തിലും പരിഭ്രാന്തരായി ചിതറി ഓടിയ ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് മരണം മൂന്നായി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന് എന്നിവരാണ് മരിച്ചത്.
മുപ്പതില്‍ പരം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ശീവേലി നടക്കുന്നതിനിടെ പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. അടുത്തടുത്ത് നിന്ന ആനകളില്‍ ഒന്ന് ആദ്യം ഇടഞ്ഞ് മറ്റേ ആനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ക്ഷേത്രോത്സവ കമ്മിറ്റി ഓഫീസിലേക്ക് കയറിയ ആന കെട്ടിടം തകര്‍ത്തു. ഇവിടെ ഉത്സവ ചടങ്ങുകള്‍ കാണാന്‍ നിറയെ ആളുണ്ടായിരുന്നു. ഇതിന് ശേഷം റോഡിലിറങ്ങിയ ആനകള്‍ മതിലുകളും വാഹനങ്ങളും തകര്‍ത്തു. ഉത്സവത്തിനിടെ വെടി പൊട്ടിച്ചതാണ് ആനകള്‍ വിരളാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
ഇടഞ്ഞ ആനകള്‍ ഒരു കിലോമീറ്ററോളം ഓടിയെങ്കിലും പാപ്പാന്മാര് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തളച്ചു. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളാണ് ഇടഞ്ഞത്. ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: