India

പുതിയ ആദായ നികുതി ബിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ; പൊളിച്ചെഴുതിയത് ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന്റെ സങ്കീര്‍ണതകള്‍

Published by

ന്യൂദൽഹി: പുതിയ ആദായ നികുതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി ധനമന്ത്രി നിർമല സീതാരാമൻ. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ ലളിതമാക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്.

നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത്. പുതിയ നികുതികള്‍ ബില്ലിലില്ല. 1961-ലെ ആദായനികുതി നിയമത്തെ അപേക്ഷിച്ച് 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്. നിലവിലെ ആദായ നികുതി നിയമത്തിന് 298 സെക്ഷനുകളാണ് ഉള്ളത്. പുതിയ ബില്ലില്‍ ഇതിന്റെ എണ്ണം 536 ആകും. 14 ഷെഡ്യൂളുകള്‍ക്കു പകരം 16 ആകും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തും.

നികുതിദായകരുടെ അവകാശങ്ങളും കടമകളും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു പുതിയ വിഭാഗവും പുതിയ ബില്ലിൽ ഉള്‍പ്പെടുന്നുണ്ട്. സങ്കീര്‍ണ്ണമായ നിയമപരമായ പദങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ‘അസസ്‌മെന്റ് ഇയര്‍’ എന്ന പദത്തിന് പകരമായി ‘ടാക്‌സ് ഇയര്‍’ എന്ന പദം അവതരിപ്പിച്ചതും വലിയ മാറ്റമാണ്. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതിയ ബില്ലില്‍ ശ്രമിച്ചിട്ടുണ്ട്.

ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്. ഏഴായിരത്തോളം നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്. വ്യക്തിഗത ആദായ നികുതി, കോര്‍പറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്‌ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളായിരിക്കും. അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ആദായ നികുതി നിയമം എന്നായിരിക്കും നിയമം പ്രാബല്യത്തിൽ വന്നാലും പേര്. സഭ മർച്ച് 10 വരെ പിരിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by