Samskriti

‘അയ്യേ അവളും ചാണകത്തിൽ ചവുട്ടി’; സജീവ SFI പ്രവർത്ത അഖിലാ വിമൽ ‘സന്ന്യാസി’; SFI യുടെ കുന്തമുന സലിൽ ‘മഹാമണ്ഡലേശ്വർ’

Published by

കുംഭമേളയിൽ അലഞ്ഞുനടക്കുമ്പോൾ പലരുമായും പല കാര്യങ്ങൾ സംസാരിച്ചു.
അപ്രതീക്ഷിതമായി പല വിശിഷ്ട വ്യക്തികളേയും കണ്ടു.
നിരഞ്ജിനി അഖാഡയിൽനിന്നും കിന്നർ അഖാഡയിൽനിന്നും ജൂന അഖാഡയിൽനിന്നും ഒരേ കാര്യം ഞങ്ങൾ ആവർത്തിച്ചു കേട്ടു.
കുംഭമേളയിൽ പങ്കെടുക്കാൻ, മേളാ അതോറിറ്റിയും യൂപ്പീ സർക്കാരും എല്ലാ സംസ്ഥാനസർക്കാരുകളേയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നത്രേ.
ഏവരും സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.
മിക്കവരും പങ്കെടുക്കുകയും ചെയ്തു.
എന്നാൽ, കേരളം മാത്രം, ‘ഇതിൽ പങ്കെടുക്കുന്നില്ല’ എന്ന് അറിയിച്ചത്രേ.
എന്തൊരു മണ്ടത്തരമാണ് കാണിക്കുന്നത് എന്ന് നോക്കൂ.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമം നടക്കുന്ന ഇടത്ത് ഞങ്ങളും വരുന്നു എന്ന് പറയുന്നതിന് പകരം,
ഇത് പ്രാകൃതമാണ് മുണ്ടും തുണിയുമില്ലാത്ത സന്ന്യാസിമാരുടെ ശരീര പ്രദർശനമാണ് എന്നൊക്കെ പറഞ്ഞു പറഞ്ഞ്, പാളയത്തിലെ ചങ്ങാതികളെ വരെ വെറുപ്പിച്ച രാഷ്‌ട്രീയ ബോധം കേമം എന്നേ പറയാനുള്ളൂ.
(നഗ്നതയേക്കുറിച്ച് പറയാത്തത് അതിനേപ്പറ്റി വിശദമായി ഒരിക്കൽ എഴുതിയതുകൊണ്ടാണ്.)
ഞാൻ മേളയിൽ പതിനഞ്ച് ദിവസം താമസിച്ചത് സെക്ടർ പന്ത്രണ്ടിലെ , ജൂനാ അഖാഡ ഒരുക്കിയ ടെൻ്റിലാണ്.
അവിടെ വന്ന ആയിരത്തോളം പേരെ പരിചയപ്പെട്ടവരിൽ പതിനഞ്ച് പേർ ബീജെപ്പി ഏബീവീപി ആർഎസ്എസ്
സേവാഭാരതി ബന്ധമുള്ളവരായിരുന്നു.
മൂന്നു പേർ കോൺഗ്രസ്സ് പ്രവർത്തകരായിരുന്നു.
ബാക്കി ഞാൻ പരിചയപ്പെട്ട എല്ലാവരും മുൻ ഇടതു പ്രവർത്തകരായിരുന്നു.
‘എന്തൊക്കെ കുറ്റം പറഞ്ഞാലും ഒടുവിൽ എത്തിച്ചേരുന്ന ഇടം’ എന്ന്, പൊട്ടിച്ചിരിയോടെയും ഇളംചിരിയോടെയും പറഞ്ഞവർ.
സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന കുംഭമേളയ്‌ക്ക് വന്നു താമസിച്ചത് ഈ ടെൻ്റിലാണ്.
എഴുത്തുകാരനായ കെ എൻ ഷാജി മേളയ്‌ക്ക് വന്നിരുന്നു.
കേരളാപോലീസിലെ ഏറ്റവും ഉയർന്ന ഓഫീസർമാരും ഐ ടി വിദഗ്‌ദ്ധരും വന്നുപോയി.
ഞാൻ നേരിൽ കണ്ടതു മാത്രമാണ് ഇവിടെ പറയുന്നത്.
വിദേശത്തുനിന്നും ഫ്ലൈറ്റിൽ വന്ന്, മേളയിൽ പങ്കെടുത്ത്, തിരിച്ച്, വിദേശത്തേയ്‌ക്കുതന്നെ തിരിച്ചുപോയവർ ഏറെ !
എന്തിനാണധികം.
കേരളകലാമണ്ഡലത്തിൽനിന്നും നൃത്തം പഠിച്ച, ഇടത് കൊടികുത്തിയ മഹാരാജാസിൽ ഡിഗ്രിയും കഴിഞ്ഞ SFI യുടെ സജീവപ്രവർത്തകയായ അഖിലാവിമൽ സന്ന്യാസിനിയായത് ഏവരും കണ്ടതും കേട്ടതുമാണല്ലോ.
പൂർണ്ണദീക്ഷ നേരത്തേ സ്വീകരിച്ച്, അവന്തികാഭാരതി എന്ന പേര് സ്വീകരിച്ചിരുന്ന
അഖിലാവിമൽ നാഗസന്ന്യാസിമാർക്കുള്ള സംസ്ക്കാര ക്രിയകൾ
പൂർത്തിയാക്കുന്നത് ഈ കുംഭമേളയിൽവെച്ചാണ്.
അഖിലാവിമൽ JNU വിൽ PG യും എം ഫില്ലും പി എച്ച് ഡിയും കഴിഞ്ഞതാണ്.
ഇടതിന്റെ സജീവ പ്രവർത്തകയും ആയിരുന്നു.
ഡൽഹി സെൻ്റ്രൽ കമ്മിറ്റി അംഗവുമായിരുന്നു എന്നാണ് എന്റെ അറിവ്.
അതുകൊണ്ടുമാത്രം കേരളാ സ്‌റ്റേറ്റ് കമ്മിറ്റിയിൽ വരാതിരുന്ന ആൾ.
ഹാർവാർഡിൽ മെല്ലൺ ഫെല്ലോ.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ഫുൾ ബ്രൈറ്റ് ഫെല്ലോ.
ഇത്രയും കഴിവും അറിവും ലോകവിവരവും രാഷ്‌ട്രീയബോധവും ഉള്ള അഖിലാവിമൽ അവന്തികാഭാരതി എന്ന സന്ന്യാസിനിയാവണം എങ്കിൽ, ‘ഈ സനാതനത്തിൽ എന്തോ ഉണ്ട്’ എന്ന് ആലോചിക്കാനുള്ള യുക്തിയെങ്കിലും നമ്മൾ ഉപയോഗിക്കണം.
അഭിനവ ബാലാനന്ദ ഭൈരവൻ എന്ന ; അഖിലയുടെ ഗുരു, ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തിൽ ഒന്ന് തുടക്കം വെച്ചപ്പോഴേക്കും അഖില, അവന്തികാഭാരതിയായി !
സംസ്കൃതം എന്നത് അത്രയേറെ സുന്ദരവും ജ്ഞാന സമ്പുഷ്ടവുമാണ് എന്ന് തിരിച്ചറിയാൻ ഈ ഒരൊറ്റ ഉദാഹരണം മതി ബുദ്ധിയുള്ളവർക്ക്.
ഇനിയും മനസ്സിലായില്ലെങ്കിൽ, കൊടിപിടിച്ച് ജൻമം കളഞ്ഞവർ പറഞ്ഞുകൊണ്ടേ ഇരിക്കുക;
‘അഖില മണ്ടിയാണ്’ എന്ന്.
‘അയ്യേ അവളും ചാണകത്തിൽ ചവുട്ടി’ എന്നു പറഞ്ഞ് അശ്ലീലം വിളമ്പുക.
ഇനി, കേരളത്തിൽനിന്നുള്ള ആദ്യത്തെ  ആയി തിരഞ്ഞെടുത്ത സ്വാമി ആനന്ദവനത്തിന്റെ കാര്യം നോക്കാം. പൂർവ്വാശ്രമകാലത്ത് തൃശ്ശൂരിലെ SFI യുടെ കുന്തമുനയായിരുന്നു സലിൽ എന്ന് പഴയ SFI ക്കാർക്കറിയാം.
കേരളവർമ്മയിൽ രാഷ്‌ട്രീയം മാത്രം പഠിച്ചും പയറ്റിയും നടന്ന കാലം.
മാതൃഭൂമിയിലും പിറവിയിലും ജോലി ചെയ്ത വിശാലപരിചയങ്ങൾ.
ഇടത് വിട്ടിറങ്ങിയപ്പോഴും തീപ്പൊരിയായിത്തന്നെ തുടർന്ന ജീവിതം.
പലരുടെ ജീവിതത്തിലും ഇടപെട്ടു.
പലരേയും പല രീതിയിൽ സഹായിച്ചു.
ആ ഇടതുപക്ഷ തീപ്പൊരിയാണ് ഇന്ന് ദക്ഷിണേന്ത്യയുടെ കാര്യങ്ങൾ നോക്കാനായി മഹാമണ്ഡലേശ്വർ സ്ഥാനത്ത് വന്നിരിക്കുന്ന സ്വാമി ആനന്ദവനം ഭാരതി !
അഖില, അവന്തികാഭാരതിയാവാൻ കാരണമായതുപോലെ സലിൽ, ആനന്ദവനം ആവാനും ഒരു കാരണമുണ്ട്.
അടുത്ത കുറിപ്പിൽ തുടരാം.

ജയരാജ് മിത്ര

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by