വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടന്‍ ഡിസിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചു. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദര്‍ശനം. 12നു വൈകിട്ടോടെ ഫ്രാന്‍സില്‍നിന്നാണു മോദി യുഎസില്‍ എത്തിയത്. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു മോദി പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും ട്രംപിനു മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോകനേതാവാണു മോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, ജപ്പാന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരെയാണു മുന്‍പ് യുഎസ് പ്രസിഡന്റ് സ്വീകരിച്ചത്. വ്യവസായി ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ സമൂഹവുമായും കോര്‍പറേറ്റ് മേധാവികളുമായും ആശയവിനിമയം നടത്തും.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാകും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
വാഷിങ്ങ്ടണിന് അടുത്തുള്ള ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയര്‍ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര് വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: