കണ്ണൂര്‍ :ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 25 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ചൊവ്വ സ്വദേശിനി യുവതിയുടെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
വിവാഹമോചിതയാണ് യുവതി. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെടുന്നത്.തുടര്‍ന്ന് പ്രണയത്തിലായി. യുവതിയോട് സ്വര്‍ണാഭരണങ്ങളുമായി വീട്ടില്‍ നിന്നിങ്ങി വരാന്‍ യുവാവ് ആവശ്യപ്പെടുകയും ചെയ്തു.വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്.എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോലും യുവാവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നില്ല.
യുവാവ് പറഞ്ഞ പ്രകാരം ആദ്യ ഭര്‍ത്താവിലെ കുട്ടിയുമൊത്ത് യുവതി തലശേരി റെയില്‍വേ സ്‌റ്റേഷനിലെത്തി. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യുവതിയോട് കൈയ്യിലുളള സ്വര്‍ണാഭരണം സ്‌റ്റേഷനിലെത്തുന്ന സുഹൃത്തിന് നല്‍കാന്‍ കാമുകനായ യുവാവ് പറഞ്ഞു. യുവതി സ്വര്‍ണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നല്‍കി.
യുവാവിനെ കാണാന്‍ യുവതിയോട് കോഴിക്കോട് പോകാന്‍ പറഞ്ഞ സുഹൃത്ത് വാഹനവും ഏര്‍പ്പാടാക്കി.എന്നാല്‍ കോഴിക്കോട് എത്തിയ യുവതിക്ക് കാമുകനെ കണ്ടെത്താന്‍ ആയില്ല. ഇന്‍സ്റ്റഗ്രാമിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
ഇതോടെ താന്‍ തട്ടിപ്പിനിരയായെന്ന് യുവതി ബന്ധുക്കളെ വിവരം അറിയിച്ചു.തുടര്‍ന്ന് കണ്ണൂരില്‍നിന്ന് ബന്ധുക്കള്‍ കോഴിക്കോട് പോയി യുവതിയെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം ഊര്‍ജിതമാക്കി. തൊപ്പിവച്ച മെറൂണ്‍ നിറത്തിലുളള ഷര്‍ട്ട് ധരിച്ചയാളാണ് യുവതിയുടെ സ്വര്‍ണം തട്ടിയെടുത്തതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. തട്ടിപ്പ് നടന്ന റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: