പാരീസ്: ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രതിരോധം, എയ്റോസ്പേസ്, നിര്‍ണായക സാങ്കേതികവിദ്യകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മിതബുദ്ധി, ലൈഫ് സയന്‍സസ്, ഭക്ഷ്യ ഉല്പാദനം, ആതിഥ്യം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നു.
പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ ഇന്ത്യഫ്രാന്‍സ് സാമ്പത്തിക സഹകരണം വളര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ആഗോള നിക്ഷേപ കേന്ദ്രമായി ഇന്ത്യയുടെ ആകര്ഷണീയതയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. പുതിയ ബജറ്റ് പരിഷ്കാരങ്ങള്‍, ഇന്‍ഷുറന്‍സ് മേഖലയിലെ 100% വിദേശ നിക്ഷേപ അനുമതി, സിവില്‍ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വികസനങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതിരോധം, ഊര്‍ജ്ജം, ഹൈവേ, സിവില്‍ ഏവിയേഷന്‍, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, ഫിന്‍ടെക്, സുസ്ഥിര വികസനം എന്നിവയുടെ സാധ്യതകളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. കൃത്യമായ നയങ്ങള്‍, നവീകരണത്തിനുള്ള പിന്തുണ, പരിഷ്കാരങ്ങള്‍ എന്നിവ ഇന്ത്യയെ ആഗോള ബിസിനസ് കേന്ദ്രമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ കഴിവുകള്‍, പുതിയ ദൗത്യങ്ങള്‍ (എഐ, സെമികണ്ടക്ടര്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ക്രിട്ടിക്കല്‍ മിനറല്‍സ്, ഹൈഡ്രജന്‍) എന്നിവയിലുണ്ടായിട്ടുള്ള ആഗോള ശ്രദ്ധയെ മുന്‍നിര്‍ത്തി ഫ്രഞ്ച് വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്, ഫ്രാന്‍സിന്റെ യൂറോപ്പ് & വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരറ്റ്, ഫ്രാന്‍സിന്റെ സാമ്പത്തിക, ധനകാര്യ, വ്യാവസായിക, ഡിജിറ്റല്‍ വകുപ്പ് മന്ത്രി എറിക് ലോംബാര്ഡ് എന്നിവരും ഫോറത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: